ശൈശവ അവസ്ഥയില്‍ കോഴിക്കോടു നിന്നും തലസ്ഥാനത്തേക്ക് വണ്ടി കയറിയ IFFKക്ക് ഇന്ന് 29 വയസ്സ്. ഇതിനിടയില്‍ പിച്ചവെച്ചു നടന്ന ബാല്യവും, കലപില കൂട്ടിയ കൗമാരവും കഴിഞ്ഞ് തീക്ഷ്ണ ചിന്തയുടെ യൗവ്വനത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ന് മലയാളം അഭിമാനം കൊള്ളുകയാണ്. ലോക സിനിമയെ മലയാളികള്‍ക്ക് പരിചിതമാക്കിയ IFFK യെ ഓര്‍ത്ത്. നിരവധി പേരുടെ പ്രയത്‌ന ഫലമാണ് ഇന്നു കാണുന്ന ചലച്ചിത്ര മേള. നിലവാരമുള്ള സിനിമകളെ കണ്ടെത്തുന്നതു മുതല്‍, അതിന്റെ ഓരോ ഘട്ടങ്ങളിലും ഇടപെടാന്‍ കരുത്തും കര്‍മ്മ കുശലതയും കാട്ടുന്ന നേതൃത്വം ഉണ്ടായിരുന്നു എന്നതാണ് കഴിഞ്ഞ 29 വര്‍ഷത്തെയും ചരിത്രം.
ഐ.എഫ്.എഫ്.കെ എന്ന കേരളത്തിന്റെ സ്വന്തം ചലച്ചിത്രമേളയുടെ ചരിത്രം ആരംഭിക്കുന്നത് 1996ലാണ്. 1988ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള മലയാളികളുടെ സിനിമയോടുള്ള പ്രണയം വിളിച്ചു പറയുന്നതായിരുന്നു. സാഹിത്യ, സാംസ്‌ക്കാരിക, ചലച്ചിത്രരംഗത്ത് ഇന്ത്യയില്‍ തന്നെ മുന്‍പോട്ടു നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ സിനിമാപ്രേമികളുടെ ദീര്‍ഘകാലമായുള്ള ആഗ്രഹത്തിന്റെ സഫലീകരണം ആയിരുന്നു 1996 കോഴിക്കോട് നടത്തപ്പെട്ട ആദ്യത്തെ ഐ.എഫ്.എഫ്.കെ. അന്താരാഷ്ട്ര തലത്തില്‍ തന്നെ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കപ്പെടുമ്പോള്‍ ലോകസിനിമയിലെ ക്ലാസിക്കുകള്‍ക്കായി ഒരു മേള എന്നതായിരുന്നു ആദ്യത്തെ ഐ.എഫ്.എഫ്.കെ.
പിന്നീടുള്ള 29 വര്‍ഷങ്ങളില്‍ സാംസ്‌കാരിക വകുപ്പും കേരള ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് നടത്തുന്ന ഈ മേള വന്‍ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇതിനിടെ, തിരുവനന്തപുരം മേളയുടെ സ്ഥിരം വേദിയായി മാറി. ആദ്യകാലഘട്ടങ്ങളില്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും ചലച്ചിത്രപ്രവര്‍ത്തകരും ആയിരുന്നു പ്രധാനമായും ആസ്വാദകരെങ്കിലും, ചുരുങ്ങിയ നാളുകള്‍ കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് കേരള അന്താരാഷ്ട്ര ചലചിത്രമേള വളരെ ജനകീയമായി മാറി.
ചലച്ചിത്ര മേളയുടെ ഇരുപത്തി ഒന്‍പത് വര്‍ഷങ്ങള്‍ മലയാളിയുടെ ചലച്ചിത്രാസ്വാദന ബോധത്തെ എത്രത്തോളം സ്വാധീനിച്ചു എന്നതാവില്ല ഇപ്പോഴത്തെ ചിന്ത. പ്രളയവും കടന്ന്, കോവിഡും താണ്ടി നിലനില്‍ക്കുന്ന ഒരു ഉത്സവത്തെ എങ്ങനെയാണ് മലയാളം നെഞ്ചേറ്റുന്നു എന്നതാണ് പ്രധാനം. ന്യൂനപക്ഷമെങ്കിലും, കാലക്രമത്തില്‍ വളര്‍ന്നു വരുന്ന ഒരു ചലച്ചിത്ര ആസ്വാദന സമൂഹം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായുണ്ട്. വ്യത്യസ്തമായ ലോകസാഹചര്യങ്ങളില്‍ സിനിമ പ്രതിനിധീകരിക്കുന്ന സ്വത്വബോധവും രാഷ്ട്രീയവും ഒന്നില്‍ നിന്നും ഒന്ന് വ്യത്യസ്തമായിരിക്കും. ഈ ആശയങ്ങളുടെ സമാഹരണമാണ് ഓരോ മേളകളിലും മുന്നിലെത്തുന്ന ചലച്ചിത്രങ്ങള്‍.
