ഒരു ദിവസത്തെ യാത്രയ്ക്ക് അനുയോജ്യമാണ് തിരുവനന്തപുരം കൊല്ലം അതിർത്തിയിലുള്ള കടയ്ക്കൽ പഞ്ചായത്തിലെ മീൻമുട്ടി വെള്ളച്ചാട്ടം. കടയ്ക്കൽ പഞ്ചായത്തിൽ കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ക്രിസ്റ്റൽ ക്ലിയർ വെള്ളത്തിൽ കുളിക്കാൻ തയ്യാറായി വേണ്ട സാധനങ്ങളെല്ലാം കരുതിപ്പോയാൽ എത്ര നേരം വേണമെങ്കിലും ആസ്വദിച്ച് നീന്തിത്തുടിക്കാം. പാറകളിൽ തട്ടി പതഞ്ഞൊഴുകി എത്തുന്ന വെള്ളത്തിന്റെ കാഴ്ച മീൻമുട്ടിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുളിരേകുന്നത് തന്നെയാണ്. 30 അടി താഴ്ചയിലേക്ക് വെള്ളം ചിതറിവീഴുന്ന കാഴ്ചയാണ് ഇവിടെ മനോഹരം. ചിറ്റാറിന്റെ കൈവഴികളിലൊന്നാണ് വേനലിൽ മെലിഞ്ഞും മഴക്കാലത്ത് ആർത്തലച്ചും തൊളിക്കുഴി മീൻമുട്ടിയിൽ വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്. ഇവിടെ, പാറകളിൽ തട്ടി വെള്ളം പതഞ്ഞൊഴുകുന്നത് സഞ്ചാരികൾക്ക് ഹരമേകും.
വെള്ളച്ചാട്ടത്തിനു താഴെയായി വലിയ ആൽമരം തണൽവിരിച്ചുനിൽക്കുന്നതിനാൽ നട്ടുച്ചയ്ക്കും ഇവിടെ മരംകോച്ചുന്ന തണുപ്പാണ്. ഇവിടെ വെള്ളച്ചാട്ടത്തിന് അടുത്തായി ഒരുക്ഷേത്രമുണ്ട്. ശ്രീനാരായണ ഗുരുദേവൻ സന്ദർശിച്ച ക്ഷേത്രം ആണ് ഇതെന്നാണ് പറയപ്പെടുന്നത്. കിളിമാനൂർ അടയമൺ സന്ദർശിച്ച ഗുരുദേവൻ മീൻമുട്ടി വെള്ളച്ചാട്ടത്തിനുസമീപം ധ്യാനനിരതനായി. തന്നെ കാണാനെത്തിയ ദളിതർ നൽകിയ ഭക്ഷണം അവർക്കൊപ്പമിരുന്നു കഴിച്ചതായും പറയപ്പെടുന്നു. ഗുരു ഇരുന്ന് ദളിതരെ ഊട്ടിയ സ്ഥലമായതിനാൽ ഇരുന്നൂട്ടി എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. ഇവിടം സന്ദർശിച്ച് വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ആഗ്രഹമുള്ളവർക്ക് ക്ഷേത്രം ചുറ്റി പുറകുവശംവഴി പാറക്കൂട്ടത്തിലെത്താം. വിശ്രമസങ്കേതവും ഉൾപ്പെടെയുള്ളവ നിർമിച്ചാൽ വെള്ളച്ചാട്ടം കൂടുതൽ ആസ്വാദ്യമാക്കാൻ കഴിയും.
വെള്ളച്ചാട്ടത്തിന്റെ മനംമയക്കുന്ന കാഴ്ചകളിൽ മയങ്ങുന്നവർ ശ്രദ്ധിക്കേണ്ടത് മഴക്കാലത്താണ്. സൂചനാ ബോർഡുകൾ ശ്രദ്ധിക്കാതെ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയാൽ അത് ദുരന്തത്തെ വിളിച്ചുവരുത്തലാകും. മഴക്കാലത്ത് വലിയ വഴുക്കൽ പാറക്കെട്ടുകളിൽ ഉണ്ടാകും. അതിനാൽ സ്വയം ശ്രദ്ധവേണം. ഒട്ടും പ്രതീക്ഷിക്കാത്ത ചിലയിടങ്ങളിൽ വലിയ ആഴമാണ് ഉണ്ടാവുക. അതിനാൽ കുളിക്കാൻ ഇറങ്ങുമ്പോൾ കരയിൽ നിന്ന് അധികം നീങ്ങി ദൂരെ പോകാതെ ശ്രദ്ധിക്കണം.
കർക്കിടക വാവിന് ബലിതർപ്പണത്തിന് നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്താറുള്ളത്. എംസി റോഡിൽ കിളിമാനൂർ കുറവംകുഴിയിൽ നിന്നും കല്ലറ, കടയ്ക്കൽ എന്നിവിടങ്ങൾ വഴി മീൻമുട്ടിയിൽ എത്താം.