രുചികരമായ ശ്രീലങ്കന്‍ കറിയായ മാലു അംബുൽ (മീൻ പുളി) വീട്ടില്‍ തന്നെ ലളിതമായി തയ്യാറാക്കിയാലോ.. ഇതൊരു ശ്രീലങ്കൻ മീൻകറി ആണ്. വളരെ ലളിതമായി തയ്യാറാക്കാവുന്നതും ഏറെ രുചികരമായതുമായ വിഭവമാണ് മാലു അംബുൽ. നമ്മൾ സാധാരണ ഉപയോഗിക്കുന്ന ചേരുവകകൾ തന്നെ ചേര്‍ത്താണ് ഈ കറി തയ്യാറാക്കുന്നത്. ഉപയോഗിക്കുന്ന രീതിയിൽ മാറ്റമുണ്ടെന്നു മാത്രം.
ചേരുവകൾ
അയില – രണ്ടെണ്ണം വലുത് (ഏതു മീനിലും ഇത് ചെയ്യാം)
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
സവാള വളരെ ചെറിയ ചതുര കഷ്ണങ്ങളായി അരിഞ്ഞത് – ഒരു വലുത്
പച്ചമുളക് നെടുകെ പിളർന്നത് – നാലഞ്ചു എണ്ണം
കറിവേപ്പില – ഒരു പിടി
വെളിച്ചെണ്ണ – നാലു ടേബിൾ സ്പൂൺ
ഉപ്പു – ആവശ്യത്തിന്
വെള്ളം – രണ്ടു കപ്പ്
അരപ്പിനുള്ള ചേരുവകകൾ:
ഒന്നര ടേബിൾ സ്പൂൺ മുഴുവൻ കുരുമുളക് (എരിവ് അനുസരിച്ചു കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. ഇത് നല്ല എരിവുള്ള കറിയാണ്), നാലഞ്ചു കുടംപുളി വെള്ളത്തിലിട്ടു കുതിർത്തിയത്, നാലഞ്ചു വെളുത്തുള്ളി,
തയ്യാറാക്കുന്ന വിധം
ആദ്യം അരപ്പിനുള്ള ചേരുവകകൾ എല്ലാം കുടംപുളി കുതിർത്തിയ വെള്ളത്തോടൊപ്പം നല്ല വെണ്ണ പോലെ അരച്ചെടുക്കുക. ഒരു പരന്ന മണ്‍ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി ഇട്ടു മൂപ്പിച്ചു നല്ലൊരു മണം വരുമ്പോൾ പച്ചമുളക് ചേർത്ത് വഴറ്റി.. സവാള ചേർത്ത് വഴറ്റി ഇളം ബ്രൗൺ ആയി തുടങ്ങുമ്പോൾ കറിവേപ്പില ചേർത്ത് വഴറ്റുക. ഇതിലേക്ക് അരപ്പ് ചേർത്ത് വഴറ്റി ഒന്ന് മൂപ്പിക്കുക അഞ്ചു മിനിറ്റ് എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ രണ്ടു കപ്പ് വെള്ളം ചേർത്ത് നന്നായി തിള വരട്ടെ. തിളച്ചു കുറുകി തുടങ്ങുമ്പോൾ അതിലേക്കു മീൻ ചേർത്ത് അഞ്ചു മിനിറ്റ് മൂടി വയ്ക്കുക (മൂടുമ്പോൾ ഒരു വാഴയില മുകളിൽ ഇട്ടു അതിനു മുകളിൽ മൂടി കൊണ്ട് മൂടിയാൽ സ്വാദു കൂടും.
അഞ്ചു മിനിറ്റ് കഴിഞ്ഞു മൂടി തുറന്നു വച്ച് (വാഴയില അങ്കിനെ തന്നെ കിടന്നോട്ടെ..) വേവിച്ചു നല്ല കുറുക്കി എടുക്കണം. ഇടയ്ക്കു ചട്ടിയൊന്നു എടുത്തു ചുറ്റിച്ചു വയ്ക്കണം. നല്ല കട്ടിയുള്ള ഗ്രേവി അതാണ് കറിയുടെ പരുവം. കണ്ടാൽ കറുത്ത ഒരു കറി. ഇനി ഗ്യാസ് ഓഫ് ചെയ്യാം. ചട്ടിയിലിരുന്നു ഒന്നൂടെ വറ്റാന്‍ അനുവദിക്കുക.
ആരോഗ്യകരമല്ലാത്ത ഒരു ചേരുവകയും ഇല്ലാത്തൊരു കറിയാണിത്. സാധാരണ മീൻകറികളിൽ നിന്ന് കുടംപുളി എടുത്തു കളയാറാണ് പതിവ്. എന്നാൽ ഇതിൽ നമ്മൾ കഴിക്കുന്നതിനാൽ ക്യാന്‍സറിനെ പ്രതിരോധിക്കാൻ പോലും ഇത് നല്ലതാണ്. നല്ല ചൂട് ചോറിന്റെ കൂടെയും കപ്പയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും നല്ല കോമ്പിനേഷൻ ആണ്.