Travel

പൂർവികരുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം ; എടക്കൽ ​ഗുഹയിലേക്ക് പോകാം

പുരാവസ്തു പ്രാധാന്യമുള്ള തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് എടക്കൽ ​ഗുഹകൾ. നമ്മുടെ മുൻഗാമികളെക്കുറിച്ചും അവരുടെ ജീവിതരീതിയെക്കുറിച്ചുമെല്ലാം അറിയാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിച്ചിരിക്കണം. എടക്കൽ എന്നാൽ ‘ഇടയിലുള്ള ഒരു കല്ല്’ എന്നാണ്. ഒരു വലിയ പാറ രണ്ടായി പിളർന്നുണ്ടായ ​ഗുഹകളാണിവ. 8,000 വർഷത്തിലേറെയായി ഈ ​ഗുഹകൾ നിലവിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. നമ്മുടെ പൂർവികരുടെ ജീവിത രീതിയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന വിവരങ്ങളാണ് ഈ ഗുഹകളുടെ ചുവരുകളിൽ കൊത്തിയിട്ടിരിക്കുന്നത്. അമ്പുകുത്തി മലയുടെ മുകളിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. മലമുകളിലേക്കുളള യാത്രയിലുടനീളം കാപ്പിപ്പൂവിന്റെ സുഗന്ധം കൂടെയുണ്ടാവും. ഈ സു​ഗന്ധവും ശ്വസിച്ച് നമ്മൾ നടന്നു കയറുന്നത് ചരിത്രത്തിന്റെ അവശേഷിപ്പുകളിലേക്കാകും. ചരിത്രാതീത കാലത്തെ മൃഗങ്ങളെയും മനുഷ്യരെയും മറ്റ് രൂപങ്ങളെയും ചിത്രീകരിക്കുന്ന പുരാതന ചുമർ കൊത്തുപണികൾ ഇവിടെ കാണാൻ കഴിയും. വിചിത്രമായ ആകൃതിയിലുള്ള രൂപങ്ങൾ, കുരിശുകൾ, ത്രികോണങ്ങൾ, ത്രിശൂലങ്ങൾ എന്നിവ കാണാം. ചതുരങ്ങൾ, നക്ഷത്രങ്ങൾ, ചക്രങ്ങൾ, ചെടികളുടെ രൂപങ്ങൾ, വിവിധ മൃഗങ്ങൾ, മനുഷ്യ രൂപങ്ങൾ. മനുഷ്യരൂപങ്ങളിൽ പലതും തല ഉയർത്തിയും ചിലത് മുഖംമൂടി ധരിച്ചുമാണ് കാണാൻ കഴിയുക, ഈ രൂപങ്ങളെല്ലാം കണ്ണഞ്ചിപ്പിക്കുന്നതും പുരാവസ്തു പ്രാധാന്യമുള്ളതുമാണ്. ഈ ചിത്രങ്ങളുള്ള കൊത്തുപണികൾ കൂടാതെ, തമിഴ് ബ്രാഹ്മി ലിപി ഉൾപ്പെടെയുള്ള പുരാതന ലിഖിതങ്ങളും ഗുഹകളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സന്ദർശകർ കൊത്തുപണികൾക്ക് കേടുപാടുകൾ വരുത്തുന്നത് തടയാൻ ഗുഹയിൽ ഒരു ഇരുമ്പ് റെയിലിംഗ് സ്ഥാപിച്ചിട്ടുണ്ട്.

കുത്തനെയുള്ള മലഞ്ചെരുവിലൂടെ ഗുഹാമുഖത്തേക്കുള്ള നടത്തമാണ് എടക്കൽ ഗുഹകളിലേക്കുള്ള ട്രെക്കിങ്. പ്രവേശന കവാടത്തിൽ, നമ്മെ ഗുഹയിലേക്ക് കൊണ്ടുപോകുന്ന കുത്തനെയുള്ള പടികൾ ഉണ്ട്. ഗുഹകൾ സന്ദർശിക്കാൻ രണ്ട് മൂന്ന് മണിക്കൂർ എങ്കിലും സമയം വേണം. തിങ്കളാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ​ഗുഹ സന്ദർശിക്കാം. കോഴിക്കോട്, സുൽത്താൻ ബത്തേരിയിൽ നിന്ന് അമ്പലവയലിലേക്കുള്ള ബസ് വഴി എടയ്ക്കൽ ​ഗുഹകളിലേക്ക് എത്താം.