‘വേവുവോളം കാത്താല്‍ ആറുവോളം കാത്തൂടെ…’ എന്ന പഴഞ്ചൊല്ല് വെറുതെ അല്ല. കടുപ്പത്തിലൊരു ചൂടു ചായ കുടിച്ചാണ് നമ്മളില്‍ ഭൂരിഭാഗം പേരും ഒരു ദിവസം ആരംഭിക്കുന്നത്. ചൂടു ചായയുടെ ഇഷ്ടക്കാരാണ് അതിലേറെ പേരും. എന്നാല്‍ അമിത ചൂടോടുകൂടി ചായ കുടിക്കുന്നത് അന്നനാളത്തിലെ കാന്‍സര്‍ സാധ്യത വര്‍ധിപ്പിപ്പിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ചൂടു ചായ നാവിനെ പൊള്ളിക്കാറുള്ള പോലെ തന്നെ അന്നനാളത്തെയും പൊള്ളിക്കാറുണ്ട്. അന്നനാളത്തിൽ ആവര്‍ത്തിച്ച് ചൂടേൽക്കുന്നത് കാന്‍സറിലേക്ക് നയിക്കാം.
നമ്മൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ അന്നനാളത്തിലെ ആവരണം ചൂടു ആഗിരണം ചെയ്യുന്നു. എന്നാല്‍ ഈ ചൂടു അമിതമായാല്‍ അന്നനാളത്തില്‍ ഇത് പോറലേല്‍പ്പിക്കുന്നു. വീണ്ടും വീണ്ടും ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് തുടരുന്നതുമൂലം ഈ പോറല്‍ ഉണങ്ങാതിരിക്കാനും വീക്കമുണ്ടാകാനും കാരണമാകുന്നു. കോശങ്ങള്‍ നശിക്കുന്നതിലൂടെ ഒടുവില്‍ ഈ അവസ്ഥ കാന്‍സറായി പരിണമിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ വിഭാഗം 65 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള പാനീയങ്ങള്‍ കാന്‍സറിന് കാരണമാകാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചൂടുള്ള ഭക്ഷണം അല്ലെങ്കില്‍ പാനീയങ്ങള്‍ കഴിക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ മിനിറ്റ് ആറുന്നത് വരെ കാത്തിരുന്ന ശേഷം കഴിക്കുന്നത് അന്നനാള കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. തിളപ്പിച്ചെടുത്ത ചായ പാനീയം എന്നിവ ചുരുങ്ങിയത് നാല് മിനിറ്റിന് ശേഷമേ കൂടിക്കാവു എന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.
STORY HIGHLIGHT: drinking hot tea may cause cancer