India

ഭർത്താവിൻ്റെ ഒത്താശയോടെ യുവതിയെ പീഡിപ്പിച്ച് സുഹൃത്തുക്കൾ; പീഡനദൃശ്യം വിദേശത്തിരുന്ന് കണ്ട് ഭർത്താവ് – woman alleges husband allows friends rape

ഭര്‍ത്താവിന്റെ സമ്മതപ്രകാരം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനും ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ക്കും എതിരേ പോലീസില്‍ പരാതി നല്‍കിയത്. ലൈംഗികമായി പീഡിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്ക് അനുവാദം നല്‍കിയതിന് പുറമേ പീഡന ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിദേശത്തിരുന്ന് കാണാറുണ്ടെന്നും യുവതി നൽകിയ പരാതിയില്‍ പറയുന്നു.

പരാതിക്കാരിയുടെ ഭര്‍ത്താവ് സൗദി അറേബ്യയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലിചെയ്യുകയാണ്. മൂന്നുവര്‍ഷം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിന്റെ ഒത്താശപ്രകാരം ഇയാളുടെ സുഹൃത്തുക്കള്‍ ആദ്യമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. ഭര്‍ത്താവ് വിദേശത്തേക്ക് മടങ്ങിയെങ്കിലും സുഹൃത്തുക്കളുടെ പീഡനം തുടര്‍ന്നു. ഭര്‍ത്താവിന്റെ സമ്മതപ്രകാരമാണ് പീഡനം തുടര്‍ന്നത്. ഇതിനായി സുഹൃത്തുക്കള്‍ ഭര്‍ത്താവിന് പണവും നല്‍കി. പീഡനദൃശ്യങ്ങളും സുഹൃത്തുക്കള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചുനല്‍കുന്നത് പതിവാണെന്നും പരാതിയിൽ ആരോപിക്കുന്നു.

പീഡനവിവരം പുറത്തുപറയരുതെന്ന് ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തുപറഞ്ഞാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തുമെന്നായിരുന്നു ഭീഷണി. കുട്ടികളെ ഓര്‍ത്താണ് ഇതുവരെ വിവരം പുറത്തുപറയാതിരുന്നതെന്നും പരാതിക്കാരി പറഞ്ഞു. 2010-ലാണ് പരാതിക്കാരിയും ഭര്‍ത്താവും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് നാലുമക്കളുണ്ട്. കേസില്‍ യുവതിയുടെ ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം നടന്നുവരികയാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം.

STORY HIGHLIGHT: woman alleges husband allows friends rape