Travel

ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്

ആസാമിലെ ബ്രഹ്മപുത്ര നദിയിലാണ് ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്ര നദിയില്‍ കൊച്ചുകാടുകളും തണ്ണീര്‍ത്തടങ്ങളുമായി മനോഹരകാഴ്ചകളൊരുക്കുന്ന മാജൂലി ദ്വീപാണ് ലോകത്തിലെ ഏറ്റവും വലിയ നദീതടദ്വീപ്. 880 ചതുരശ്ര കിലോമീറ്ററാണ് മാജൂലിയുടെ വിസ്തൃതി, മണ്ണൊലിപ്പുമൂലം ഇത് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. ശക്തമായി ഒഴുകുന്ന ബ്രഹ്മപുത്ര നദി പതിയെ മാജൂലിയെ കാര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്.

2016-ലാണ് ലോകത്തിലെ ഏറ്റവും വലിയ നദീതട ദ്വീപെന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ് മാജൂലിക്ക് സ്വന്തമാകുന്നത്. ഒട്ടേറെ ചെറുദ്വീപുകളുണ്ടിവിടെ. ജോര്‍ഹത് ആണ് അടുത്തുള്ള നഗരം. ജോര്‍ഹതില്‍ നിന്ന് ബ്രഹ്മപുത്ര നദിയിലൂടെ ഒരുമണിക്കൂറിലധികം ഫെറിയില്‍ സഞ്ചരിച്ചാണ് മാജൂലിയിലെത്താനാവുക.

ഭൂകമ്പത്തെത്തുടര്‍ന്ന് മഹാപ്രളയമുണ്ടായതും, അതിന്റെ ഫലമായി, ബ്രഹ്മപുത്രയുടെ ഒരു ഭാഗം തെക്കോട്ട് ഗതിമാറി ഒഴുകി അവശിഷ്ടങ്ങളെല്ലാം അടിഞ്ഞുകൂടി ദ്വീപ് ഉണ്ടായെന്നുമാണ് കരുതപ്പെടുന്നത്. ഇവിടുത്തെ കലയുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളാണ് സത്രങ്ങള്‍. അസമീസ് നാടകങ്ങളും പൗരാണിക കലാരൂപങ്ങളുമെല്ലാം സത്രങ്ങളില്‍ കാണാം.

മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മിഷിങ് ഗോത്രങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരാതനഗോത്രങ്ങളാണ് ഇവിടെ താമസിക്കുന്നത്. 144 ഗ്രാമങ്ങളിലായി 1.6 ലക്ഷമാണ് ജനസംഖ്യ. കൃഷിയാണ് പ്രധാനവരുമാനമാര്‍ഗം. നൂറില്‍ത്തരം വ്യത്യസ്തതരം നെല്ലുകളാണ് ഇവിടെ വിളയുന്നത്. മുള, വാഴ, കരിമ്പ് എന്നിവയും കൃഷിചെയ്യുന്നു. എല്ലാ മഴക്കാലത്തും മാജൂലിയില്‍ വെള്ളപ്പൊക്കമുണ്ടാവും. കരകവിഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര നദിയെ വരുതിയിലാക്കാന്‍ കമ്പുകൊണ്ട് കുത്തിനിര്‍ത്തിയ വീടുകളിലാണ് മാജൂലിക്കാര്‍ താമസിക്കുന്നത്.

Tags: TRAVEL

Latest News