ഭൂരിഭാഗം പച്ചക്കറികളുടെയും തൊലി നീക്കം ചെയ്താണ് നാം കഴിക്കാറുള്ളത്. എന്നാല്‍ ചില പച്ചക്കറികള്‍ തൊലി കളയാതെ കഴിക്കുന്നത് അവയുടെ പോഷകഗുണങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഒന്ന്…
ഉരുളക്കിഴങ്ങാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊതുവെ തൊലികളഞ്ഞശേഷമാണ് ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയിലെ തൊലിയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ഉരുളക്കിഴങ്ങിന്‍റെ തൊലിയില്‍ ഉണ്ട്. അതിനാല്‍ ഇവ തൊലി കളയാതെ തന്നെ ഉപയോഗിക്കാം.
രണ്ട്…
ക്യാരറ്റാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ക്യാരറ്റിന്‍റെ തൊലി. അതിനാല്‍ ഇവ കഴിക്കുന്നതും സുരക്ഷിതമാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
മൂന്ന്…
വെള്ളരിക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുക്കുമ്പറിന്റെ തൊലിയിൽ വിറ്റാമിനുകളും ഫൈബറും ധാരാളമുണ്ട്. അതിനാല്‍ ഇനി ഇവയും തൊലി കളയാതെ തന്നെ ഉപയോഗിക്കാം.
നാല്…
വഴുതനങ്ങയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാസുനിൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റിന്റെ സമ്പന്നമായ ഉറവിടമാണ് വഴുതനങ്ങയുടെ തൊലി. കൂടാതെ ഇവയിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
അഞ്ച്…
ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കത്തിന്‍റെ തൊലിയിലും വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും തൊലി കളയാതെ ഉപയോഗിക്കാം.
ആറ്…
തക്കാളിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയുടെ തൊലിയും കഴിക്കാവുന്നതാണ്.
content highlight: vegetables-that-must-be-consumed-with-their-skin