സിനിമാ സീരിയൽ താരങ്ങളെപ്പോലെത്തന്നെ ആളുകൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി ആരാധകരെ സൃഷ്ടിക്കാറുള്ള ജനസേവകരാണ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ. ബഹുമാനത്തിനും ആരാധനയ്ക്കും അപ്പുറം പലപ്പോഴും ഈ ഉദ്യോഗസ്ഥർ ചെറുപ്പക്കാരുടെ ക്രഷ് ആയി മാറുന്നതും സ്ഥിരം കാഴ്ചയാണ്. കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായി എത്തിയ മെറിന്‍ ജോസഫ് ഇടക്കാലത്ത് സോഷ്യൽമീഡിയയിലെ ക്രഷ് ആയിരുന്നു. യതീഷ് ചന്ദ്ര, ദിവ്യ എസ്.അയ്യർ, ശ്രീറാം വെങ്കിട്ടരാമൻ എന്നിവരൊക്കെ ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഇപ്പോൾ ഇക്കൂട്ടത്തിലേക്ക് തിരുവനന്തപുരം സബ് കളക്ടർ കൂടി എത്തിയിരിക്കുകയാണ്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ആറാലുംമ്മൂട്ടില്‍ ഗോപന്‍ എന്നയാളെ മക്കൾ ചേർന്ന് സമാധിയാക്കിയ വാർത്ത കേട്ട് കേരളം ഞെട്ടിയിരുന്നു. സമാധി പൊളിച്ച് സത്യാവസ്ഥ തേടാൻ പോലീസ് എത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി ഗോപന്റെ കുടുംബം രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതേ തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി തിരുവനന്തപുരം സബ് കളക്ടർ സ്ഥലം സന്ദർശിക്കുന്നത്. മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിരവധി പേർ കളക്ടറുടെ പേര് തപ്പി ഇറങ്ങിയത്. സമാധി അവിടെ നിൽക്കട്ടെ… കളക്ടറുടെ ഇൻസ്റ്റ ഐഡി ഉണ്ടോ, ആരാണ് ഈ സുന്ദരൻ, കളക്ടറുടെ പ്രതികരണം കുറച്ചുകൂടി നേരം കൊടുക്കൂ എന്നിങ്ങനെ ചാനൽ വീഡിയോകൾക്ക് താഴെ കമന്റുകൾ നിറയുകയായിരുന്നു. ഇതോടെ കേരളത്തിൽ പിടക്കോഴികൾ കൂടിയെന്ന് പറഞ്ഞ് ട്രോളുകളും നിറയാൻ തുടങ്ങി.
സെപ്തംബർ 9 , 2024ലാണ് തിരുവനന്തപുരം സബ് കളക്ടറായി ഒ.വി.ആൽഫ്രഡ് ചുമതലയേൽക്കുന്നത്. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് കണ്ണൂർ കാരനായ ഒ.വി.ആൽഫ്രഡ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ ആയിരുന്നു. ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂൾ, തോമാപുരം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. 2017ൽ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി. ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു. ബിരുദ പഠനകാലത്താണ് സിവിൽ സർവീസിനെക്കുറിച്ച് ചിന്തിക്കുന്നത്. നിശ്ചദാർഢ്യത്തോടെ പഠിച്ച് മുന്നേറി സിവിൽ സർവീസ് നേടിയ ചെറുപ്പക്കാരാണ് ആൽഫ്രഡ്. ആദ്യവട്ടം മെയിൻസിൽ തോൽറ്റ്, രണ്ടാം വട്ടം ഇന്ത്യൻ പോസ്റ്റൽ സർവീസിലെത്തി മൂന്നാം ശ്രമത്തിൽ 57 ആം റാങ്കോടെയാണ് ആൽഫ്രഡ് സിവിൽ സർവീസ് നേടിയത്.