ഗാസ: മധ്യ ഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 6 കുട്ടികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത് ലഹിയയിൽ ഇന്തൊനീഷ്യൻ ആശുപത്രിയിലും ആക്രമണമുണ്ടായി. നുസെയ്റത്തിലെ ക്യാംപ് മേഖല തകർന്നു തരിപ്പണമായ നിലയിലാണ്. ഗാസയിലെമ്പാടുമായി 60 പേർക്ക് പരുക്കേറ്റു. ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽനിന്ന് 4 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.
തെക്കൻ ലെബനനിൽ സുരക്ഷാഭീഷണി ഉയർത്തിയ ഹിസ്ബുല്ല അംഗത്തെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന അറിയിച്ചു. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി പശ്ചിമേഷ്യയിൽ എത്തിയതിനു പിന്നാലെ, വെടിനിർത്തൽ ചർച്ചകളിൽ വീണ്ടും സജീവമാകാൻ ഖത്തർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതീക്ഷയുണ്ടെന്നും ചർച്ചയിൽ പുരോഗതിയുണ്ടെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു.
യുഎസ്, കാനഡ സർവകലാശാലകൾ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളെ നേരിടാനായി ഇസ്രയേൽ ബന്ധമുള്ള കമ്പനികളിൽനിന്നുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ആശ്രയിക്കുന്നതായി ഇന്നലെ ഇസ്രയേൽ പത്രം റിപ്പോർട്ട് ചെയ്തു. സിറിയയിൽ സംഘർഷം വ്യാപിച്ചതോടെ ലെബനനും ജോർദാനും അതിർത്തികളടച്ച് മുൻകരുതലെടുത്തു. ഗാസയിൽ ഇതുവരെ 44,664 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇന്നലെ 24 മണിക്കൂർ കാലയളവിൽ 52 പേർ കൊല്ലപ്പെട്ടു.