യുവനടിമാരിൽ ഏറ്റവും കൂടുതൽ ആളുകൾ ഷൂട്ടിങ് സെറ്റിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നായി പറയാറുള്ളത് ടോയ്ലെറ്റ് സൗകര്യം തന്നെയാണ്. കാരവാൻ ഉപയോഗിക്കേണ്ട സാഹചര്യം വരുമ്പോൾ പല മുൻനിര നടിമാരും അതിന് സഹകരിക്കാറില്ലെന്ന് മുമ്പ് നടി ശ്വാസികയും വെളിപ്പെടുത്തിയിരുന്നു. മുൻനിര നടിമാരിൽ നിന്നാണ് ഇത്തരം പെരുമാറ്റങ്ങൾ കണ്ടിട്ടുള്ളതെന്ന് തുടക്കകാരായ നടിമാരിൽ പലരും വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം വരുമ്പോൾ കുറച്ച് നിയന്ത്രണം വെക്കണമെന്ന് പറയുകയാണ് നടി പൗളി വത്സൻ. കാരണം നമ്മൾ വിചാരിക്കുന്നയാളുകളല്ല ജൂനിയർ ആർട്ടിസ്റ്റുകളായി വരുന്നവരിൽ എല്ലാം. അവർക്ക് ഇത്തരം സൗകര്യങ്ങൾ കൊടുത്താൻ അവർ അത് പലരീതിയിൽ ഉപയോഗിക്കും. അതുകൊണ്ട് നിയന്ത്രണം വേണ്ടിവരും. അതുകൊണ്ട് സിനിമാക്കാരെ കുറ്റം പറയാനും പറ്റില്ലെന്നും പൗളി പറയുന്നു.
എന്നാൽ തനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ആവശ്യമുള്ളപ്പോൾ ചോദിച്ചിട്ട് താൻ കാരവാൻ സൗകര്യം ഉപയോഗിക്കാറുണ്ടെന്നും പൗളി പറയുന്നു. ആദം ജോൺ സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവവും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പൗളി പങ്കുവെച്ചു.
ഞാൻ ഒരു സീനിയർ ആർട്ടിസ്റ്റാണെന്നത് എന്റെ കയ്യിലുണ്ട്. എനിക്ക് പണി അറിയാമെന്ന് ധൈര്യവുമുണ്ട്. പിന്നെ ഞാൻ അധികം ആർഭാടമില്ലാത്തയാളാണ്. ഞാൻ അവാർഡ് കിട്ടിയ വ്യക്തിയാണ് അതുകൊണ്ട് കാരവാൻ വേണം എന്നൊന്നും പറയാറില്ല. പക്ഷെ കാരവാൻ മാത്രമുള്ളിടത്ത് അത് ഉപയോഗിക്കുന്ന താരങ്ങൾ പിണങ്ങുമെന്ന് കരുതി ഉപയോഗിക്കാതെ മാറി നിൽക്കാറുമില്ല. ഞാൻ അതൊന്നും കേൾക്കാതെ കേറി ചെല്ലും.
ഒരു ദിവസം ഭാവനയൊക്കെ ഉപയോഗിക്കുന്ന കാരവാൻ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ആദം ജോൺ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ ഒറ്റ ഡയലോഗ് മാത്രമെ എനിക്കുള്ളു. പട്ടുമലയിലായിരുന്നു ഷൂട്ട്. അവിടെ ഒരു പള്ളിയുണ്ട്. വമ്പൻ കല്യാണമാണ് ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ട് പള്ളിയും പരിസരവും ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്നു. എനിക്ക് മൂത്രമൊഴിക്കാൻ പോണം. എന്ത് ചെയ്യുമെന്ന് ഞാൻ ആലോചിച്ചു. ആരും കൂടെയില്ലതാനും. അപ്പോഴാണ് ഒരു കാരവാൻ കിടക്കുന്നത് കണ്ടത്.
ഞാൻ അവിടേക്ക് ചെന്ന് മുട്ടി. രണ്ട് മേക്കപ്പ് ആർട്ടിസ്റ്റുകളും ഭാവനയും ആ കാരവാനിലുണ്ടായിരുന്നു. എന്താണ് ചേച്ചിയെന്ന് ഭാവന ചോദിച്ചു. മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഭാവന സമ്മതിച്ചു. എന്നോട് ആരും കാരവാൻ ഉപയോഗിച്ചതിന് പിണങ്ങിയില്ല. ആവശ്യമുണ്ടെങ്കിൽ നമുക്ക് ഇതുപോലെ ആവശ്യപ്പെടാം.
വലിയ പ്രശ്നങ്ങളൊന്നുമില്ല. ആരും കൈപിടിച്ച് മാറ്റുകയുമില്ല. ഭാവന ശ്രദ്ധിച്ചതുപോലുമില്ല. തിരികെ വരും മുമ്പ് ഭാവനയോട് കുറച്ച് സമയം സംസാരിക്കുകയും ചെയ്തു എന്നും പൗളി പറഞ്ഞു.
content highlight: pauly-valsan-about-junior-artist