ചെറിയ കുട്ടികളിൽ പൊതുവായി കണ്ടുവരുന്നതാണ് വിരശല്യം. വായിൽ കയ്യിടുന്നതുമൂലം കൃമികളും രോഗാണുക്കളും മറ്റും കൂടി അവരുടെ വയറ്റിൽ എത്തുന്നു. അതിനാൽ ഒരു വയസ്സിനുശേഷം 6 മുതൽ 12മാസം കൂടുമ്പോൾ വിര മരുന്ന് ഉപയോഗിക്കാം. ഓരോ കുട്ടിയുടെയും ശീലങ്ങളും ചുറ്റുപാടും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം
വിരശല്യം വരാതെ ഇരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
കുഞ്ഞുങ്ങളുടെ അടിവസ്ത്രവും മറ്റും നന്നായി ചൂടുവെള്ളത്തില്‍ കഴുകി വെയിലത്ത് ഉണക്കി എടുക്കുക.
കുഞ്ഞുങ്ങളുടെ നഖം വെട്ടുക, അഴുക്ക് കളയുക.
നഖം കടിക്കുന്ന ശീലം നിര്‍ത്തുക.
വീട്ടില്‍ മറ്റു കുട്ടികള്‍ക്കും ഒരേ ദിവസം വിര മരുന്ന് നല്‍കുക.
മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടെങ്കില്‍ മരുന്ന് കഴിക്കണം.
ദിവസവും രാവിലെ കുളിക്കുകയും വേണം.
കുട്ടികളുടെ അടിവസ്ത്രം ഇടവേളകളില്‍ മാറ്റണം.
കിടക്കവിരിപ്പ്, പുതപ്പ് എന്നിവ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കഴുകണം.
ടോയ്ലറ്റ് സീറ്റ് ദിവസവും വൃത്തിയാക്കുക.
വൃത്തിയായി പാകം ചെയ്ത ഭക്ഷണവും വെള്ളവും കുടിക്കുക.
കിടക്കവിരി തട്ടി വിരിക്കുമ്പോള്‍ ചെറിയ കുട്ടികളെ അടുത്ത് നിര്‍ത്താതിരിക്കുക.
പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ വൃത്തിയായി കഴുകി മാത്രം കഴിക്കുക.
വിരശല്യം ഗുരുതരമായാല്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍
വിരകള്‍ ഓരോന്നും വ്യത്യസ്ത പ്രശ്നങ്ങള്‍ ഉണ്ടാക്കാം. റൗണ്ട് വേം ഇന്‍ഫെക്ഷന്‍ വര്‍ധിക്കുകയാണെങ്കില്‍ പിത്താശയത്തില്‍ ഇന്‍ഫെക്ഷന്‍, പിത്താശയത്തില്‍ തടസ്സം, കുടല്‍വീക്കം, കുടല്‍കയറ്റം, പാന്‍ക്രിയാസ് ഗ്രന്ഥിവീക്കം, മഞ്ഞപ്പിത്തം, ശ്വാസകോശത്തില്‍ വിരശല്യം മൂലം വലിവ്, അലര്‍ജി, വിറ്റാമിന്‍ തകരാറ്, വളര്‍ച്ചാ തകരാറ് എന്നിവ ഉണ്ടാക്കാം. ഹുക്ക് വേം ഇന്‍ഫെക്ഷന്‍ മൂലം കുട്ടികളില്‍ വിളര്‍ച്ച, അയണ്‍ കുറവ്, ട്രിക്കുറിയാസിസ് (Trichuriasis) എന്ന വിര മൂലം മലദ്വാരം തള്ളിവരിക എന്നിവയ്ക്ക് കാരണമാകാം.
രാത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന ഈ ചൊറിച്ചിലിനു കാരണം പിന്‍വേം(Pinworm) ആണ് ഇതിനു കാരണം. ഈ വിര രാത്രിയില്‍ മലദ്വാരത്തിന് ചുറ്റും വന്ന് മുട്ടയിടുകയും അതിന്റെ വാല് കൊണ്ട് തൊലിപ്പുറത്ത് ചെറിയ കുഴികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാലാണ് കുഞ്ഞുങ്ങള്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നത്.
വിരമരുന്ന് ആറ് മാസത്തിനിടയ്ക്ക് വീണ്ടും നല്‍കാമോ?
നല്‍കാം. കുഞ്ഞിന്റെ ചൊറിച്ചിലും അസ്വസ്ഥകളും കുറഞ്ഞില്ലെങ്കില്‍ വീണ്ടും മരുന്ന് നല്‍കണം. പിന്‍വേമിന് രണ്ട് ആഴ്ച ഇടവിട്ട് രണ്ടാമത്തെ ഡോസ് നല്‍കണം. കുറഞ്ഞില്ലെങ്കില്‍ മരുന്ന് മാറ്റി നല്‍കാവുന്നതാണ്. മാത്രമല്ല, വീട്ടിലെ മുതിര്‍ന്നവരും വിരമരുന്ന് കഴിക്കണം.