രാജ്യാതിര്‍ത്തികളോ ഭാഷയോ ചലച്ചിത്രങ്ങളുടെ സംവാദത്തിന് തടസ്സമാകുന്നില്ല. ഏതു സമൂഹത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥായിയായ മാറ്റത്തെയോ അതല്ലെങ്കില്‍ ഭൂതകാലത്തെയോ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളോ ഭയപ്പാടോ അത് എന്തുതന്നെ ആയാലും സംവേദനം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ചലച്ചിത്രങ്ങള്‍ക്കും അതുപോലെ തന്നെ ചലച്ചിത്ര മേളകള്‍ക്കും സാമൂഹിക നവോത്ഥാനത്തില്‍ തങ്ങളുടേതായ പങ്കു വഹിക്കാന്‍ സാധിക്കും. ജനപങ്കാളിത്തത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഒന്നാമത്തെ മേളകളിലൊന്നാണ് ഐ എഫ് എഫ് കെ. വ്യത്യസ്ത ജാതി, മത, ലിംഗ, വിഭാഗങ്ങളില്‍ ഉള്ളവര്‍ അവരുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തി കൊണ്ട് തന്നെ ഈ മേളയുടെ ഭാഗമാകുന്നു. മറ്റൊരര്‍ത്ഥത്തില്‍, ഡെലിഗേറ്റ് എന്ന ടാഗ് എല്ലാ മനുഷ്യരെയും തുല്യര്‍ ആക്കി മാറ്റുന്നു.
അതുകൊണ്ടുതന്നെ, എല്ലാ അര്‍ത്ഥത്തിലും ഇതൊരു ജനകീയമേളയാണ്. ഓരോ ഡിസംബറിലും ചലച്ചിത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ഗായകര്‍, ചിത്രകാരന്‍മാര്‍, രാഷ്ട്രീയനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആള്‍ക്കാര്‍ ഐ എഫ് എഫ് കെയുടെ ഭാഗമാകാന്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തും. അവര്‍ ഒത്തുചേര്‍ന്നിരുന്ന് ചലച്ചിത്രങ്ങള്‍ കാണുകയും, കണ്ട ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയും സംവദിക്കുകയും, പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്ത് തിരുവനന്തപുരത്തിന്റെ തെരുവീഥികളെ തീപിടിപ്പിക്കുമായിരുന്നു.
ലോക ചലച്ചിത്രോത്സവ ചരിത്രം ?
ചലച്ചിത്രത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ചലച്ചിത്രമേളകളുടെ ചരിത്രവും. 1932ല്‍ ആരംഭിച്ച വെനീസ് (ഇറ്റലി) ഫിലിം ഫെസ്റ്റിവലാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചലച്ചിത്രമേള. ലോകമഹായുദ്ധങ്ങള്‍ തകര്‍ത്ത യൂറോപ്പില്‍ നിന്നും പ്രതിരോധത്തിന്റെ രാഷ്ട്രീയസന്ദേശം ഉയര്‍ത്തുന്ന വിഖ്യാതമായ കാന്‍ (ഫ്രാന്‍സ്) ചലച്ചിത്രമേള ആരംഭിക്കുന്നത് 1946ലാണ്. അതേ വര്‍ഷം തന്നെയാണ് വിഖ്യാതമായ കാര്‍ലോവി വേരി (ചെക്ക് റിപബ്ലിക്) ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചത്. 1951ല്‍ ആരംഭിച്ച ബര്‍ലിന്‍ (ജര്‍മനി) ചലച്ചിത്രമേളയും, 1953-ല്‍ ആരംഭിച്ച സ്‌പെയിനിലെ സാന്‍ സെബാസ്റ്റ്യന്‍ ചലച്ചിത്രമേളയും, 1957ല്‍ ആരംഭിച്ച ലണ്ടന്‍ ചലച്ചിത്രമേളയും കാണികളുടെയും ചലച്ചിത്രപ്രവര്‍ത്തകരുടെയും വമ്പിച്ച സാന്നിധ്യം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആകര്‍ഷകമായി മാറി.
