ടി ബി എന്നറിയപ്പെടുന്ന ക്ഷയരോഗം വളരെ ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. ക്ഷയരോഗം പകരുന്നത് വായുവിലൂടെ ആണ്. സ്ഥിരമായി ചുമ, നെഞ്ചുവേദന, പനി, വിശപ്പില്ലായ്മ ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ഉടൻതന്നെ ചികിത്സാസഹായം തേടണം.
രണ്ടാഴ്ചയിലധികം ഉള്ള ചുമയാണ് ശ്വാസകോശ ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണം. ഇവർ ഉടൻ കഫപരിശോധനയ്ക്ക് വിധേയരായി ക്ഷയരോഗമില്ല എന്നുറപ്പുവരുത്തണം. ഇതിനുള്ള ലബോറട്ടി സംവിധാനങ്ങൾ മിക്ക സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട്. കഫ പരിശോധന ആർക്കും ഇവിടെ സ്വയം ആവശ്യപ്പെടാവുന്നതാണ്.
പകരുന്നത് എങ്ങനെ
ക്ഷയരോഗം പകരുന്നത് വായുവിലൂടെയാണ്. ശ്വാസകോശ ക്ഷയമുള്ള ഒരു രോഗി ശരിയായി ചികിത്സിച്ചില്ലെങ്കിൽ അവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉറക്കെ സംസാരിക്കുമ്പോഴും ലക്ഷക്കണക്കിന് അണുക്കളെ വായുവിലൂടെ കഫ കണികകളായി പരക്കുന്നു.
ഇത് ശ്വസിക്കുന്ന ഒരാൾക്ക് അണുബാധ ഉണ്ടാകുകയും പിന്നീട് ക്ഷയമായി തീരുകയും ചെയ്യുന്നു. ഇന്ത്യയിൽ 40 ശതമാനം ജനങ്ങളിലും ഇപ്രകാരം അണുക്കൾ കയറിയിട്ടുണ്ട്. ഇവരിൽ പത്ത് ശതമാനത്തോളം പേർ പിന്നീട് ക്ഷയരോഗികളാകുന്നു എന്നാണ് കണക്ക്. ഇതിൽ എച്ച്ഐവി ബാധിതർക്കും പ്രമേഹരോഗികൾക്കും പുകവലിക്കാർക്കും മറ്റ് പ്രതിരോധശേഷി കുറഞ്ഞവർക്കും ക്ഷയരോഗം വരാനുള്ള സാധ്യത വളരെ അധികമാണ്.
ഡോട്സ് ചികിത്സ
പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി (RNTCP) ക്ഷയരോഗം കണ്ടെത്തുന്നതിനും ശരിയായി ചികിത്സിക്കുന്നതിനും രോഗം പൂർണമായും ഭേദമാക്കി എന്നുപറയുന്നതിനുമുള്ള സമ്പ്രദായമാണ് ഡോട്സ്. സർക്കാർ പദ്ധതിയായി മാത്രം ഇതു നിർത്താതെ ഇപ്പോൾ സ്വകാര്യ മേഖലയിലും ഈ പദ്ധതി വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്. കാരണം സ്വകാര്യ മേഖലയിലാണ് പകുതിയിലധികം പേരും ചികിത്സയ്ക്കെത്തുന്നത് എന്നതുതന്നെ.
MDR TB (മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ടിബി)
ക്ഷയരോഗ നിയന്ത്രണപ്രവർത്തനങ്ങളിൽ ഇന്ന് നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് മരുന്നിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഗുരുതരമായ ക്ഷയരോഗത്തിന്റെ വ്യാപനം. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും ക്ഷയരോഗമരുന്നുകൾ മുടക്കുന്നതും കൃത്യമായ അളവിലല്ലാതെ കഴിക്കുന്നതും ഡോട്സ് വഴിയല്ലാതെ ടിബി മരുന്നുകൾ കഴിക്കുന്നതും ഈ ഗുരുതര ക്ഷയരോഗം ഉണ്ടാകുന്നതിനു കാരണമാകുന്നു.
RNTCP യിൽ ഇതിന്റെ നിർണയവും (Culture and Sensitivity) മരുന്നുകളും ഇപ്പോൾ സൗജന്യമാണ്. തിരുവനന്തപുരം RNTCP-IRL ൽ (Intermediate Reference Laboratory) ആണ് ഇതു നടത്തുന്നത്. ചികിത്സ രണ്ടുവർഷത്തോളം നീണ്ടുനിൽക്കുന്നതാണ്. ക്ഷയരോഗം ശരിയായി ഡോട്സ് വഴി ചികിത്സിക്കുകയാണ് ഇത്തരത്തിലുള്ള ഗുരുതര ക്ഷയരോഗം തടയുവാനുള്ള മാർഗം.
content highlight : tuberculosis-tb-symptoms-and-treatment