ആകെ ജനസംഖ്യ പത്ത് ലക്ഷത്തിൽ താഴെ, അതിൽ 40 ശതമാനവും ഇന്ത്യൻ വംശജർ, അതാണ് ഫിജി എന്ന ദ്വീപ് രാജ്യം. റിയോ ഒളിമ്പിക്സിൽ ഫിജി എന്ന കൊച്ചുരാജ്യം ഒരു ചരിത്രമെഴുതി ലോകത്തെ ഞെട്ടിച്ചു. തങ്ങളെ കോളനിയാക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാരെ ‘റഗ്‌ബി’ ഫൈനൽ മത്സരത്തിൽ തോൽപിച്ച് (43-7) സ്വർണ്ണം നേടിയാണ് തങ്ങളുടെ കൊച്ചു രാജ്യത്തെ ലോകശ്രദ്ധ തങ്ങളിലേക്കാകർഷിപ്പിച്ചത്.
ഫിജി തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. ടുവാലു എന്ന രാജ്യത്തിന്റെ തെക്കു വശത്താണ് ഫിജിയുടെ സ്ഥാനം. ആസ്ത്രേലിയയും ന്യൂസിലാന്റുമാണ് ഏറ്റവും അടുത്ത് കിടക്കുന്ന വലിയ രാജ്യങ്ങൾ. ആകെയുള്ള 322 ദ്വീപുകളില് 106 എണ്ണം സ്ഥിരവാസമുള്ളതാണ്. വിറ്റി ലെവു, വനുവ ലെവു എന്നിവയാണ് പ്രധാന ദ്വീപുകൾ. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 87 %-ഉം ഈ രണ്ട് ദ്വീപുകളിലാണ്. സുവ ആണ് തലസ്ഥാനം.
ഫിജിയിലെ കരിമ്പിൻ തോട്ടങ്ങളിൽ ജോലി ചെയ്യാൻ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് 1879 മുതലുള്ള 37 വർഷക്കാലത്തിനിടെ അറുപതിനായിരത്തിലധികം ഇന്ത്യക്കാരെ ഫിജിയിലെത്തിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ബ്രിട്ടീഷ് ഇന്ത്യയിലെ ജീവിത കഷ്ടപ്പാടുകളും തുടർച്ചയായുള്ള പട്ടിണി മരണങ്ങളും ഭക്ഷിക്കാൻ എന്തെങ്കിലും കിട്ടിയാൽ തന്നെ അടിമയെ പോലെ ജോലി ചെയ്യാമെന്ന ചിന്തിച്ചിരുന്ന പട്ടിണി പാവങ്ങളായ ഇന്ത്യക്കാരാണ് ഫിജിയിലേക്ക് പോകാൻ തയ്യാറായത്. ഉത്തർ പ്രദേശ്, ബിഹാർ, ആന്ധ്ര, തമിഴ്‌നാട് എന്നീ പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ പേരും.
ഒരു കരാറിന്റെ ഉറപ്പിലാണ് ഇന്ത്യയിൽ നിന്ന് ആളുകൾ ജോലിയ്‌ക്കായി ഫിജിയിലേക്ക് പുറപ്പെട്ടത്. ‘girmityas എന്നായിരുന്നു ആ കരാർ അറിയപ്പെട്ടിരുന്നത്. പൊതു വിവരവും അക്ഷരഭ്യാസമില്ലാത്തവരുമായ അക്കാലത്തെ പാവപ്പെട്ട ജനതയോട് ബ്രിട്ടീഷുകാർ ‘Agreement’ എന്ന വാക്ക് പറഞ്ഞ് കൊടുത്തപ്പോൾ അവർ കേൾക്കുന്ന girmit എന്ന വാക്ക് പിന്നീട് ഫിജിയിലും മറ്റും സ്ഥിരപ്പെട്ടു. ഇന്നും ആ പഴയ കരാറിനെ സൂചിപ്പിക്കാൻ girmit / girmityas എന്ന വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്.
