Travel

നഗരത്തിനുള്ളില്‍ പ്രകൃതി ഒളിപ്പിച്ച മനോഹര സ്ഥലം; ബന്നാര്‍ഗട്ടയിലേക്ക് ഒരു യാത്ര! | A trip to Bannerghatta

വല്ലാത്ത തിരക്കിലും ബാംഗ്ലൂരിന്റെ സൗന്ദര്യം അങ്ങനേ നില്‍ക്കുകയാണ്

നഗരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ തിരക്കേറിയ ജീവിതമാണ് ആദ്യം മനസ്സിലേയ്ക്കുവരുക. എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും തിരക്കുതന്നെ തിരക്ക്. എല്ലാം മാറ്റിവച്ച് ജീവിതത്തെ അല്‍പമൊന്ന് അയച്ചുവിടാമെന്ന് ആലോചിച്ചാല്‍ അതിനുമുണ്ട് ഈ തിരക്കേറിയ നഗരത്തില്‍ ഒരു പാട് അവസരങ്ങള്‍. വല്ലാത്ത തിരക്കിലും ബാംഗ്ലൂരിന്റെ സൗന്ദര്യം അങ്ങനേ നില്‍ക്കുകയാണ്. ഷോപ്പിങ് മാളുകളും ഫുഡ് കോര്‍ട്ടുകളുമുണ്ട് ചുറ്റിക്കറങ്ങാന്‍ ഇതൊന്നുമല്ലാതെ പച്ചപ്പും ഏകാന്തതയും തരുന്ന പാര്‍ക്കുകളും കുറവല്ല ഈ സുന്ദര നഗരത്തില്‍. ആഴ്ചാവസാനം തിരക്കില്‍ നിന്നൊഴിഞ്ഞ് ഒന്ന് ആസ്വദിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നാണ് ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്. ബാംഗ്ലൂരില്‍ത്തന്നെയുള്ളവര്‍ക്കും ബാംഗ്ലൂര്‍ കാണാനെത്തുന്നവര്‍ക്കുമെല്ലാം വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇവിടമെന്നതില്‍ സംശയമില്ല.

ബാംഗ്ലൂര്‍ നഗരഹൃദയത്തില്‍ നിന്നും 22 കിലോമീറ്റര്‍ പോയാല്‍ ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്കിലെത്താം. 104 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക് ബന്നാര്‍ഗട്ട ഫോറസ്റ്റ് ഡിവിഷനിലെ അനേക്കല്‍ റേഞ്ജിലെ പത്ത് റിസര്‍വ്വ് ഫോറസ്റ്റുകളില്‍ ഒന്നാണ്. 1971ലാണ് ഈ നാഷണല്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്. മൃഗശാല, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, അക്വേറിയം, ക്രൊക്കോഡൈല്‍ പാര്‍ക്ക്, മ്യൂസിയം, ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, സ്‌നേക്ക് പാര്‍ക്ക്, പെറ്റ് കോര്‍ണര്‍ എന്നിവയാണ് നാഷണല്‍ പാര്‍ക്കിനുള്ളിലുള്ള കാര്യങ്ങള്‍. കാട്ടിലാണെങ്കില്‍ എണ്ണമറ്റ സസ്യലതാദികളും വൃക്ഷങ്ങളും. മൃഗങ്ങളെ വെറുതേ കൂട്ടിലടയ്ക്കാതെ അവയ്ക്ക് അനുയോജ്യമായ പ്രകൃതിസാഹചര്യങ്ങളൊരുക്കി വിശാലമായ വേലികള്‍ക്കുള്ളില്‍ വളര്‍ത്തുകയാണിവിടെ. അതുകൊണ്ടുതന്നെ കൂട്ടിലച്ച മൃഗങ്ങളുള്ള മൃഗശാല കാണുന്ന മടുപ്പ് ഇവിടെയുണ്ടാകുന്നില്ല.

