ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധ നേടിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യയിലും ബോളിവുഡിലും ബോക്സോഫീസ് വിജയങ്ങൾ നേടിയ ചിത്രത്തിൽ ഇല്യാന നായികയായി എത്തി. മലയാളികളുടെയും ഇഷ്ട നായികയാണ് ഇല്യാന. എന്നാൽ ഇപ്പോൾ ഇല്യാനയെക്കുറിച്ച് ഒരു തുറന്നുപറച്ചിൽ നടത്തുകയാണ് ടോളിവുഡിലെ പ്രമുഖ നിർമാതാവ് ബെല്ലംകൊണ്ട സുരേഷ്. ഇദ്ദേഹത്തിന്റെ ഭാലെ ദൊംഗലു എന്ന ചിത്രത്തിൽ ഇല്യാന നായികയായിട്ടുണ്ട്. തരുൺ കുമാറായിരുന്നു ചിത്രത്തിലെ നായകൻ. 2008 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ അഭിനയിക്കാനായി ഇല്യാനയെ സമീപിച്ചപ്പോൾ താരം ആദ്യം സമ്മതം പറഞ്ഞില്ല.
അതിന്റെ കാരണം ഇങ്ങനെയാണ് ബെല്ലംകൊണ്ട സുരേഷ് വ്യക്തമാക്കുന്നത്. ‘ആരാണ് ഹീറോ എന്ന് ഇല്യാന ചോദിച്ചപ്പോൾ തരുൺ കുമാർ ആണെന്ന് ഞാൻ പറഞ്ഞു. തരുൺ ആണെങ്കിൽ അഭിനയിക്കില്ലെന്ന് ഇല്യാന പറഞ്ഞു. പിന്നീട് ഒന്ന് സമ്മതമാണെന്ന് പറഞ്ഞുകിട്ടാൻ എറെ കഷ്ടപ്പെട്ടു. ഈ സിനിമ ചെയ്താൽ ഒരു കോടി രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞു. അത് വരെയും തെലുങ്കിൽ ഒരു നായികയ്ക്കും ഒരു കോടി രൂപ പ്രതിഫലം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പ്രതിഫലം കേട്ടപ്പോൾ ഇല്യാന ഉടൻ സമ്മതിച്ചു.’ അക്കാലത്ത് തരുൺ കരിയറിൽ പരാജയങ്ങൾ നേരിടുകയായിരുന്നു അതായിരിക്കാം ഇല്യാന ആദ്യം സമ്മതം പറയാതിരുന്നതിന്റെ കാരണം എന്നും ബെല്ലംകൊണ്ട സുരേഷ് കൂട്ടിച്ചേർക്കുന്നു.
പോക്കിരി എന്ന തെലുങ്ക് ചിത്രത്തോടെ വലിയ പ്രേക്ഷക ശ്രദ്ധ നേടാനും കരിയറിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാനും ഇല്യാനയ്ക്ക് കഴിഞ്ഞിരുന്നു. ഗ്ലാമറസ് റോളുകളിലും നടി തിളങ്ങി. 2012 ൽ ബർഫി എന്ന ചിത്രത്തിലൂടെയാണ് ഇല്യാന ബോളിവുഡിലേക്ക് വരുന്നത്. ബോളിവുഡിലേക്കുള്ള കാൽവെക്ക് ഇല്യാനയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ബർഫി ചിത്രം വൻ ഹിറ്റായിരുന്നു. ഇതോടെ നടി തെന്നിന്ത്യൻ സിനിമകൾ കുറച്ചു. കരിയറിലെ തുടക്ക കാലത്ത് ബോളിവുഡിൽ നിന്നും അവസരങ്ങളും ലഭിച്ചിരുന്നില്ല. തെലുങ്ക് സിനിമാ രംഗത്താണ് അക്കാലത്ത് നടിക്ക് തിളങ്ങാനായത്. ഗ്ലാമറസ് വേഷങ്ങളല്ലാതെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ ഇല്യാനക്ക് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നും ലഭിച്ചിരുന്നില്ല. ഇത് താരം ടോളിവുഡിൽ നിന്ന് മാറി നിൽക്കാൻ കാരണമായി. ഇന്ന് അഭിനയരംഗത്ത് സജീവമല്ല ഇല്യാന ഡിക്രൂസ്.