രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതു ചൈനയിൽനിന്നു വന്ന വൈറസ് അല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഐഎംഎ കൊച്ചി ഘടകം വ്യക്തമാക്കി.
‘കോവിഡ് വൈറസുമായി എച്ച്എംപിവിയെ താരതമ്യപ്പെടുത്താനും ഭീതി പടർത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതു പുതിയ അസുഖമല്ല. രാജ്യത്ത് കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കുട്ടികളിൽ 16 കേസുകൾ കണ്ടെത്തിയിരുന്നു. ആർടിപിസിആർ പരിശോധന അടക്കം നടത്തുമ്പോൾ ഏതൊക്കെ വൈറസ് ശരീരത്തിൽ ഉണ്ടെന്നു മനസ്സിലാക്കാനാകും. അതിൽ എച്ച്എംപിവി ഉൾപ്പെടെയുള്ളവയുടെ ഫലം ലഭിക്കാറുണ്ട്. എന്നാൽ അവയെ പ്രത്യേകം പരിഗണിക്കുകയോ ചികിത്സിക്കുകയോ ചെയ്യേണ്ട സാഹചര്യമില്ല.’ സംഘടനാ ഭാരവാഹികൾ പറഞ്ഞു.
‘ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത വൈറസ് വകഭേദമായിരുന്നു കോവിഡിന്റേത്. എന്നാൽ ഇത് അങ്ങനെയല്ല. ചൈനയിൽ ഇപ്പോൾ ശൈത്യകാലമാണ്. ഈ സമയത്ത് ഇൻഫ്ലുവൻസയും മറ്റും പടർന്നു പിടിക്കാറുണ്ട്. ഇത്തരം അസുഖമുണ്ടാകുമ്പോൾ വലിയ ആശുപത്രികളിലേക്ക് പോകുന്നതും ഐവി ഡ്രിപ് നൽകുന്നതും ചൈനയിൽ പതിവാണ്. ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചത്. എന്നാൽ ആശങ്കപ്പെടുത്തേണ്ട സാഹചര്യമൊന്നുമില്ല. ഇവിടെ നാട്ടിൽ വളരെ നേരത്തെയുള്ള വൈറസാണിത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കുെമാക്കെ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. അപകടമൊന്നും സംഭവിക്കാറില്ല.’ ഐഎംഎ വക്താവ് ഡോ.രാജീവ് ജയദേവൻ പറഞ്ഞു.
STORY HIGHLIGHT: human metapneumovirus hmpv ima