വിരമരുന്ന് എത്രതവണ നല്‍കണം?
വിരകള്‍ പലതരം ഉണ്ട്. ഓരോ വിരയ്ക്കും അനുയോജ്യമായ മരുന്ന് വേണം നല്‍കാന്‍. പിന്‍വേം(Pinworm) എതിരായി മരുന്ന് രണ്ടാഴ്ച ഇടവിട്ട് നല്‍കണം.
കുഞ്ഞിന്റെ മലത്തിലെ വെളുത്തു കാണുന്ന കൃമി ശല്യം മാറാത്തതിന് കാരണമെന്ത്?
ഈ വെളുത്തു നൂലു പോലെ കാണാന്‍ പറ്റുന്ന വിര കുട്ടികളുടെ വന്‍കുടലിലാണ് വിരശല്യം ഉള്ളവരില്‍ ജീവിക്കുന്നത്. ചൊറിയുമ്പോള്‍ മുട്ട നഖത്തില്‍ പറ്റുകയും കുഞ്ഞ് നഖം കടിക്കുമ്പോള്‍ മുട്ട വയറിനുള്ളില്‍ എത്തുകയും, വിരിഞ്ഞ് ആണും പെണ്ണും വിരകളാകുന്നു. അങ്ങനെ നഖം കടിക്കുന്ന കുട്ടികളില്‍ വിരശല്യം വിട്ടുമാറാതെ നില്‍ക്കും. ഇതില്‍ പെണ്‍വിര രാത്രി മലദ്വാരത്തിന് ചുറ്റും ചെറിയ കുഴികളില്‍ മുട്ട ഇടുന്നത്. അങ്ങനെ കുട്ടിക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നു.
ഈ വിര (Pinworm) പ്രശ്നക്കാരനാണോ? ചികിത്സിച്ചില്ലെങ്കില്‍ പ്രശ്നമുണ്ടാക്കുമോ?
പെണ്‍കുട്ടികളില്‍ പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്(Pelvic Inflamatory Disease-PID) , കുടലില്‍ അണുബാധ, കരള്‍വീക്കം എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിരശല്യം മൂലം കുട്ടികളില്‍ ഉണ്ടാകുന്ന പ്രശങ്ങള്‍ ഏതൊക്കെ?
മലദ്വാരം ചൊറിച്ചില്‍, യോനി ചൊറിച്ചില്‍, അലര്‍ജി പ്രശ്നങ്ങള്‍, പോഷകാഹാരക്കുറവ്, മലത്തില്‍ രക്തം കാണുക, വളര്‍ച്ചാ തകരാറുകള്‍, വിറ്റാമിന്‍ കുറവുകള്‍, തൊലിപ്പുറത്തെ അലര്‍ജി, പാടുകള്‍, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകാം.
വിരമരുന്ന് എങ്ങനെ കഴിക്കാം?
വിരയ്ക്ക് അനുസരിച്ച് വേണം മരുന്ന് കഴിക്കാന്‍. സാധാരണ എല്ലാ കുട്ടികള്‍ക്കും (Albendazole) എന്ന മരുന്നാണ് സാധാരണ നല്‍കാറുള്ളത്. രണ്ട് വയസ്സിന് മുകളില്‍ മുഴുവന്‍ ഡോസും രണ്ട് വയസ്സിന് താഴെ പകുതി അളവിലും,
ഒരു വയസിന് താഴെ തീരെ ചെറിയ കുട്ടികള്‍ക്ക് നല്‍കാറില്ല. (ശ്രദ്ധിക്കുക ഒരിക്കല്‍ മരുന്ന് കൊടുത്തിട്ടും വിരശല്യം മാറിയില്ലെങ്കില്‍ തുടര്‍ന്നും നല്‍കേണ്ടി വരും. കുഞ്ഞിന്റെ രോഗലക്ഷണത്തിന് കുറവില്ലെങ്കില്‍ വീണ്ടും മരുന്ന് നല്‍കേണ്ടി വരും. ചിലപ്പോള്‍ മരുന്ന് തന്നെ മാറ്റിക്കൊടുക്കേണ്ടി വരും. അതിനാല്‍ ഒരിക്കല്‍ കൊടുത്തതിനാല്‍ ആറുമാസം കഴിഞ്ഞേ കൊടുക്കാവു എന്ന ധാരണ മാറ്റണം.
content highlight :prevent-worm-infection-in-children