Recipe

സ്വാദിഷ്ടമായ ഗുലാബ് ജാമുൻ; നാവിൽ അലിഞ്ഞിറങ്ങും ! | gulab-jamun

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന വിഭവമാണ് ഗുലാബ് ജാമുൻ. വീട്ടില്‍ രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

പഞ്ചസാര സിറപ്പ് തയാറാക്കാൻ

  • പഞ്ചസാര –  3 കപ്പ്
  • വെള്ളം –  3 കപ്പ്
  • നാരങ്ങ നീര് – 1 ടേബിൾ സ്പൂൺ
  • എലയ്ക്കാ – 3
  • കറുവപ്പട്ട –  1
  • റോസ് വാട്ടർ – 1 ടേബിൾ സ്പൂൺ

മുകളിൽ കൊടുത്തിരിക്കുന്ന അളവിൽ ചേരുവകളെല്ലാം  ചേർത്ത് 5 മിനിറ്റ് ഇടത്തരം ചൂടിൽ തിളപ്പിക്കുക. നൂൽ പരുവമാകാതിരിക്കാൻ ശ്രദ്ധിക്കണം. നേർത്ത തേൻ  പരുവമായാൽ മതി.

ഗുലാബ് ജാമുൻ തയാറാക്കാൻ

  • പാൽപ്പൊടി –   2 കപ്പ്
  • മൈദ –   6 ടേബിൾ സ്പൂൺ
  • ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
  • നെയ്യ് – 4 ടേബിൾ സ്പൂൺ
  • ഏകദേശം 1/2 കപ്പ് പാൽ

തയാറാക്കുന്ന വിധം

  • പാൽപ്പൊടി, മൈദ മാവ്, ബേക്കിങ് പൗഡർ എന്നിവ യോജിപ്പിച്ച് എടുക്കുക.
  • നെയ്യ് ചേർത്ത് നന്നായി തടവുക.
  • പാൽ കുറേശ്ശേ ചേർത്തു മൃദുവായ വിള്ളലില്ലാത്ത മാവ് തയാറാക്കുക. വളരെ മൃദുവായി കുഴച്ച് എടുക്കണം.
  • 10 മിനിറ്റ് മാറ്റിവയ്ക്കുക.
  • മാവ് കട്ടിയായാൽ അല്പം പാൽ ചേർത്തു മൃദുവാക്കുക.
  • വിള്ളലില്ലാത്ത ഉരുളകൾ തയാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

 ഗുലാബ് ജാമുൻ‌ ഫ്രൈ ചെയ്യാൻ

  • കുറഞ്ഞ ചൂടിൽ  എണ്ണ ചൂടാക്കാൻ വയ്ക്കുക.
  • കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോൾ ആദ്യത്തെ  ഉരുളയിടുക. ഉടനെ ശേഷിക്കുന്ന ഉരുളകൾ ഓരോന്നായി വറുക്കാനിടുക .
  • കുറഞ്ഞ ചൂടിൽ ഗോൾഡെൻ ബ്രൗൺ നിറമാവുന്നതുവരെ വറുത്തു കോരുക.
  • അതിനുശേഷം തണുക്കാൻ 5 മിനിറ്റ് മാറ്റി വയ്ക്കുക.
  • ഇടത്തരം ചൂടുള്ള സിറപ്പിൽ ഗുലാബ് ജാമുൻ ഉരുളകളിട്ട്  2 മുതൽ 3 മണിക്കൂർ വരെ ഇട്ട് വയ്ക്കുക.
  • ഗുലാബ് ജാമുൻ‌ സിറപ്പിൽ  ഏകദേശം ഇരട്ടി വലുപ്പമാകുമ്പോൾ മാറ്റി വയ്ക്കുക.
  • കുങ്കുമപ്പൂവും ചെറുതായി അരിഞ്ഞ പിസ്തയുമിട്ട് അലങ്കരിച്ചു കഴിക്കാവുന്നതാണ്‌.

content highlight: gulab-jamun