പത്തനംതിട്ട ജില്ലയിലെ ശബരിമലയിലെ കാടുകളിൽ മറഞ്ഞിരിക്കുന്ന നിധിയാണ് പെരുന്തേനരുവി. പ്രകൃതി വിസ്മയങ്ങളാൽ നിറഞ്ഞ ഒരു ആകർഷകമായ സ്ഥലമാണ് പെരുന്തേനരുവി എന്നതിൽ സംശയമില്ല. വെച്ചൂച്ചിറയിൽ പമ്പാ നദിയിലാണ് ഈ പ്രകൃതി സൗന്ദര്യ വിനോദ സഞ്ചാര കേന്ദ്രവും വെള്ളച്ചാട്ടവും. പമ്പയുടെ പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം. പെരുന്തേനരുവിയ്ക്കു മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ വെള്ളച്ചാട്ടങ്ങളുമുണ്ട്. പേരിനെ അന്വർഥമാക്കുന്ന പോലെ നയനമനോഹരമായ കാഴ്ചകൾക്കൊപ്പം, മരണക്കയങ്ങൾ കൂടി ഒളിപ്പിച്ചു വച്ചൊഴുകുന്നുണ്ട് പെരുന്തേനരുവി. വെള്ളച്ചാട്ടത്തിന്‍റെ മായിക ദൃശ്യം വിനോദസഞ്ചാരികളെ ആകർഷിക്കുമെങ്കിലും അരുവിയിലെ നിലയില്ലാക്കയങ്ങളിൽ പൊലിഞ്ഞു പോയ ജീവനുകൾ നിരവധിയാണ്. ചുറ്റുപാടുകളെ അലങ്കരിക്കുന്ന തേനീച്ചക്കൂടുകളുടെ സമൃദ്ധി കാരണം ഈ പ്രദേശത്തിന് “തേൻ നദി” എന്ന് ഉചിതമായ പേര് കൂടി ലഭിച്ചു.
പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന പെരുന്തേനരുവി, അതിൻ്റെ ശാന്തമായ സൗന്ദര്യം കൂട്ടുന്നത് പച്ചപ്പ് നിറഞ്ഞ കാടുകളിലൂടെ കൂടിയാണ്. പച്ചപ്പ് നിറഞ്ഞ വനങ്ങളാൽ ആലിംഗനം ചെയ്താണ് പെരുന്തേനരുവി നിൽക്കുന്നത്. മാലിയെന്ന് സമീപവാസികൾ വിശേഷിപ്പിക്കുന്ന തുരുത്തിന്റെ 4 വശവും പമ്പാനദിയാണ്. തുരുത്തിനു 2 ഏക്കറോളം വിസ്തൃതിയുണ്ട്. തരിമണലും വിവിധ വൃക്ഷങ്ങളും ചെടികളുമൊക്കെയുള്ള തുരുത്ത് പെരുന്തേനരുവിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സമയം ചെലവിടാൻ പറ്റിയ ഇടമാണ്. കാടിന്റെ കുളിർമയും ഭംഗിയും ആസ്വദിക്കാൻ പറ്റിയയിടം.
അത്തിക്കയം-കടുമീൻചിറ-പരുവ- നവോദയ റോഡിൽ പരുവ മഹാദേവ ക്ഷേത്രത്തിന് താഴെയുള്ള മധുപടിയിൽ നിന്ന് 100 മീറ്റർ സഞ്ചരിച്ചാൽ തുരുത്തിന്റെ അടുത്തെത്താം. തുരുത്തിന്റെ അക്കരെ വനത്തോടു ചേർന്ന ഭാഗത്ത് ഈറ്റ കാടുകളിൽ പഴയ കടുവ താര ഉണ്ടെന്നാണ് ആദിവാസി വിഭാഗത്തിലെ മുതിർന്നവർ പറയുന്നത്. തുരുത്തിൽ പ്രത്യേക കാലത്ത് പക്ഷികളും, തുമ്പിയും പൂമ്പാറ്റയുമൊക്കെ കൂട്ടത്തോടെ എത്താറുണ്ട്. തുരുത്തിന്റെ സ്വാഭാവിക ഭംഗിക്കു കോട്ടം തട്ടാതെ വിനോദ സഞ്ചാര പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
കോട്ടയം, എരുമേലി, വഴിയോ, റാന്നി, വെച്ചൂച്ചിറ ജംഗ്ഷൻ വഴിയോ പെരുന്തേനരുവിയിലെത്താം. മനോഹരങ്ങളായ പാറക്കെട്ടുകളാണ് ഇവിടെയുള്ളത്. സീതയും ശ്രീരാമനും രഥത്തിൽ പോയി എന്നു സൂചിപ്പിക്കുന്ന അടയാളങ്ങൾ പാറക്കെട്ടുകളിൽ ചിലതിൽ ഉണ്ടെന്ന് പഴമക്കാര്‍ പറയുന്നു.