വടക്കേ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളയായ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ആദ്യമായി നടത്തപ്പെട്ടത് 1976ലാണ്. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 1978-ലാണ് അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ലോകത്താകമാനം പല വലിപ്പത്തിലും വ്യാപ്തിയിലുമുള്ള ചലച്ചിത്രമേളകള്‍ ആരംഭിച്ചു. ഓരോ നഗരവും അവിടെ നടത്തപ്പെടുന്ന ചലച്ചിത്രമേളകളെ ആ നഗരത്തിന്റെ അടയാളമാക്കി മാറ്റി. ആ നഗരങ്ങളിലേക്ക് ചലച്ചിത്രപ്രവര്‍ത്തകര്‍ക്കൊപ്പം, ആ നാട്ടിലെയും മറ്റു നാട്ടിലേയും കവികളും ഗായകരും ചിത്രകാരന്മാരും അധ്യാപകരും വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഒഴുകിയെത്തി. അവര്‍ ചലച്ചിത്രങ്ങള്‍ കണ്ടു, ഗാനങ്ങള്‍ ആലപിച്ചു, മുദ്രാവാക്യങ്ങള്‍ വിളിച്ചു. അങ്ങനെ ലോകമെമ്പാടും ചലച്ചിത്രമേളകള്‍ സിനിമയുടെ മാത്രമല്ല, സംസ്‌കാരികമായ രാഷ്ട്രീയ ഉത്സവമായി മാറി.
IFFIയുടെ ചരിത്രം ?
ഇന്ത്യയുടെ ഔദ്യോഗിക ചലച്ചിത്രമേളയായ IFFI 1952ലാണ് ആദ്യമായി നടത്തപ്പെടുന്നത്. മുംബൈ ആയിരുന്നു ആദ്യത്തെ ചലച്ചിത്രമേളയുടെ വേദി. ആദ്യകാലഘട്ടങ്ങളില്‍ നിശ്ചിതമായ ഒരു വേദി ഈ ചലച്ചിത്രമേളയ്ക്ക് ഉണ്ടായിരുന്നില്ല. പിന്നീടുള്ള വര്‍ഷങ്ങളില്‍ മുംബൈയ്ക്ക് പുറമേ, ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കല്‍ക്കട്ട, തിരുവനന്തപുരം എന്നീ നഗരങ്ങള്‍ ഈ ചലച്ചിത്രമേളയ്ക്ക് വേദിയായി. 1988, 1997 എന്നീ വര്‍ഷങ്ങളിലാണ് തിരുവനന്തപുരം ഈ ചലച്ചിത്രമേളയ്ക്ക് വേദിയായത്. 2004 മുതലാണ് ഈ ചലച്ചിത്രമേളയ്ക്ക് ഗോവ സ്ഥിരം വേദിയായി മാറുന്നത്. ആദ്യകാലങ്ങളില്‍, കൃത്യമായി എല്ലാ വര്‍ഷവും ഭാരതത്തിന്റെ ഔദ്യോഗിക ചലച്ചിത്രമേള നടത്തപ്പെട്ടിരുന്നില്ല.
ചലച്ചിത്ര മേള സിനിമ കാണാന്‍വേണ്ടി മാത്രമാണോ ?
ചലച്ചിത്ര മേള എന്നത് സിനിമ കാണാന്‍ വേണ്ടി മാത്രമുള്ള ഒരു മേളയാണെന്ന് ചിന്തിക്കുന്നത് ശരിയല്ല. മേള എന്നാല്‍ മൊത്തത്തിലുള്ള ആഘോഷം എന്ന ആന്തരിക അര്‍ത്ഥമുണ്ട്. ഒന്നില്‍ നിന്നും ബന്ധിക്കപ്പെട്ട അനേകം ചിന്തകളിലേക്ക് നടത്തപ്പെടുന്ന ഒരു യാത്രയുടെ സ്വഭാവമുണ്ട്. ഒരു മേളക്ക് അച്ചടക്കം വേണമെന്നത് ശരിയാണെങ്കിലും പതിയെ അതിന് യാന്ത്രികത കൈവരുന്നു. ലോകത്തെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും വേറിട്ടുള്ള ഒരു സ്വാര്‍ത്ഥമായ ഒരു ഇടത്തിലേക്ക് അതു ചുരുങ്ങുന്നു.