സിംഹങ്ങളെ സ്വാഭാവിക സാഹചര്യത്തില്‍ വളരാന്‍ വിടുന്ന അപൂര്‍വ്വം പാര്‍ക്കുകളില്‍ ഒന്നാണിത്. പാര്‍ക്കിനകത്തെത്തിയാല്‍ വിവിധ തരം സഫാരികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ടൈഗര്‍ സഫാരി, ലയണ്‍ സഫാരി, ഗ്രാന്റ് സഫാരി എന്നിങ്ങനെ. ടൈഗര്‍ സഫാരിയെന്ന് പറയുമ്പോള്‍ പ്രധാനമായും കടുവകളെ കാണലാണ് ഉദ്ദേശം, പക്ഷേ കൂട്ടത്തില്‍ മറ്റ് പലതരക്കാരെയും കാണാനുള്ള അവസരം കിട്ടും. ലയണ്‍ സഫാരിയും ഇങ്ങനെതന്നെ. 25000 ഏക്കറിലാണ് കടുവകള്‍, സിംഹങ്ങള്‍, പുള്ളിപ്പുലികള്‍, കാട്ടുപോത്തുകള്‍, മാന്‍, മുയല്‍, പക്ഷികള്‍, ശലഭങ്ങള്‍ തുടങ്ങി നാനാജീവികള്‍ അവരുടേതായ സ്വാഭാവിക സാഹചര്യത്തില്‍ ജീവിക്കുന്നത്. അപൂര്‍വ്വമായ വെള്ളക്കടുവകളും, ബാംഗാള്‍ കടുവകളുമെല്ലാമുണ്ട് ഇവിടെ. സര്‍ക്കസില്‍ നിന്നും മറ്റും അനുഭവിയ്ക്കുന്ന പീഡനങ്ങളില്‍ നിന്നും അധികൃതര്‍ രക്ഷപ്പെടുത്തിക്കൊണ്ടുവന്നിരിക്കുന്ന മൃഗങ്ങളെ പ്രത്യേകം വേലികെട്ടത്തിരിച്ച ഒരു ഭാഗത്ത് പുനരധിവസിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും ഇത്തരം സാഹചര്യങ്ങളില്‍ ഇവിടെ അംഗങ്ങളായെത്തിയിട്ടുള്ളവരുണ്ട്. രാജ്യത്തെ ആദ്യത്തെ ചിത്രശലഭപാര്‍ക്കാണ് ഇവിടുത്തേത്. 2006ല്‍ കേന്ദ്രമന്ത്രിയായിരുന്ന കപില്‍ സിബലാണ് ഈ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. 7.5 എക്കറാണ് ഇതിന്റെ വിസ്തൃതി. ശലഭങ്ങള്‍ക്ക് പ്രിയമേറിയ പലതരം മരങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇരുപതിലേറെ ഇനത്തില്‍പ്പെട്ട ശലഭങ്ങളാണ് പാര്‍ക്കിലുള്ളത്. കൃത്രിമ കാലാവസ്ഥ സൃഷ്ടിച്ചെടുക്കാനായി പോളികാര്‍ബണേറ്റ് മേല്‍ക്കൂര തയ്യാറാക്കിയിട്ടുണ്ട് ഇതിന്. സൂ അതോറിറ്റി ഓഫ് കര്‍ണാടക, യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഓക്കോളജി ആന്റ് എന്‍വയോണ്‍മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ പാര്‍ക്ക് രൂപീകരിച്ചത്.

മൃഗങ്ങളെ കാണുന്നതിനൊപ്പം തന്നെ നല്ല പച്ചപ്പിലൂടെ മരത്തണലുകളിലൂടെ ഒരു യാത്രയും ഇവിടെ തരപ്പെടും. ആനപ്പുറത്ത് സഫാരി നടത്താനും സൗകര്യമുണ്ട്. പാര്‍ക്കിലെ കാട്ടിനുള്ളിലൂടെ ഒഴുകുന്ന സ്വര്‍ണമുഖി അരുവി മനോഹരമായ കാഴ്ചയാണ്. സ്വര്‍ണമുഖി മലനിരകളില്‍ നിന്നാണ് ഈ അരുവി ഒഴുകിയെത്തുന്നത്. പാര്‍ക്കിലെത്തുന്ന വിശ്വാസികളെക്കാത്ത് വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ചമ്പക ധാമ സ്വാമിക്ഷേത്രവുമുണ്ട് ഇവിടെ, വിഷ്ണുവിനെക്കൂടാതെ ശ്രീദേവി, ഭൂദേവി പ്രതിഷ്ഠകളുമുണ്ട് ക്ഷേത്രത്തില്‍. ബാംഗ്ലൂര്‍ നഗരത്തിലെ സ്ഥിരതാമസക്കാര്‍ക്ക് ഇടയ്ക്ക് ഇത്തിരി ശുദ്ധവായു ശ്വസിയ്ക്കാനും പ്രകൃതിയിലേയ്ക്ക് മടങ്ങാനുമുള്ള സാധ്യതയാണ് ബന്നാര്‍ഗട്ട പാര്‍ക്ക് തരുന്നത്. ഒറ്റദിവസത്തെ യാത്രകളും മറ്റും ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ സ്ഥലം, പ്രത്യേകിച്ചും കുട്ടികളും മറ്റുമുണ്ടെങ്കില്‍ അവര്‍ക്ക് ബന്നാര്‍ഗട്ട യാത്ര ഏറെ ഇഷ്ടമാകുമെന്നതില്‍ സംശയമില്ല. നഗരം കാണാനെത്തുന്നവര്‍ക്കാകട്ടെ തിരക്കുള്ള നഗരത്തിന്റെ മറ്റൊരു മുഖം അറിയുകയും ചെയ്യാം.

STORY HIGHLIGHTS : A trip to Bannerghatta