കേരളത്തിൽ വടക്കേ മലബാർ മേഖലയിൽ കോഴിക്കോട് ജില്ലയിൽ വടകര മേമുണ്ടയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ലോകനാർകാവ് ക്ഷേത്രം. ലോകമലയാർകാവ് എന്നതിന്റെ ഒരു ഹ്രസ്വ രൂപമാണ് ലോകനാർകാവ്. മല, ആറ്, കാവ്, എന്നിവകൊണ്ട് നിർമ്മിച്ച ലോകം എന്നതാണ് അർത്ഥം. ക്ഷേത്രത്തിന് ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ദുർഗാദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. കുടിയേറി പാർത്ത ആര്യബ്രാഹ്മണൻമാരാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാപകർ എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിലുള്ള മനോഹരമായ ചുമർചിത്രങ്ങളും തടി ശിൽപങ്ങളും കേരളത്തിൻ്റെ കലാപരമായ പൈതൃകത്തിൻ്റെ ഉദാഹരണങ്ങളാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ വരച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ദേവീദേവന്മാരുടെ മ്യൂറൽ പെയിൻ്റിംഗുകളിൽ പ്രകൃതിദത്തമായ നിറങ്ങൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കേട്ടറിവുകളേക്കാൾ മനോഹരമാണ് ഇവിടുത്തെ കാഴ്ചകൾ.
വടക്കൻ പാട്ടുകളിലൂടെയെല്ലാം ലോകനാർകാവ് എന്ന പേര് നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞതാണ്. കളരികളുടെയും അങ്കക്കുതിപ്പുകളുടെയും കേന്ദ്രമായ കടത്തനാടിന്റെ പാരമ്പര്യത്തോട് ചേർന്നു നിൽക്കുന്നതാണ് ലോകനാർക്കാവ് ഭഗവതി ക്ഷേത്രം. കളരിപ്പയറ്റിലെ ഇതിഹാസ നായകന്മാരുമായും നായികമാരുമായും ലോകനാർകാവ് ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. ആയോധനകലയിലെ അജയ്യനായ തച്ചോളി ഒതേനൻ ലോകനാർകാവിലമ്മയെ ആരാധിച്ചു എന്നാണ് പറയപ്പെടുന്നത്. മയ്യഴിയിലും തുളുനാട്ടിലും പോയി പതിനെട്ടടവും പഠിച്ച ഒതേനന്റെ അങ്ക വിജയങ്ങളുടെ എല്ലാം കാരണം കാവിലമ്മയുടെ അനുഗ്രഹമാണെന്നും വിശ്വസിക്കുന്നു. അതിനാൽ ഇന്നും കളരിപ്പയറ്റിലെ അരങ്ങേറ്റ സമയത്ത് ആയോധന കലാകാരൻമാർ തച്ചോളി ഒതേനന്റെ ആരാധ്യദേവതയായ ലോകനാർകാവിലമ്മയുടെ അനുഗ്രഹാശ്ശിസ്സുകൾ തേടാറുണ്ട്.
മീനമാസത്തിലെ പൂരം ആണ് ഇവിടുത്തെ ഒരു പ്രധാന ഉത്സവം. വളരെ ആഡംബരത്തോടെയും ആർഭാടത്തോടെയും പൂരം നടത്തപ്പെടുന്നു. കൊടിയേറ്റത്തോടെ ആരംഭിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവം ആറാട്ടോടെ സമാപിക്കും. വൃശ്ചിക മാസത്തിൽ 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല വിളക്കു മഹോൽസവവും പ്രസിദ്ധമാണ്. കളരിപ്പയറ്റിനോട് വളരെയധികം സാമ്യമുള്ള ‘തച്ചോളിക്കളി’ എന്നറിയപ്പെടുന്ന ഒരു നാടൻകലാരൂപം ഈ മണ്ഡല വിളക്കു മഹോൽസവ സമയത്ത് നടത്താറുണ്ട്. പൂരക്കളിയെന്നും പറയാറുണ്ടെങ്കിലും മറ്റ് ക്ഷേത്രങ്ങളിലെ പൂരക്കളിയിൽ നിന്നും ഇത് വ്യത്യസ്തമാണ്. നട അടച്ചു കഴിഞ്ഞശേഷമേ കളി തുടങ്ങാവൂ. പൂരമാല ചൊല്ലുമ്പോൾ ദേവിയും ഇതിൽ പങ്കെടുക്കുമെന്നാണ് വിശ്വാസം.
ലോകനാർകാവിലേക്ക് എത്തിച്ചേരേണ്ടത് ഇങ്ങനെയാണ്. വടകരയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് ലോകനാർകാവ് ക്ഷേത്രം നിൽക്കുന്ന മേമുണ്ട. ദേശീയപാത 17 വടകരിലൂടെയാണ് കടന്നുപോകുന്നത്. വടകരയിൽ നിന്ന് സ്വകാര്യ ബസുകൾ മേമുണ്ടയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്.