വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പും പോലീസും രാത്രി നെട്ടോട്ടമോടുമ്പോൾ കോഴിക്കോട്ട് ഫാഷന്‍ ഷോയില്‍ പാട്ടുപാടി ആഘോഷിച്ച് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വനംവകുപ്പ്മന്ത്രി പ്രദേശത്ത് എത്താത്തതില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് മന്ത്രിയുടെ പാട്ട്. മന്ത്രി നാളെ വയനാട്ടിലെത്തുന്നുണ്ട്.
നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാം കോഴിക്കോട് ഇന്‍ഡോർ സ്റ്റേഡിയം ഹാളില്‍ ഉദ്ഘാടനം ചെയ്താണ് മന്ത്രി പാട്ടുപാടിയത്. കളക്ട്രേറ്റില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്ത് മന്ത്രി തിരച്ചിലിന്റെ പുരോഗതി വിലയിരുത്തും. ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നും കര്‍ഫ്യു നിയമം നിര്‍ബന്ധമായും പാലിക്കണമെന്ന് മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ സി കെ രത്‌നവല്ലി പറഞ്ഞു.
പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. വസ്ത്രമെടുക്കാനായി പുറത്തിറങ്ങിയപ്പോള്‍ കടുവയെ കണ്ടെന്ന് യുവതിയും കുട്ടികളുമടക്കമുള്ള ഒരു കുടുംബം പറഞ്ഞു. കുരങ്ങ് പോകുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കടുവയെ കണ്ടതെന്ന് ഇവര്‍ പറഞ്ഞു. കടുവയുടെ മുന്‍ഭാഗം തങ്ങളുടെ മുന്നിലായിട്ടാണ് ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കടുവയെ കണ്ടതായി മറ്റൊരു നാട്ടുകാരനും പറയുന്നുണ്ട്.
STORY HIGHLIGHT: minister sings tiger hunt wayanad
















