ഇന്ത്യയുടെ ബഹിരാകാശ മേഖലയക്ക് വമ്പന്‍ കുതിപ്പുനല്‍കുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യഘട്ട വിക്ഷേപണം വരുന്ന ജനുവരിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ഡിസംബറില്‍ നടക്കേണ്ട ആദ്യഘട്ട വിക്ഷേപണങ്ങള്‍ സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് മാറ്റുകയായിരുന്നു. ഗഗന്‍യാനു മുന്നോടിയായി ഒരു വനിതാ റോബട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നുണ്ട്. ഈ യന്ത്രവനിതയുടെ പേര് ‘വ്യോമമിത്ര’ എന്നാണ്. ഈ വര്‍ഷംഅവസാന പാദത്തിലായിരിക്കും വ്യോമമിത്രയുമായുള്ള പരീക്ഷണപേടകങ്ങള്‍ ബഹിരാകാശത്തേക്കു പോകുകയെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും തീയതി നീട്ടുകയായിരുന്നു. ജനുവരിയില്‍ രണ്ടാം യാത്രയില്‍ ഇതുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അര്‍ധ മനുഷ്യരൂപമുള്ള ‘ഹ്യൂമനോയിഡ്’ ഗണത്തില്‍ വരുന്ന റോബട്ടാണ് വ്യോമമിത്ര. കാലുകള്‍ ഉപയോഗിച്ച് സഞ്ചരിക്കാനുള്ള കഴിവ് ഈ റോബട്ടിനില്ല. ഗഗന്‍യാന്‍ യാത്ര നടക്കുന്ന പേടകത്തിലെ വിവിധ സൗകര്യങ്ങളുടെ കാര്യക്ഷമത പരിശോധിക്കുക, ഉപകരണങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുക തുടങ്ങിയ പല ജോലികള്‍ വ്യോമമിത്രയ്ക്ക് ചെയ്യാനുണ്ട്. പരീക്ഷണ ദൗത്യത്തിനു ശേഷമുള്ള യഥാര്‍ഥ ദൗത്യത്തിലും വ്യോമമിത്ര പങ്കെടുക്കും. ബഹിരാകാശ സഞ്ചാരികളുമായി കൂട്ടുകൂടി ഒരു സൗഹൃദ അന്തരീക്ഷമൊരുക്കുക എന്ന ദൗത്യവും വ്യോമമിത്രയ്ക്കുണ്ട്.
യാത്രികരുമായി വ്യോമമിത്ര ആശയവിനിമയം നടത്തും യാത്രികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടിയും കൊടുക്കും. യാത്രികരെ ഓരോരുത്തരെയും തിരിച്ചറിയാനുള്ള ശേഷിയും വ്യോമമിത്രയ്ക്കുണ്ട്. ഐഎസ്ആര്‍ഒയുടെ വട്ടിയൂര്‍ക്കാവിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലാണ് വ്യോമമിത്രയെ തയാര്‍ ചെയ്തത്.
ബഹിരാകാശ പരീക്ഷണങ്ങള്‍ക്കായി റോബട്ടുകളെ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. ഇതിനു മുന്‍പ് നാസയും മറ്റു ചില ഏജന്‍സികളും തങ്ങളുടെ ചില ബഹിരാകാശദൗത്യങ്ങളില്‍ റോബട്ടുകളെ വിട്ടിട്ടുണ്ട്. റഷ്യയുടെ ഫെഡോര്‍, ജപ്പാന്റെ കിരോബോ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ഹ്യുമനോയ്ഡ് വിഭാഗത്തില്‍പ്പെട്ട ആദ്യ ബഹിരാകാശ സഹായി ആയി വ്യോമമിത്ര ഗഗന്‍യാനോടെ മാറും. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന 3 പേര്‍ക്കൊപ്പം നാലാമത്തെയാള്‍ എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര.
പേടകത്തിലെ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ സാങ്കേതിക കാര്യങ്ങളില്‍ സഹായിക്കുന്നതിനൊപ്പം സഹയാത്രികര്‍ക്കു മാനസികപിന്തുണ നല്‍കാനുള്ള കഴിവും വ്യോമമിത്ര കൈവരിക്കും. യാത്രികര്‍ക്ക് മാനസിക പിരിമുറുക്കവും മറ്റുമുണ്ടാകുന്ന ഘട്ടത്തില്‍ അതു ലഘൂകരിക്കാനുള്ള നടപടികളും വ്യോമമിത്ര കൈക്കൊള്ളും. ഇംഗ്ലിഷിലും ഹിന്ദിയിലും ഇതിനു സംസാരിക്കാന്‍ കഴിവുണ്ട്. ഒരു വര്‍ഷത്തോളമെടുത്താണു വ്യോമമിത്രയുടെ പ്രാഥമിക രൂപകല്‍പന പൂര്‍ത്തിയാക്കിയത്.