അൻപതിനായിരം അടി ഉയരത്തിൽ പറക്കുന്ന സ്വകാര്യ ബിസിനസ് ജെറ്റിൽ വില്ലന്മാരെ അടിച്ചു നിരത്തുന്ന നായകൻ. പോട്ട്ഹോൾ (വിമാനത്തിന്റെ ജനൽ) തകർന്നു മർദവ്യതിയാനമുണ്ടായി വിമാനം നിയന്ത്രണം വിട്ടു കൂപ്പുകുത്തുമ്പോഴും ഉള്ളിൽ തുടരുന്ന സംഘട്ടനം. പ്രേക്ഷകരെ ഉദ്വേഗത്തിൽ തളച്ചിടുന്ന ഇത്തരം രംഗങ്ങൾ ഹോളിവുഡ് സിനിമകളിൽ സാധാരണയാണ്. എന്നാൽ, മലയാള സിനിമയിൽ ആദ്യമായി ഇത്തരമൊരു രംഗമൊരുക്കിയതു സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയാണിപ്പോൾ. തിയറ്ററുകളിലുള്ള ‘ഐഡന്റിറ്റി’ എന്ന ടൊവിനോ ചിത്രത്തിന്റെ അവസാന 40 മിനിറ്റ് നീളുന്ന ക്ലൈമാക്സിന്റെ ഹൈലൈറ്റ് വിമാനത്തിനുള്ളിലെ ആക്ഷൻ രംഗമാണ്. എന്നാൽ, ഈ സീക്വൻസ് പൂർണമായും ഷൂട്ട് ചെയ്തതു തൃശൂർ പൂങ്കുന്നത്തെ സീതാറാം മിൽസിൽ നിർമിച്ച സെറ്റിലാണെന്ന് അറിയുന്നവർ ചുരുക്കം.
ഹോളിവുഡ് സിനിമകളോടു കിടപിടിക്കുന്ന സാങ്കേതികത്തികവോടെ ഈ രംഗങ്ങൾ ഒരുക്കിയതിനു പിന്നലെ പ്രയത്നത്തെപ്പറ്റി ചിത്രത്തിന്റെ സംവിധായകർ അഖിൽ പോളും അനസ് ഖാനും സംസാരിക്കുന്നു.‘ചിത്രത്തിൽ നായകൻ ആയോധനകലകളിൽ പ്രാവീണ്യമുള്ള അപകടസാഹചര്യങ്ങളിൽ അതു പ്രയോഗിച്ചു പരിചയമുള്ളയാളാണ്. ഏറ്റവും മികച്ച രീതിയിൽ പരമാവധി സാങ്കേതികത്തികവോടെ ക്ലൈമാക്സ് ആക്ഷൻ സീക്വൻസ് ചെയ്യണമെന്നു ആദ്യഘട്ടത്തിൽത്തന്നെ ഉറപ്പിച്ചിരുന്നു. ‘ബൊംബാർഡിയർ ഗ്ലോബൽ 6000’ ആഡംബര ബിസിനസ് ജെറ്റാണു ആകാശത്തെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കാൻ തിരഞ്ഞെടുത്തത്. ഈ വിമാനത്തിന്റെ കൃത്യമായ രൂപഘടനയിൽ സെറ്റ് തൃശൂർ സീതാറാം മിൽസിൽ ഒരുക്കി. ക്ലൈമാക്സ് രംഗങ്ങൾക്കു തൊട്ടു മുൻപുള്ള സീനുകളിലെ പാസഞ്ചർ വിമാനത്തിന്റെ സെറ്റും ഇവിടെ തന്നെയാണു നിർമിച്ചത്.’
‘കിൽ’ എന്ന ബോളിവുഡ് ചിത്രത്തിനായി ട്രെയിനിന്റെ സെറ്റ് ഒരുക്കിയ സാബി മിശ്ര, തുഷാർ, വൈശാലി എന്നിവരും പ്രൊഡക്ഷൻ ഡിസൈനറായ അനീസ് നാടോടിയുമായി ചേർന്നാണു വിമാനങ്ങളുടെ സെറ്റ് ഒരുക്കിയത്. മുംബൈയിൽ നിർമിച്ച് യോജിപ്പിച്ച ശേഷം കണ്ടെയ്നറുകൾ മുഖേന തൃശൂരിലെത്തിക്കുകയായിരുന്നു. തുടർന്നു മുംബൈ ടീം ഇവിടെയെത്തി കൂട്ടിച്ചേർത്തു വിമാനമാക്കി മാറ്റി. മുംബൈയിലെ നിർമാണത്തിന് ഏതാണ്ട് 100 ദിവസവും തൃശൂരിലെത്തിച്ച ശേഷമുള്ള കൂട്ടിച്ചേർക്കലിനും മിനുക്കു പണികൾക്കും ഒരു മാസവും വേണ്ടി വന്നു.
content highlight : identity-movie-shooting-scenes