ഇവിടെ എത്തുന്നവര്‍ പുതിയ കാലത്തിന്റെ നിര്‍മ്മാതാക്കളാണ്. ഭാവിയെ എങ്ങനെ നിര്‍വചിക്കണമെന്ന് അഴര്‍ ലോകത്തെ നോക്കിയാണ് മനസ്സിലാക്കേണ്ടത്. ഒരു തിയേറ്ററിനുള്ളില്‍ ലോകത്തെ എത്തിക്കാന്‍ കഴിയുമ്പോള്‍ അവിടെ തലമുറയുടെ മാറ്റം കൂടി ഉണ്ടാകുന്നുണ്ട്. ലോകത്തെക്കുറിച്ചുള്ള കണ്‍സെപ്റ്റ് തന്നെ വളരുന്നു. ഭാഷകള്‍ക്കതീതമായുള്ള ചിന്തകള്‍ ഉണ്ടാകുന്നു. അത്. സിനിമാ തിയേറ്റര്‍ പരിസരങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്നു. കൂട്ടങ്ങളില്‍ നിന്നും വിട്ടു പോകാതെ, വേഷങ്ങളില്‍ വ്യത്യസ്തരായി അവര്‍ ഒത്തു ചേരുന്നു. അങ്ങനെയൊരു സാംസ്‌ക്കാരിക ഇടം കൂടിയാണ് ചലച്ചിത്ര മേളകള്‍. കഴിഞ്ഞ 28 കൊല്ലങ്ങളിലും ചലച്ചിത്ര മേളകളിലെ ഡെലിഗേറ്റുകള്‍ ചെയ്തു വരുന്നതും ഇതു തന്നെയാണ്.
ചെറിയ സിനിമകളുടെ വലിയ ലോകങ്ങള്‍ ?
കാലം മാറും തോറും സാങ്കേതികവിദ്യയുടെ രൂപപരിണാമങ്ങള്‍ക്ക് അനുസരിച്ച് ചലച്ചിത്രങ്ങളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ചെറിയ മൊബൈല്‍ ഫോണ്‍ പോലും കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ക്ക് ജന്മം നല്‍കാന്‍ സാധിക്കുന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു. നമുക്ക് സാധ്യമായ വിഭവങ്ങള്‍ കൊണ്ട് മികച്ച സൃഷ്ടികള്‍ നടത്താന്‍ കലാകാരന്മാര്‍ക്ക് അവസരം കിട്ടി എന്നതാണ് ഇതിലെ ജനകീയത. യുട്യൂബ് പോലുള്ള മാധ്യമങ്ങളില്‍ സ്വതന്ത്രമായി സര്‍ഗാത്മക സൃഷ്ടി നടത്താന്‍ കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ ജനാധിപത്യപരമായ നിരീക്ഷണം. ഒരു പ്രത്യേക ചട്ടക്കൂടില്‍ നിന്നും ചലച്ചിത്രങ്ങളോ ഹ്രസ്വ ചിത്രങ്ങളോ വിടുതല്‍ നേടി എന്നതാണ് ഈ മേഖലയില്‍ സംഭവിച്ച ഏറ്റവും വലിയ വിപ്ലവം.
സിനിമ ഉയര്‍ത്തുന്ന രാഷ്ട്രീയം ?
ചലച്ചിത്ര മേളകളുടെ രാഷ്ട്രീയം സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയവുമായി ഐക്യപ്പെടാതെ വയ്യ. ചലച്ചിത്രങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് സാമൂഹികമായ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മാത്രമല്ല സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളുടെ സാധ്യതകളുടെ അന്വേഷണം കൂടിയാണ്. സാമൂഹിക പ്രതിബദ്ധത എന്ന ഒരു പ്രയോഗത്തില്‍ മാത്രം തളച്ചിടുന്ന സംരംഭങ്ങളല്ല ചലച്ചിത്രങ്ങള്‍. അതിന് മൗലികമായ സ്വാതന്ത്ര്യമുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകന് അയാളുടെ സ്വാതന്ത്ര്യത്തിന് അനുസൃതമായി കഥ പറയാനുള്ള അവകാശമുണ്ട്. പാരമ്പര്യ രീതികളില്‍ നിന്നും വ്യത്യസ്തമായി കഥ പറയാനും ദൃശ്യവല്‍ക്കരിക്കാനുമുള്ള കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലാണ് ചലച്ചിത്രങ്ങളുടെ ഭാവി.
