നിഷ്ഠൂരമായ പീഡനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് അത് പ്രചരിപ്പിച്ച് ബിറ്റ്‌കോയിൻ നേടുന്ന ഒരു സമ്പ്രദായം ലോകത്തിൽ ഇപ്പോൾ വ്യാപകമാണ്. പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ. വയലൻസ് ആസ്വദിക്കുന്നവർക്കിടയിലാണ് നിഷ്ഠൂരമായ ഈ നടപടികൾ നടക്കുന്നത്. ബിറ്റ്‌കോയിൻ – എന്ന ഈ രീതി പ്രധാന പശ്ചാത്തലമാക്കി ആദ്യമായി ഒരു മലയാള സിനിമ എത്തുന്നു. ‘ദി ഡാർക്ക് വെബ്ബ്’ എന്നാണ് ചിത്രത്തിൻ്റെ പേര്.
നാൽപ്പതുവർഷത്തിലേറെയായി വിവിധരംഗങ്ങളിൽ പ്രവർത്തിച്ചു പോരുന്ന ഗിരീഷ് വൈക്കമാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സ്റ്റിൽ ഫോട്ടോഗ്രഫിയിലൂടെയാണ് ഗിരീഷ് വൈക്കത്തിൻ്റെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ്. പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറായ സൂര്യാജോത്തിൻ്റെ പ്രധാന സഹായിയായിട്ടാണ് തുടക്കം. പിന്നീട് പ്രൊഡക്ഷൻ വിഭാഗത്തിലായി. ചന്ദ്രൻപനങ്ങോട്, കല്ലിയൂർ ശശി കുര്യൻ എന്നിവർക്കൊപ്പം സഹായിയായി പ്രവർത്തിച്ചു. പിന്നീട് പ്രൊഡക്ഷൻ കൺട്രോളറായി. എണ്പത്തിരണ്ട് ചിത്രങ്ങളുടെ നിർമ്മാണ കാര്യദർശിയായി വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചു. പ്രൊഡക്ഷൻ കൺട്രോളർ, എക്സിക്കുട്ടീവ്, മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. അതിനു ശേഷം രണ്ടു ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ട് നിർമ്മാതാവായി. മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, വൺമാൻ ഷോ എന്നീ ചിത്രങ്ങളാണ് ഗിരീഷ് നിർമ്മിച്ചത്.
മുമ്പ് ബാലചന്ദ്ര മേനോൻ സാറിനോടൊപ്പം പ്രവർത്തിക്കുമ്പോഴുണ്ടായ ഒരു അനുഭവമാണ് സംവിധായകനാകുവാനുള്ള സാഹചര്യമൊരുക്കിയതെന്ന് ഗിരീഷ് വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ ഒരു ചിത്രത്തിൻ്റെ കുറച്ചു വിഷ്യൽസുകൾ തന്നോടു ചിത്രീകരിക്കുവാൻ പറഞ്ഞു. അത് മേനോൻ സാറിനു തൃപ്തിയായിരുന്നു. സംവിധാനത്തിൽ ഭാവിയുണ്ടന്ന് അന്ന് മേനോൻ സാർ പറഞ്ഞത് ഒരു പ്രചോദനമായി മനസ്സിലുണ്ടായിരുന്നു. ഒരു നിമിത്തം പോലെ അതിനുള്ള സാഹചര്യം ഇപ്പോഴുണ്ടായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഇതിനിടയിൽ സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും പ്രോത്സാഹനമുണ്ടായി.
പൂർണ്ണമായും ആക്ഷൻ ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഡാർക്ക് ക്രൈം ത്രില്ലർ ജോണറാണ് ഈ ചിത്രത്തിൻ്റേത്. മികച്ച ഏഴ് ആക്ഷനുകളാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആക്ഷൻ കിംഗ് പളനി രാജാണ് ആക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. പെൺകുട്ടികളാണ് ഈ ചിത്രത്തിലെ സംഘട്ടനങ്ങൾ നടത്തുന്നതെന്നത് ഏറെ പ്രത്യേകതയാണ്. അവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. ചതിക്കുഴിയിൽ പെട്ടു പോയ രണ്ടു പെൺകുട്ടികൾ അവരുടെ രക്ഷക്കായി നടത്തുന്ന പോരാട്ടങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഉയർന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കമ്പ്യൂട്ടർ ഗ്രാഫിക്സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. മുംബൈയിലാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബോളിവുഡ്ഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുൽ വ്യാസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഇതിലെ ഒരു ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്. പുതുമുഖങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഗിരീഷ് വൈക്കം ഈ ചിത്രത്തെക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കാം. താരപ്പൊലിമയേക്കാളുപരി കഥക്കും അതിനനുയോജ്യമായ അവതരണവുമാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പുതുമുഖങ്ങളെ അണിനിരത്തിയത്. തെരഞ്ഞെടുത്തവർക്ക് ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ള നല്ല പരിശീലനം നൽകിയാണ് അവരെ ക്യാമറക്കുമുന്നിലെത്തിച്ചത്. നല്ല മുതൽമുടക്കിലാണ് ചിത്രത്തിൻ്റെ അവതരണം. മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രാച്ചി ടെഹ് ലാൻ ഈ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിമാബിന്ദു പ്രിയങ്കാ യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ജയിംസ് ബ്രൈറ്റിൻ്റേതാണ് തിരക്കഥ, സംഗീതം -എബിൻ പള്ളിച്ചൽ., തേജ് മെർവിൻ, ഗാനങ്ങൾ – ഡോ. അരുൺ കൈമൾ, ഛായാഗ്രഹണം – മണി പെരുമാൾ, എഡിറ്റിംഗ് – അലക്സ് വർഗീസ്, കലാസംവിധാനം – അരുൺ കൊടുങ്ങല്ലൂർ, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും – ഡിസൈൻ – ഇന്ദ്രൻ സ്ജയൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -ആദർശ്, കോ-ഡയറക്ടർ – ജയദേവ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – റാം മനോഹർ, രാജേന്ദ്രൻ പേരൂർക്കട, പ്രൊഡക്ഷൻ കൺട്രോളർ – രാജൻ ഫിലിപ്പ്, ആതിരപ്പള്ളി, വാഗമൺ, പാലക്കാട്, ഒറ്റപ്പാലം, ആലുവ, ഭാഗങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. പി ആർ ഒ വാഴൂർ ജോസ്.ഫോട്ടോ – മോഹൻ സുരഭി.