ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സംവിധായകന് മനോജ് നൈറ്റ് ശ്യാമളനെതിരെ കോപ്പിയടി ആരോപണം. ആപ്പിള്‍ ടി.വിയിലൂടെ പുറത്തുവന്ന ശ്യാമളന്റെ സീരീസായ ‘സെര്‍വന്റ്’- ന്റെ ആശയം തന്റെ സിനിമയായ ‘ദ ട്രൂത്ത് എബൗട്ട് ഇമ്മാനുവലില്‍’ നിന്ന് മോഷ്ടിച്ചതാണെന്നാരോപിച്ച് സംവിധായികയായ ഫ്രാന്‍സെസ്ക ഗ്രെഗോറിനിയാണ് കേസ് നൽകിയിരിക്കുന്നത്.
റിവര്‍സൈഡ് ഫെഡറല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 81 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഫ്രാന്‍സെസ്ക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ തമ്മിൽ വലിയ സാമ്യങ്ങളുണ്ടെന്നും ഇത് സ്വാഭാവികമായി സംഭവിച്ചതാകാന്‍ ഒരു വഴിയുമില്ലെന്നും അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
മനോജ് നൈറ്റ് ശ്യാമളനും സീരീസിന്റെ നിര്‍മ്മാതാവും ആപ്പിള്‍ ടി.വി പ്രതിനിധിയും കോടതിയില്‍ ഹാജരായിരുന്നു. സിനിമ പുറത്തിറങ്ങുന്നതിനും എത്രയോ മുന്‍പ് തന്നെ സീരീസിന്റെ തിരക്കഥയുടെ ജോലികള്‍ ആരംഭിച്ചിരുന്നെന്നും ശ്യാമളന്റെ അഭിഭാഷകന് കോടതിയിൽ പറഞ്ഞു. നേരത്തെയും ഫ്രാന്‍സെസ്ക ‘സെര്‍വന്റ്’- നെതിരെ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. ഹോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ മനോജ് ശ്യാമളന് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലറായ സെര്‍വന്റ് മികച്ച അഭിപ്രായം നേടിയിരുന്നു.
STORY HIGHLIGHT: m night shyamalan faces plagiarism