ഇറാഖില്‍ നിന്നോ സിറിയയില്‍ നിന്നോ പാലസ്തീനില്‍ നിന്നോ വരുന്ന ഒരു ചലച്ചിത്രത്തിന് അവരുടെ വര്‍ത്തമാനകാല ജീവിതത്തെ രേഖപ്പെടുത്താതിരിക്കാന്‍ സാധിക്കുകയില്ല. പക്ഷെ അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ വ്യത്യസ്തമായിരിക്കും. മുന്‍പ് ലോകം സമാന സാഹചര്യങ്ങളില്‍ പറഞ്ഞു പോയ ആ കഥക്ക് പുതിയൊരു രീതിശാസ്ത്രം ഉണ്ടായി വരുന്നു. അത് തന്നെയാണ് ഭാവിയില്‍ ആ കലയ്ക്ക് ഊര്‍ജമാകുന്നതും. മനുഷ്യപക്ഷ രാഷ്ട്രീയമാണ് സിനിമയുടെ മുഖ മുദ്ര. ഒരുപക്ഷേ ചാപ്ലില്‍ കാലത്തിന് മുന്പ് തന്നെ സിനിമ അതിന്റെ വ്യക്തമായ രാഷ്ട്രീയം വച്ചു പുലര്‍ത്തിയിരുന്നുവെന്ന് കാണാം.
ഫാസിഷത്തിന് എതിരെയുള്ള ആയുധം ?
രാജ്യാന്തര ചലച്ചിത്ര മേളയെപ്പോലെ ഒരു പരിപാടി പ്രതിഷേധങ്ങളുടെ കൂടെ ഭാഗമാകണം. ഒരു ന്യൂനപക്ഷത്തെയല്ല, ഭൂരിപക്ഷത്തെ തന്നെ പ്രതിനിധീകരിക്കാന്‍ നമുക്ക് സാധിക്കണം. യുദ്ധ സിനിമകള്‍, അഭയാര്‍ഥി പ്രശ്‌നങ്ങളെ വിഷയമാക്കിയിട്ടുള്ള ചിത്രങ്ങള്‍ ദുരന്തങ്ങളും അധിനിവേശങ്ങളും ഇല്ലാതാക്കിയ മനുഷ്യരുടെ കഥ പറയുന്ന ചലച്ചിത്രങ്ങള്‍, അങ്ങനെ വ്യത്യസ്തമായ ചിത്രങ്ങള്‍ എക്കാലത്തും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാലിക പ്രസക്തിയുള്ള ഇത്തരം ചിത്രങ്ങള്‍ സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ഫാസിസത്തിനും എതിരെയുള്ള ഏറ്റവും വലിയ ആയുധങ്ങളാണ്.
എന്തു കൊണ്ട് ന്യൂഡിറ്റി ?
സെന്‍സര്‍ഷിപ്പ് ഇല്ലാത്ത മഹത്തായ ഒരു ലോകമാണ് ഫിലിം ഫെസ്റ്റിവല്‍ സംസ്‌ക്കാരം ഉയര്‍ത്തുന്നത്. സാമ്പ്രദായിക ബിംബങ്ങളെ തച്ചുടക്കാനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗം നഗ്‌നതയാണ്. അത് ശരീരത്തിന്റെ രാഷ്ട്രീയമാണ്. എന്തിനെയും പ്രതിരോധിക്കാന്‍ ഉതകുന്ന ഒരു വലിയ ആയുധമാണ് ലൈംഗികതയും ശരീര രാഷ്ട്രീയവും. മൂന്നാം ലോക സിനിമ നിര്‍മ്മിക്കുന്ന വലിയൊരു സാധ്യതയാണ് ഇത്.
