ചില ആളുകളുടെ കാലുകളില്‍ വീര്‍ത്ത് വളഞ്ഞ് പിരിഞ്ഞ് കിടക്കുന്ന ഞരമ്പുകള്‍ കാണാറില്ലേ? വെരിക്കോസ് വെയിന്‍ എന്ന് വിളിക്കുന്ന രോഗാവസ്ഥയാണിത്. ഒരു പക്ഷെ, ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സ തേടുന്നതും ഈ ആരോഗ്യ പ്രശ്‌നത്തിന് വേണ്ടിയാണ്. വെരിക്കോസ് വെയിന്‍ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമാണ്. ഏറെ നേരമുള്ള നില്‍പും ഇരിപ്പും ഇടയ്ക്ക് ഒഴിവാക്കി കാലുയര്‍ത്തി വച്ച് ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നത് വെരിക്കോസ് വെയിന്‍ വരാതിരിക്കാനും ഫലപ്രദമാണ്.
സിരകള്‍ വികസിച്ച്, ചുരുണ്ട് കാലില്‍ അശുദ്ധരക്തം കെട്ടി നില്‍ക്കുന്നതിനെയാണ് ‘വെരിക്കോസ് വെയിന്‍’ എന്നു വിളിക്കുന്നത്. ഇതോടൊപ്പം കാലില്‍ നീര്, നിറവ്യത്യാസം, ചൊറിച്ചില്‍, ഉണങ്ങാന്‍ താമസമുള്ള വ്രണങ്ങള്‍, രക്തസ്രാവം, കൂടുതല്‍ നേരം നില്‍ക്കാനും നടക്കാനും പ്രയാസവും കാല്‍കഴപ്പും കാലുകള്‍ക്കു വലുപ്പക്കൂടുതല്‍, ഭാരക്കൂടുതല്‍ എന്നിവയും അനുഭവപ്പെടാം.
ചികിത്സ ഏറെനാള്‍ വൈകിയാല്‍ കാല്‍മുട്ട്, കണങ്കാല്‍, പാദം തുടങ്ങിയ സ്ഥലങ്ങളില്‍ വേദനയും അസ്ഥിശോഷണവും അനുഭവപ്പെടാം. മുട്ടിനു താഴെ പുറമേയുള്ള ശല്യങ്ങളാണ് മിക്കവരും പറയാറ്. എന്നാല്‍ പ്രശ്‌നം അരക്കെട്ടില്‍ തുടങ്ങി തുടകളുടെയും കാലുകളുടെയും ഉള്ളിലും പുറമേയുമായി വ്യാപിച്ചു കിടക്കുന്നു. കാലില്‍ നിന്നു മുകളിലേക്കു മാത്രം അശുദ്ധരക്തം പ്രവഹിക്കാന്‍ ക്രമീകരിച്ചിട്ടുള്ള കാഫ്മസില്‍ പമ്പും വാല്‍വുകളും ഇതൊടൊപ്പം തകരാറിലാകും. പ്രായപൂര്‍ത്തിയായ പ്രസവിച്ച സ്ത്രീകളെയാണ് വെരിക്കോസ് വെയിന്‍ പ്രശ്‌നം കൂടുതല്‍ അലട്ടാറ്. ദൈനംദിന പ്രവൃത്തികളില്‍ ഏറെ നേരെ നില്‍ക്കുകയും ഇരിക്കുകയും ചെയ്യേണ്ടി വരുന്നവര്‍ക്ക് രോഗസാധ്യത കൂടുതലാണ്.
പാരമ്പര്യ ഘടകവും പ്രധാനമാണ്. വീനസ് ഡോപ്ലര്‍ പരിശോധനയിലൂടെ പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കാം. വെരിക്കോസ് വെയിന്‍ മാറ്റാന്‍ ഗുളികകളോ ലേപനങ്ങളോ ഫ്രപ്രദമമല്ല. പ്രശ്‌നക്കാരായ വെയിനുകളെ കാലിന്റെ ഭാഗത്തുള്ള മുറിവുകളിലൂടെ വലിച്ചെടുത്തുകളയുന്ന ഓപ്പറേഷന്‍ കാലഹരണപ്പെട്ടിരിക്കുന്നു.
ഓപ്പറേഷന്‍ ഒഴിവാക്കിയുള്ള ലളിതമായ ഏകദിന ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രചാരം. ചിലതരം മരുന്നുകള്‍ കുത്തിവച്ച് വെയിനുകളെ ചുരുക്കിക്കളയുന്ന സ്‌ക്‌ളീറോതെറപ്പി, വെയിനുകള്‍ക്കുള്ളിലേക്ക് ലേസറോ റേഡിയോ ഫ്രീക്വന്‍സി രശ്മികളോ കടത്തി വിട്ട് വെയിനുകളെ വേദനയില്ലതെ ഇല്ലാതാക്കുന്ന അബ്‌ളേഷന്‍ തെറപ്പി എന്നീ ചികിത്സകള്‍ വളരെ ഫലപ്രദവും ആശുപത്രി അഡ്മിഷന്‍ ആവശ്യമില്ലാത്തതുമാണ്.