Food

അവൽ കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത അവൽ ലഡ്ഡു, 10 മിനിറ്റിൽ തയ്യാറാക്കാം

മിക്കവീടുകളിലും അടുക്കളയിൽ പതിവായി കാണുന്ന ഒന്നാണ് അവൽ. അവൽ ഉപയോഗിച്ച് പല തരത്തിലുള്ള വിഭവങ്ങളും നമ്മളുണ്ടാക്കാറുണ്ട്. വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിലനില്‍ക്കുന്ന ഒന്നാണ് അവല്‍. ഇതുകൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

വെള്ള അവൽ
ശർക്കര
തേങ്ങ
കപ്പലണ്ടി
ഏലക്ക പൊടിച്ചത്

തയ്യാറാക്കേണ്ട രീതി

ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പൊടിച്ച ശർക്കര എടുത്ത് ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് എടുക്കുക.  നന്നായി അലിഞ്ഞ് ശർക്കര പാനി തയ്യാറായി കഴിഞ്ഞാൽ തീ ഓഫ് ചെയ്തു മാറ്റി വെക്കാം. ഇനി മറ്റൊരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ള അവൽ ഇട്ട് കൊടുക്കുക. തീ കുറച്ച് വെച്ചു വറുത്തെടുക്കുക. ശേഷം ഇതിലേക്ക് 1/2 കപ്പ് ചിരകിയ തേങ്ങ ചേർക്കുക. ഇനി ഇതെല്ലാം ചേർത്ത് ലോ ടു മീഡിയം തീയിൽ ഇട്ട് ഡ്രൈ റോസ്റ്റ് ചെയ്യുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റി  ഇതൊന്നു സ്പ്രെഡ് ചെയ്ത് കൊടുക്കാം. ഇനി അതേ പാനിൽ ഒരു കപ്പ് കപ്പലണ്ടി ഇട്ട് കൊടുത്ത് ഡ്രൈ റോസ്റ്റ് ചെയ്ത് എടുത്ത് വേറെ പാത്രത്തിലേക്ക് മാറ്റി  തണുക്കാൻ വെക്കണം. അവൽ തണുത്തതിന് ശേഷം ഇതൊന്നു പൊടിച്ചെടുക്കുക.  ഇതുപോലെ തന്നെ കപ്പലണ്ടിയും പൊടിച്ച് എടുത്തു മാറ്റി വെക്കാം. ഇനി ഒരു പാൻ എടുത്ത് ചൂടാക്കി നേരത്തെ ഉണ്ടാക്കി വെച്ച ശർക്കര പാനി അരിച്ചെടുത്ത് അതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം നേരത്തെ പൊടിച്ചു വെച്ച അവൽ ചേർത്ത് കൊടുക്കാം. തീ ലോ ടു മീഡിയത്തിൽ ആക്കണം. ശേഷം ഇത്  കട്ടയാകാതെ നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ഈ സമയം ഇതിലേക്ക് 1/2 ടീസ്പൂൺ ഏലക്ക പൊടി ചേർക്കുക. ഇനി ഇതിലേക്ക് നേരത്തെ പൊടിച്ചുവെച്ച കടല ചേർത്ത് കൊടുക്കാം. ഇളക്കി കൊടുക്കുന്നതിന്  അനുസരിച്ച് ഇത് കട്ടിയായി വരും. ശേഷം തീ ഓഫ്‌ ചെയ്ത്. ചൂട് മാറി കുഴയ്ക്കാൻ പരുവം ആകുമ്പോൾ ഉരുട്ടി എടുക്കുക. ഓരോ ലഡുവിന് മുകളിലും നട്സ് കൂടി വെച്ചാൽ കാണാനും കഴിക്കാനും അടിപൊളി ആയിരിക്കും.