ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ (ഇ.വി.എം) പരിശോധനക്കായി നയരൂപവത്കരണം ആവശ്യപ്പെടുന്ന ഹരജികൾ ജനുവരിയിൽ പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഹരിയാന മുൻ മന്ത്രി കരൺ സിങ് ദലാൽ, ലഖൻ കുമാർ സിംഗ്ല എന്നിവർ സമർപ്പിച്ച ഹരജികൾ ജസ്റ്റിസ് ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിക്കുകയെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
സമാന ആവശ്യമുന്നയിച്ചുള്ള ഹരജികൾ നേരത്തെ തള്ളിയിരുന്നുവെന്നും ഇതിലും അതേ സമീപനം സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ആവശ്യപ്പെട്ടു. തുടർന്ന്, ജനുവരി നാലാംവാരം ഹരജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു. ഡിസംബർ 13ന് ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് ഹരജി കേൾക്കാൻ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹരജി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ എത്തിയത്. ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ജസ്റ്റിസ് ഖന്ന, ജസ്റ്റിസ് ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഏപ്രിലിൽ തള്ളിയിരുന്നു.
content highlight : sc-to-hear-evm-case-in-january-2025