കണ്ണൂരിലെ കുറ്റിക്കകം എന്ന ഗ്രാമത്തില്‍ ശ്രീകോവിലോ വിഗ്രഹമോ പ്രതിഷ്ഠയോ ഒന്നും തന്നെ ഇല്ലാത്ത ഒരു ക്ഷേത്രമുണ്ട്. ഇവിടെ ഉറുമ്പുകളെയാണ് ആരാധിക്കുന്നത്. ഉറുമ്പുകളുടെ അദൃശ്യ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വട്ടത്തില്‍ പണിത ഒരു തറയും വിളക്കും മാത്രമാണ് ക്ഷേത്രത്തിലുള്ളത്. ഉറുമ്പച്ചന്‍ ക്ഷേത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. വീട്ടിലെ ഉറുമ്പ് ശല്യത്തില്‍ നിന്നു രക്ഷ നേടാനായി ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെ എത്താറുണ്ട്.
ഉറുമ്പച്ചന്‍ ക്ഷേത്രത്തില്‍ നാളികേരമുടച്ച് പ്രാര്‍ത്ഥിച്ചാല്‍ ഉറുമ്പു ശല്ല്യം മാറുമെന്നാണ് വിശ്വാസം. ഭക്തര്‍ നല്കുന്ന നാളികേരം പൂജാരിയാണ് പൊട്ടിക്കുക. നാളികേരത്തിനുള്ളിലെ വെള്ളം ക്ഷേത്രത്തിലെ തറയിലൊഴുക്കുകുകയും ചെയ്യും. ഇങ്ങനെ ചെയ്‌താല്‍ ഉറുമ്പുകള്‍ പ്രസാദിക്കുമെന്നും പറയപ്പെടുന്നു.
ഏകദേശം 800 വവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ഉറുമ്പിനെ പൂജിച്ച് തുടങ്ങിയതെന്നാണ് വിശ്വാസം. ഉറുമ്പിനെ ആരാധിച്ച് തുടങ്ങിയതിനു പിന്നിലെ ഐതിഹ്യം ഇതാണ്. ഗ്രാമത്തിലെ വിഘ്നങ്ങള്‍ മാറാനും അഭിവൃദ്ധി കൈവരാനും ഒരു ഗണപതി ക്ഷേത്രം പണിയാന്‍ ഭക്തര്‍ തീരുമാനിക്കുകയും ക്ഷേത്രം നിര്‍മ്മിക്കാന്‍ അവിടെ കുറ്റിയടിക്കുകയും ചെയ്തു. എന്നാല്‍ പിറ്റേ ദിവസം നോക്കിയപ്പോള്‍ കുറ്റിയടിച്ച സ്ഥലത്ത് നിറയെ ഉറുമ്പിന്‍ കൂട് കാണപ്പെട്ടു. ഗണപതി ക്ഷേത്രം നിര്‍മ്മിക്കാനായി അടിച്ച കുറ്റി വേറെ സ്ഥലത്ത് മാറി കിടക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രശ്നം വെച്ച് നോക്കുകയും ഉറുമ്പിന്‍ കൂട് കണ്ട സ്ഥലത്ത് ഉറുമ്പുകളെ ആരാധിക്കാന്‍ ക്ഷേത്രം പണിയുകയും ചെയ്തു. ഇങ്ങനെയാണ് കണ്ണൂരില്‍ ഉറുമ്പച്ചന്‍ കോട്ടം എന്ന ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. കുറ്റി കണ്ടെത്തിയ സ്ഥലത്ത് ഗണപതി ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു. ഉദയ മംഗലം ഗണപതി ക്ഷേത്രത്തില്‍ പൂജ നടക്കുമ്പോള്‍ എല്ലാ മാസവും നിവേദ്യം ആദ്യം നല്കുന്നത് ഉറുമ്പുകള്‍ക്കാണ്. ഇവിടെ പൂജ ചെയ്ത ശേഷമാണ് ഗണപതി ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത്.
ശബരിമല സീസണില് നിരവധി അയപ്പ ഭക്തര് ക്ഷേത്രത്തില് സന്ദർശനം നടത്താറുണ്ട്. ഉറുമ്പച്ചന് കോട്ടത്തിലെ ഉറുമ്പു വിശേഷങ്ങൾ കേട്ടറിഞ്ഞ് ദിവസേന നിരവധി പേരാണ് ഇവിടെയെത്താറുള്ളത്.