തിരുവനന്തപുരം: സംസ്ഥാന കായികമേളയിൽ നിന്നും രണ്ട് സ്കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കാൻ ഒരുങ്ങി സർക്കാർ. മാർ ബേസിലിന്റെയും നാവാമുകുന്ദ സ്കൂളിന്റെയും അപേക്ഷ പരിഗണിക്കുമെന്നും കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കുട്ടികളുടെ അവസരം നിഷേധിക്കുന്ന നടപടിയുണ്ടാകില്ല. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ സ്കൂളുകളുടെ വിലക്ക് നീക്കുന്ന തീരുമാനമുണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം നേടിയ തിരുനാവായ നാവമുകുന്ദ സ്കൂളിലെ ആദിത്യ അജി നടത്തിയ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി അറിയിച്ചു.
കായിക മേളയിൽ നിന്നും സ്കൂളിനെ വിലക്കിയ നടപടി പിൻവലിക്കണമെന്നും തന്നെ പോലെ കേരളത്തിനായി അധ്വാനിക്കുന്ന മറ്റ് കുട്ടികളുമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ദയവുചെയ്തു കനിയണമെന്നും ആദിത്യ അഭ്യർത്ഥിച്ചിരുന്നു. അടുത്ത വർഷം പ്ലസ് ടു ആയതിനാൽ അവസാന സ്കൂൾ മീറ്റാകും. കേരളത്തിന് മെഡൽ സമ്മാനിച്ച് സ്കൂൾ വിടണമെന്നാണ് ആഗ്രഹം. അതിനാൽ സ്കൂളിൻറെ വിലക്ക് പിൻവലിക്കണമെന്നായിരുന്നു ആദിത്യ അജിയുടെ അഭ്യർത്ഥന.
സംസ്ഥാന സ്കൂൾ കായികമേള സമാപനച്ചടങ്ങിൽ പോയിൻ്റ് നിലയെ ചൊല്ലിയുള്ള തർക്കം വിദ്യാർത്ഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരുന്നു. രണ്ടും മൂന്നും സ്ഥാനത്തുവന്ന സ്കൂളിനെ തഴഞ്ഞ് മറ്റൊരു സ്കൂളിന് ട്രോഫി നല്കി എന്നാരോപിച്ചായിരുന്നു വിദ്യാർത്ഥികൾ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചത്. മികച്ച സ്കൂളുകളുടെ വിഭാഗത്തില്‍ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് ആണ്. 44 പോയിന്റോടെ തിരുനാവായ നവാമുകുന്ദ എച്ച് എസ് എസും 43 പോയിന്റോടെ കോതമംഗലം മാര്‍ ബേസിലുമായിരുന്നു തൊട്ടുപിന്നില്‍.
എന്നാല്‍ ഇവര്‍ക്ക് പകരം സ്പോര്‍ട്സ് സ്കൂളായ ജി വി രാജയെ പോയിന്റ് അടിസ്ഥാനത്തില്‍ മികച്ച സ്കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ടാം സ്ഥാനം നല്‍കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം ആരംഭിച്ചത്. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയായിരുന്നു പ്രതിഷേധം. മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധവും നടന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിക്കേണ്ടിയും വന്നു. അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാർത്ഥികളെ ഇളക്കി വിടുകയായിരുന്നുവെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അന്ന് തന്നെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
CONTENT HIGHLIGHT: kerala school athletics meet v sivankutty