1879 ന്നും 1916 ന്നുമിടയില് 87 കപ്പൽ യാത്രകൾ വഴിയായിരുന്നു കൽക്കത്തയിൽ നിന്ന് ഫിജിയിലെ ലെവുക്ക യിലേക്ക് ഇന്ത്യൻ തൊഴിലാളികളെ എത്തിച്ചത്. 37 വർഷം കൊണ്ട് 87 യാത്രകളിലായി 60,553 തൊഴിലാളികളെ ഫിജിയിലെത്തിക്കാന് ബ്രിട്ടീഷുകാർക്കായി. 42 വെവ്വേറെ കപ്പലുകളാണ് യാത്രകൾ നടത്തിയത്. Leonidas എന്ന പായക്കപ്പലായിരുന്നു ആദ്യമായി ഫിജിയിലേക്ക് യാത്ര തിരിച്ചത്. 1879 മാർച്ച് 3 നായിരുന്നു ലിയോനിഡാസ് തന്റെ ആദ്യ യാത്ര പുറപെട്ടത്. 273 പുരുഷന്മാരും 146 സ്ത്രീകളും പന്ത്രണ്ട് വയസ്സിന് താഴെയുള്ള 79 കുട്ടികളുമടക്കം 498 പേരായിരുന്നു ആദ്യ കപ്പലിലെ യാത്രക്കാർ. മെക് ലാച്ച്‌ലൻ ആയിരുന്നു കപ്പിത്താൻ. കപ്പിത്താനോളം അധികാരമുള്ള സർജൻ സൂപ്രണ്ട് എന്ന ഡോക്‌ടറിനായിരുന്നു യാത്രക്കാരുടെ മൊത്തം ഉത്തരവാദിത്വം. ദുരിതപൂർണ്ണമായ 73 ദിവസത്തെ യാത്രയ്‌ക്കിടയിൽ പലർക്കും കോളറയും വസൂരിയും പിടിപ്പെട്ടു. ആദ്യ യാത്രയിൽ തന്നെ അസുഖം മൂലം മരിച്ച 17 പേരുടെ ശരീരം കടലെടുക്കുകയുണ്ടായി. പകർച്ചവ്യാധി അസുഖം ബാധിച്ച ബാക്കിയുള്ള യാത്രക്കാരെയും കൊണ്ട് ഫിജി തുറമുഖത്ത് അടുപ്പിക്കാനാവാതെ, ആൾവാസമില്ലാത്ത വേറൊരു ദ്വീപിൽ കുറച്ച് കാലം അവരെ മാറ്റി പാർപ്പിക്കേണ്ടതായും വന്നിട്ടുണ്ട്.
ആകെ 60,965 യാത്രക്കാർ ഇന്ത്യയിൽ നിന്ന് ഫിജിയിലേക്ക് യാത്ര തിരിച്ചിരുന്നുവെങ്കിലും കടലിൽ വെച്ചുള്ള ജനനവും മരണങ്ങളുമടക്കം 60,553 പേരാണ് ഫിജിയിലെത്തിച്ചേരാൻ പറ്റിയത്. 45,439 പേർ കൽക്കത്തയിൽ നിന്നും 15,114 പേർ മദ്രാസ് തുറമുഖത്ത് നിന്നുമാണ് യാത്ര തിരിച്ചത്. ആദ്യകാല യാത്രകളൊക്കെ പായക്കപ്പലിലായിരുന്നു. 73 ദിവസം കൊണ്ടായിരുന്നു പായക്കപ്പൽ ഫിജിയിലെത്തിച്ചേർന്നിരുന്നത്. 1905 ന്ന് ശേഷമുളള യാത്രകൾ സ്റ്റീം ഷിപ്പിലായിരുന്നു. 30 ദിവസം കൊണ്ട് സ്റ്റീം ഷിപ്പിന് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിച്ചിരുന്നു. ഇങ്ങനെ ഓരോ യാത്രാക്കപ്പലിലും 700 ഉം 800 ഉം ആളുകളുമായി, വർഷത്തിൽ രണ്ടോ മൂന്നോ പ്രയാണങ്ങളുമായാണ് കരാറിലേർപ്പെടുന്ന മുഴുവൻ പേരേയും ബ്രിട്ടീഷുകാർ ഫിജിയിലെത്തിച്ചത്.
