നവജാത ശിശുക്കളില്‍ മഞ്ഞനിറം കാണുന്നത് സാധാരണമാണ്.എന്നാല്‍ കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാകാം. രക്തത്തില്‍ മഞ്ഞ നിറത്തില്‍ ബിലിറൂബിന്‍ എന്നൊരു പദാര്‍ത്ഥമുണ്ട്. ഇതിന്റെ അളവ് കൂടി ഇത് ചര്‍മത്തിനടിയില്‍ അടിഞ്ഞുകൂടുമ്പോഴാണ് മഞ്ഞനിറം ഉണ്ടാകുന്നത്. കുഞ്ഞുങ്ങളില്‍ ലിവറിന് ബിലിറൂബിനെ അലിയിച്ചു കളയാനുള്ള ശക്തി താരതമ്യേന കുറവാണ്. ഇത് മലത്തിലൂടെ പുറത്തു പോകുകയാണ് പതിവ്. ഇങ്ങനെ പോയില്ലെങ്കില്‍ ബിലിറൂബില്‍ കുടല്‍ ആഗിരണം ചെയ്യുകയും മഞ്ഞപ്പിത്തം ഉണ്ടാവുകയും ചെയ്യും.
കുഞ്ഞിന്റെ ചര്‍മ്മം സാധാരണ ചുവപ്പ് നിറമായിരിക്കുമല്ലോ. കൈവിരല്‍ കൊണ്ട് ഒന്ന് അമര്‍ത്തി വിട്ടാല്‍ കുറച്ചു നേരത്തേക്ക് അവിടം വെള്ള നിറമായിരിക്കും. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇങ്ങനെ പരിശോധിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് ബിലിറൂബിന്‍ എത്രയുണ്ട് എന്ന് ഒരു ഏകദേശ ധാരണ കൈവരും. കാല്‍പാദത്തിന്റെ അടിയില്‍ മഞ്ഞ കാണുന്നുണ്ടെങ്കില്‍ അത്യാവശ്യം കൂടുതലുണ്ട് എന്ന് അനുമാനിക്കാം. രക്ത പരിശോധന ആവശ്യമുണ്ടോ എന്ന് ഇത് വഴി തീരുമാനിക്കാം. രക്ത പരിശോധനയിലൂടെയാണ് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നത്. ബിലിറൂബിന്‍ എത്രയാണ്, കോണ്‍ജുഗേറ്റഡ് ആണോ, ലെവല്‍ കൂടാന്‍ കാരണമെന്ത് എന്നൊക്കെ.
സുരക്ഷിതമായ അളവിലേ ഉള്ളൂ എങ്കില്‍ ഒരു ചികില്‍സയും ആവശ്യമില്ല. അമ്മ നന്നായി ഭക്ഷണം കഴിക്കുകയും കൂടുതല്‍ വെള്ളം കുടിക്കുകയും കുഞ്ഞാവയെ നന്നായി മുലയൂട്ടുകയും വേണം, പ്രസവിച്ച് ആദ്യനാളുകളില്‍ തന്നെ. മഞ്ഞ പരിധി വിടുന്നു എന്നു കണ്ടാല്‍ സാധാരണ നല്‍കുന്നത് ഫോട്ടോതെറാപ്പി (പ്രകാശചികില്‍സ) ആണ്. ഇതിനായി ചൂടുള്ള ലൈറ്റിനു താഴെ കുഞ്ഞിനെ കിടത്തും.കുഞ്ഞിനെ കണ്ണും ഗുഹ്യഭാഗവും മാത്രം മറച്ച് ശരീരത്തില്‍ ബാക്കി മുഴുവന്‍ ഭാഗങ്ങളിലും ഈ പ്രകാശം പതിക്കണം.
ലെവല്‍ കൂടുതലാണെങ്കില്‍ പ്രകാശം വാവയുടെ ശരീരത്തിന്റെ മുകളിലും അടിയിലും ലഭിക്കുന്ന രീതിയിലായിരിക്കും ചികില്‍സ. ഈ ലൈറ്റ് ബിലിറൂബിനെ ലുമിറൂബിന്‍ എന്നൊരു പദാര്‍ത്ഥമാക്കി മാറ്റും. ലിമിറൂബിന്‍ എളുപ്പത്തില്‍ കുഞ്ഞിന്റെ ശരീരം ആഗിരണം ചെയ്യും. ഫൈബര്‍ ഒപ്റ്റിക് പുതപ്പുകള്‍ ഉപയോഗിച്ചും കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം ചികിത്സിക്കാറുണ്ട്. കുഞ്ഞിനെ സൂര്യപ്രകാശം കൊള്ളിച്ചാലും മഞ്ഞനിറം ഇല്ലാതാകും. ഫോട്ടോതെറാപ്പി വഴിയും മഞ്ഞപ്പിത്തം മാറിയില്ലെങ്കില്‍ കുഞ്ഞിന്റെ രക്തം മാറ്റി പകരം രക്തം കയറ്റുകയാണ് പതിവ്.