ബിഗ് ബോസ് തമിഴ് മത്സരാർഥിയും ഗായികയുമായ ഇസൈവാണിക്കെതിരേ സൈബർ ആക്രമണം. 2018-ൽ പുറത്തിറങ്ങിയ ‘ഐ ആം സോറി അയ്യപ്പാ’ എന്ന ഗാനം ഹിന്ദുവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിക്രമം. സംഭവത്തിൽ, ചെന്നൈ കമ്മിഷണർക്ക് മുമ്പാകെ ഇസൈവാണി പരാതി സമർപ്പിച്ചിട്ടുണ്ട്.
ഗായിക അടുത്തിടെ ഒരു ക്രിസ്ത്യൻ ഭക്തിഗാനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്ന ഗാനം ചൂണ്ടിക്കാട്ടി ഹിന്ദുത്വ ഗ്രൂപ്പുകൾ ഇസൈവാണിക്കെതിരേ സൈബർ ആക്രമണം നടത്തിയത്. ഗായിക ക്രിസ്ത്യാനിയാണെന്നും ഹിന്ദു ദൈവത്തെ ലക്ഷ്യംവെച്ചുള്ള നീക്കമായിരുന്നു ഈ ഗാനമെന്നും ഇവർ ആരോപിക്കുന്നു.
ഗാനത്തെക്കുറിച്ച് തെറ്റിദ്ധാരണപരത്തുന്ന സംഘങ്ങളുടെ ഇപ്പോഴത്തെ ആവശ്യം ഗായികയ്ക്കും പാ. രഞ്ജിത്തിനുമെതിരേ കേസെടുക്കണമെന്നാണ്. ഗായികയുടെ ഫോൺ നമ്പർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങൾ ചിലർ അയക്കുന്നതായും പരാതിയിലുണ്ട്. പാ. രഞ്ജിത്ത് സ്ഥാപിച്ച ജാതിവിരുദ്ധ സംഗീത ബാൻഡായ ദ കാസ്റ്റ്ലെസ് കളക്ടീവാണ് ഗാനം ചിട്ടപ്പെടുത്തിയത്.
STORY HIGHLIGHT: hindu right wing groups harass tamil anti caste singer isaivani