ഇരുപതാം നൂറ്റാണ്ടിന്റെ മാധ്യമം എന്ന നിലയിലാണ് സിനിമ പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യന്റെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും കലഹങ്ങളുടെയും അനുരഞ്ജനത്തിന്റെയും എന്നിങ്ങനെ സമസ്തവികാരങ്ങളുടെയും ആഖ്യാനം എന്ന നിലയില്‍ ചലച്ചിത്രം മനുഷ്യന്‍ ഹൃദയത്തോടു ചേര്‍ത്തുവച്ച ഒരു കലാരൂപമായിരുന്നു. ഒരു പക്ഷേ, ചലച്ചിത്രത്തോളം മനുഷ്യസ്വഭാവത്തെ മനസ്സിലാക്കുന്നതില്‍ മറ്റൊരു മാധ്യമവും വിജയിച്ചിട്ടുണ്ടാവില്ല.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സര്‍ഗാത്മകമായ രാഷ്ട്രീയപ്രവര്‍ത്തനം അധീശത്വപ്രവണതയെ അടി മുതല്‍ മുടി വരെ എതിര്‍ക്കുന്ന മികച്ച ചലച്ചിത്രങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു. എന്നാല്‍, ഇത്തരം ചിത്രങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കാണികളിലേക്ക് എങ്ങനെ എത്തുമെന്നതായിരുന്നു. കച്ചവടസിനിമകള്‍ എന്ന് വിളിക്കപ്പെടുന്ന മുഖ്യധാരാ സിനിമകളുടെ പ്രദര്‍ശനത്തിനായി എക്കാലവും തിയേറ്ററുകള്‍ ഉണ്ടായിരുന്നെങ്കിലും പ്രതിരോധത്തിന്റെ രാഷ്ട്രീയം പറയുന്ന കലാത്മകമായ പരീക്ഷണങ്ങളോട് അവ പലപ്പോഴും മുഖം തിരിച്ചു നിന്നു. അതുകൊണ്ടുതന്നെ, മുഖ്യധാരയില്‍ നിന്നും മാറി നടക്കുന്ന – സിനിമയുടെ തന്നെ വ്യാകരണത്തെ അപനിര്‍മ്മിക്കുന്ന, ഭരണകൂടങ്ങളുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ ഉച്ചത്തില്‍ സംസാരിക്കുന്ന, ജനാധിപത്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍ പങ്കുവയ്ക്കുന്ന, ജനപക്ഷരാഷ്ട്രീയം പറയുന്ന – ചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തിനാണ് ചലച്ചിത്രമേളകള്‍ എല്ലായ്‌പ്പോഴും ശ്രദ്ധ കൊടുത്തിരുന്നത്.
ആസ്വാദനത്തിന്റെ രീതികള്‍ മാറി വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്താകമാനം സിനിമ തിയേറ്ററുകളുടെ എണ്ണത്തില്‍ വലിയ കുറവ് നേരിട്ടുകൊണ്ടിരിക്കുന്നു. OTT എന്ന പേരില്‍ അറിയപ്പെടുന്ന, ഇന്റര്‍നെറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന സംവിധാനത്തിലൂടെ സിനിമ പ്രേക്ഷകരിലേക്ക് നേരിട്ട് എത്താന്‍ തുടങ്ങി. 2010 മുതല്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി ഹോട്ട്സ്റ്റാര്‍ എന്നിങ്ങനെയുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായി സിനിമ പ്രദര്‍ശനത്തിനുള്ള അവകാശം വാങ്ങിക്കൂട്ടുകയും സ്വന്തമായി ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യാന്‍ തുടങ്ങി. മുബി (MUBI) പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ മുഖ്യധാരയ്ക്ക് പുറത്തുള്ള ചിത്രങ്ങളുടെ കാഴ്ചയ്ക്കും അവസരമൊരുക്കി. അങ്ങനെ ചലച്ചിത്രങ്ങള്‍ അടച്ചിട്ട മുറിയില്‍ ഇരുന്ന് തനിച്ച് ആസ്വദിക്കാവുന്നവയായി മാറുമ്പോള്‍, ചലച്ചിത്രമേളകള്‍ക്ക് ഇനി എന്ത് പ്രസക്തി എന്നത് ശ്രദ്ധേയമായ ചോദ്യമാണ്.
ഓരോ ദിവസവും പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തപ്പെടുന്ന ഫാസിസ്റ്റ് കാലഘട്ടത്തില്‍ ചലച്ചിത്രമേളകള്‍ ജനാധിപത്യത്തിന്റെ ഉത്സവമായി തുടര്‍ന്നേ പറ്റൂ.