തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത രുത് പ്രഭു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന താരം കുറഞ്ഞ സമയം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. പതിനാല് വർഷത്തെ കരിയറിൽ നിരവധി ഹിറ്റ് സിനിമകളും താരം ചെയ്തിട്ടുണ്ട്. ഇന്ന് ഇൻഡസ്ട്രിയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന അപൂർവ്വം നടിമാരിൽ ഒരാളാണ് താരം.
എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സാമന്തയുടെ സ്വകാര്യ ജീവിതം ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്. ഭർത്താവ് നാഗ ചൈതന്യയുമായുള്ള വിവാഹമോചനം മുതലാണ് നടിയുടെ ജീവിതത്തിൽ ഓരോന്നോരോന്നായി പ്രശ്നങ്ങൾ വന്നുതുടങ്ങിയത്. വിവാഹമോചനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സമാന്തയ്ക്ക് നേരിടേണ്ടി വന്നു. ഇതുമൂലം വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദം നടി അനുഭവിച്ചു. അതിനു പിന്നാലെ പലരും സാമന്തയെ ഒതുക്കിയെന്ന രീതിയിലുള്ള പ്രചാരണങ്ങളും ഉയർന്നു. ഇടയ്ക്ക് നടി മാരകമായൊരു അസുഖത്തിന്റെ പിടിയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതിന് ശേഷം വീണ്ടും കരിയറിൽ ഹൈക്കിൽ തന്നെയാണ് താരമുള്ളത്.
ബോളിവുഡിലും സാന്നിധ്യമറിയിച്ചു താരം. സിറ്റാഡെലിന്റെ ഇന്ത്യന്‍ പതിപ്പായ സിറ്റാഡെല്‍ ഹണിബണ്ണിയില്‍ വരുണ്‍ ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം റിലീസായതിനുപിന്നാലെ സാമന്തയും സംവിധായകന് രാജ് നിഥിമൊറുവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ രാജിന്റെ ഓഡിയോ മെസ്സേജ് കേട്ട് സാമന്ത ലജ്ജാവതിയായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഗലാട്ടെ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിനിടെയാണ് പ്രിയപ്പെട്ട കൂട്ടുകാരെല്ലാം സാമന്തയ്ക്ക് മെസ്സേജ് അയച്ചത്. സാമന്തയ്ക്ക് ഹിന്ദിയില്‍ പ്രാവീണ്യം കുറവായതിനാല്‍ ഈ കഥാപാത്രം ചെയ്യാനാകുമോ എന്ന സംശയമുണ്ടായിരുന്നെന്നും എന്നാല്‍ എല്ലാവരുടേയും ധാരണ തിരുത്തുന്ന പ്രകടനമാണ് അവര്‍ പുറത്തെടുത്തതെന്നും സന്ദേശത്തില്‍ രാജ് പറയുന്നു. വളരേയധികം കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് അവരെന്നും അതിന് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും രാജ് പറയുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ട് ഒന്നും ചെയ്യാത്ത വ്യക്തിയെപ്പോലെയാണ് സാമന്ത പെരുമാറുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
2017-ലാണ് സാമന്തയും നടന് നാഗ ചൈതന്യയും വിവാഹിതരായത്. എന്നാല്‍ 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷം കഴിഞ്ഞ വര്‍ഷം നാഗചൈതന്യ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. 2024 ഡിസംബര്‍ നാലിന് നാഗചൈതന്യയും നടി ശോഭിതയും വിവാഹിതരായി.