ജോലിയെയും, വേതന ജീവിത വ്യവസ്ഥകളെയും പറ്റി പല പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ബ്രിട്ടീഷുകാർ മുന്നോട്ട് വെച്ചിരുന്നെങ്കിലും അതൊന്നും അവിടെ പാലിക്കപ്പെട്ടിരുന്നില്ല. അഞ്ച് വർഷത്തെ കരാറിന്മേലിലാണ് മിക്കവരും ഫിജിയിൽ എത്തപ്പെട്ടതെങ്കിലും തൊഴിലാളികൾ ആഗ്രഹിക്കുന്നുവെങ്കിലും തുടർന്നും അവിടെ ജീവിക്കുവാനും തൊഴിലിൽ തുടരുവാനും സാധിക്കുമായിരുന്നു. അത്തരക്കാർക്ക് വീട് പണിത് അവിടെ കഴിയാനുള്ള സ്ഥലവും നാമമാത്ര പൗരവകാശവും നൽകി. കഠിനതൊഴിൽ വ്യവസ്ഥകളും ജീവിതപ്രയാസങ്ങളും താണ്ടി അവിടെ ജീവിച്ച് വന്നവരുടെ പിൻതലമുറയിൽ പെട്ട നാല് ലക്ഷത്തിലധികം ഇന്ത്യൻ വംശജർ ഇന്ന് ഫിജി എന്ന രാജ്യത്തുണ്ട്.
ഹിന്ദുസ്താനി എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ‘ഫിജിയൻ ഹിന്ദി’ ഭാഷയാണ് ഈ ഇന്ത്യൻ വംശം ഇന്നും സംസാരഭാഷയായി ഉപയോഗിച്ച് വരുന്നത്. ഹിന്ദി, ഉറുദു, അറബിക്, ഇംഗ്ലീഷ്, തമിഴ് ഒക്കെ കലർന്ന ഒരു സങ്കരഭാഷയാണ് ഫിജിയിലെ ഹിന്ദി. നമ്മുടെ ഹിന്ദിയിൽ നിന്നും വളരെ വ്യത്യസപ്പെട്ടിരിക്കുന്നതാണ് ഫിജിയൻ ഹിന്ദി. കിഴക്കൻ ഹിന്ദി മേഖലയില് ഹിന്ദി എന്ന രീതിയിൽ സംസാരിച്ച് വരുന്ന അവധി, ബിഹാരി, ഭോജ്‌പുരി ഭാഷകളുമായാണ് ഫിജിയൻ ഹിന്ദിയ്‌ക്ക് കൂടുതൽ സാമ്യം. വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന ഫിജിയിലെത്തിയ ഈ തൊഴിലാളികൾക്ക് പരസ്പരം ആശയവിനിമയം നടത്തി സുഗമമായി ഒത്തുചേർന്നു പ്രവർത്തിക്കുവാനും മറ്റും, ഒരൊറ്റ ഭാഷ വേണമെന്ന ആവശ്യത്തിൽ നിന്നാണ് ഫിജിയൻ ഹിന്ദി ഭാഷയുടെ ആരംഭം. 1920 കളോടെ ഫിജിയിലെ ഇന്ത്യൻ സമൂഹം ഈ ഭാഷയിൽ പരിജ്ഞാനം നേടിയവരായിരുന്നു. സ്കൂളുകളിലും മറ്റും ഫിജിയൻ ഹിന്ദി ഭാഷയിലൂടെ അഭ്യാസം നൽകപ്പെട്ടുതുടങ്ങി. പിൽക്കാലത്ത് തദ്ദേശിയരുമായി പല വംശീയ സംഘട്ടനങ്ങളും ഫിജിയിലെ ഇന്ത്യൻ സമൂഹം നേരിടേണ്ടി വന്നപ്പോഴെക്കൊ ലോകത്തിലെ മറ്റു രാജ്യങ്ങളിലേക്ക് ചെറിയൊരു പക്ഷം തിരിച്ച് ഇന്ത്യയിലേക്കും പാലായനം ചെയിതിട്ടുണ്ടെങ്കിലും ഇന്നും 4 ലക്ഷത്തിലധികം ഇന്ത്യൻ ജനസംഖ്യ ഫിജി ദ്വീപുകളിൽ ഇന്നും വസിക്കുന്നുണ്ടെന്നാണ് കണക്ക്.