Travel

കാട് വിളിക്കുന്നു… മടങ്ങിവരവ് ആ​ഗ്രഹിക്കാത്ത പാമ്പാടുംചോല യാത്ര

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടും ചോല ദേശീയോദ്യാനം. 2003ൽ ‍ദേശീയോദ്യാനമായി പ്രഖ്യാപിച്ച പാമ്പാടും‍ചോല സംസ്ഥാനത്തെ മറ്റ് പല വന്യജീവി സങ്കേതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെറുതാണ്. എന്നാൽ ഇടുക്കി ജില്ലയിലെ പാമ്പാടും ഷോല വന്യതയാൽ നിബിഡമാണ്. ഓരോ യാത്രയും നല്‍കുന്നത് പുതിയ ഓരോ അനുഭവങ്ങളാണ്. ആ അനുഭവങ്ങളിലൂടെയാണ് നാം ജീവിക്കുക. അത്തരത്തിൽ പാമ്പാടും ചോലയിലൂടെയുള്ള യാത്ര നിങ്ങൾക്ക് എത്ര ആസ്വദിച്ചാലും മതിവരില്ല. വര്‍ഷം മുഴുവനും മഞ്ഞും തണുപ്പുമൊക്കെയായി സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന കാലാവസ്ഥയാണ് ഇവിടുത്തേത്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒട്ടേറെ ജീവികളുടെ ആവാസസ്ഥാനമെന്നതാണ് ഈ ചോലകളുടെ വലിയ സവിശേഷത. പഴനിമലയിലെ ഇടതൂർന്ന ഷോലപുൽമേടുകളുടെ തുടർച്ചയാണ് പാമ്പാടും‍ചോലയും അതിന്റെ ജൈവവ്യവസ്ഥയും. സമുദ്രനിരപ്പിൽ നിന്നും 1600 മുതൽ 2400 അടി വരെ ഉയരമുള്ള പ്രദേശങ്ങളും ഇതിലുണ്ട്. പണ്ടു കാലം മുതൽ ഔഷധസസ്യങ്ങൾക്കും പ്രശസ്തമാണ് പാമ്പാടും‍ചോല.

പുള്ളിപുലി, കാട്ടുനായ്ക്കള്‍ എന്നിവയൊക്കെ പാമ്പാടുംചോലയിൽ ഉണ്ടെങ്കിലും കൂട്ടമായി എത്തുന്ന കാട്ടുപോത്തിന്‍ കൂട്ടങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇവയെ അപകടകരമല്ലാത്ത രീതിയില്‍ വളരെ അടുത്ത് നിന്ന് കാണാനുള്ള അവസരം ഇവിടെ ലഭിക്കാറുണ്ട്. ഇവിടെ ഈ ദേശീയോദ്യാനത്തിനുള്ളില്‍ വന്ന് താമസ്സിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും വനം വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. വംശനാശഭീഷിണി നേരിടുന്ന ബ്രൗണ്‍ പാംസിവറ്റ് ,നീലഗിരി മാർടൻ , കരിങ്കുരങ്ങ് തുടങ്ങി ഒട്ടേറെ അപൂർവ ഇനം മൃഗങ്ങൾ ഇവിടെ കാണപ്പെടുന്നുണ്ട്. ചോല വനത്തിലേക്ക് ട്രെക്കിങ്ങും തടിയിൽ നിർമിച്ച വീടുകളിൽ രാത്രി താമസവുമാണ് ഇവിടെ എടുത്തുപറയേണ്ടത്. ഒരിക്കലെങ്കിലും അത് ആസ്വദിച്ചാൽ പിന്നെ പ്രകൃതിയുടെ മായിക ഭം​ഗിയിൽ ഒരു മടങ്ങിവരവ് നമ്മൾ ആ​ഗ്രഹിച്ചെന്നുംപോലും വരില്ല.

ശീതകാല പച്ചക്കറി വിളകൾക്കു പ്രശസ്തമായ വട്ടവടയും ചിലന്തിയാറും പാമ്പാടും‍ചോലയുടെ സമീപത്തുള്ള കൃഷി ഗ്ര‍ാമങ്ങളാണ്.പാമ്പാടും ചോല വനത്തിനുള്ളിലെ എട്ടു കിലോമീറ്റര്‍ യാത്രയില്‍ വനത്തില്‍ എവിടെയും നിര്‍ത്താന്‍ പാടില്ല. പ്ലാസ്റ്റിക്ക് എറിയാനും നിര്‍ത്തി ഫോട്ടോയെടുക്കാനും വന്യജീവികളെ ശല്യപ്പെടുത്താനും പാടില്ല എന്നും കര്‍ശന നിര്‍ദേശം ഉണ്ട്.

ഇവിടെയെങ്കിലും വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഇവിടുത്തെ സീസണായി പറയപ്പെടുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തണുപ്പ് അതിന്റെ പാരമ്യത്തിലെത്തും. അപ്പോള്‍ 6 ഡിഗ്രി വരെയൊക്കെ താഴാറുണ്ട് ഇവിടുത്തെ ഊഷ്മാവ്. മൂന്നാർ ടൗണിൽ നിന്ന് 35 കി മീ അകലെയാണ് പാമ്പാടും‍ചോല. എറണാകുളത്തുനിന്ന് 135 കിലോമീറ്ററും കോട്ടയത്തു നിന്നും 148 കി മീ‍റ്ററും ദൂരമുണ്ട്.