‘കെജിഎഫ്’ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക അവിനാഷ്. നടൻ അവിനാഷിന്റെ ഭാര്യയാണ് മാളവിക. ഇപ്പോൾ ഒരു അഭിമുഖത്തിൽ മാളവിക മകൻ ഗാലവിനെ കുറിച്ച് സംസാരിക്കുകയാണ്. മകൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഓർത്ത് ഒരുപാട് വിഷമിക്കുന്നുണ്ടെന്നാണ് മാളവിക വൈകാരികമായി പറയുന്നത്. 15 വർഷത്തോളമായി താനും അവിനാഷും ഉറങ്ങിയിട്ട് എന്നാണ് മാളവിക പറയുന്നത്. മകന്റെ അസുഖത്തെക്കുറിച്ച് ഓർത്ത് പേടിച്ചിട്ടല്ല ഉറങ്ങാതിരിക്കുന്നത്, അവനും ഉറങ്ങാറില്ല അതുകൊണ്ട് ഞങ്ങൾക്കും ഉറക്കം വരാറില്ല. മകൻ കരഞ്ഞു കൊണ്ടേയിരിക്കുമ്പോൾ അച്ഛനും അമ്മയ്ക്കും എങ്ങനെ ഉറങ്ങാൻ കഴിയും? എന്നും മാളവിക ചോദിക്കുന്നു.
മകനുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണം ജനറ്റിക്കായി ഒന്നുമല്ല, അപൂർവങ്ങളിൽ അപൂർവ്വമായി ചിലർക്ക് മാത്രം വരുന്ന ഒരു അസുഖം. എന്തോ ഭാഗ്യക്കേടുകൊണ്ട് അത് തങ്ങളുടെ മകനെ പിടിപെട്ടു എന്നാണ് മാളവിക അവിനാഷ് പറയുന്നത്. എന്താണ് പ്രശ്നം എന്നറിഞ്ഞാൽ മാത്രമല്ലേ നമുക്ക് ചികിത്സിക്കാൻ കഴിയൂ എന്നാണ് താരം ചോദിക്കുന്നത്. വളരെ അപൂർവമായ വുൾഫ് ഹിർസ്‌കോൺ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് മകൻ ഗാലവിനുള്ളത്. എന്താണ് ഈ അസുഖം എന്നും ഇതാണ് മകനെ ബാധിച്ച പ്രശ്നം എന്നും മനസ്സിലാക്കിയെടുക്കാൻ അവന് 12 വയസ്സാകേണ്ടി വന്നു എന്നാണ് മാളവിക കൂട്ടിച്ചേർക്കുന്നത്. സ്വയം എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ മകന് കഴിയുമായിരുന്നില്ല. വർഷങ്ങളോളം ന്യൂറോളജിസ്റ്റിന്റെ സഹായം തേടി. എന്നാൽ പ്രശ്നം കണ്ടുപിടിക്കാൻ 12 വർഷം കാത്തിരിക്കേണ്ടി വന്നു. മകന്റെ ബുദ്ധിമുട്ടുകൾ മാറി കിട്ടാൻ അവൻ വളരെ ചെറുപ്പത്തിൽ ആയിരിക്കുമ്പോൾ കയറിയിറങ്ങാത്ത അമ്പലങ്ങളിൽ ഇല്ലെന്നും താരം കൂട്ടിച്ചേർക്കുന്നു.
മകനു വന്ന ഈ പ്രശ്നങ്ങളുടെ പേരിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും മാളവിക കൂട്ടിച്ചേർക്കുന്നു. നിങ്ങളുടെ കുടുംബത്തിൽ ആർക്കോ ജനറ്റിക് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, അത് മറച്ചുവെച്ച് വിവാഹം കഴിച്ചു എന്നുവരെ പലരും പറഞ്ഞു. അവിനാഷുമായും താനും പലപ്പോഴും വഴക്കിട്ടുണ്ട്. രണ്ടുപേരിൽ ആരെങ്കിലും ഒരാൾ വിട്ടുകൊടുത്തല്ലേ മതിയാകൂ പലപ്പോഴും അത്തരത്തിൽ വിട്ടുകൊടുത്തിട്ടുണ്ടെന്നും താരം പറയുന്നു. ഗലാട്ട മീഡിയയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.