ലഖ്നൗ: ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനായി ഹിന്ദു ദമ്പതികൾക്ക് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. യു.പിയിലെ പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിൽ സംസാരിക്കവെ ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്രയാണ് ഇക്കാര്യം പറഞ്ഞത്.
ഹിന്ദുക്കളുടെ ജനനിരക്ക് കുറഞ്ഞത് ജനസംഖ്യയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്. ഹിന്ദു സമൂഹത്തിൻ്റെ അസ്തിത്വം സംരക്ഷിക്കേണ്ടത് ഒരു പ്രധാന ഉത്തരവാദിത്തമായതിനാൽ ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണം. ഹിന്ദുക്കൾ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയുടെ സനാതന പാരമ്പര്യമാണ് മഹാകുംഭമേളയിൽ ലോകം കാണുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
സനാതന ധർമം 500 വർഷമായി കാത്തിരുന്ന സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രത്തിലൂടെ യാഥാർഥ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ വിഎച്ച്പി രാജ്യവ്യാപകമായി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ ക്ഷേത്രങ്ങളെയും സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണമെന്നും സർക്കാർ നിയന്ത്രണങ്ങൾ സ്ഥാപിക്കുന്ന നിയമങ്ങൾ നീക്കം ചെയ്യണമെന്നും വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. വഖഫ് ബോർഡ് നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങളെ വിഎച്ച്പി സ്വാഗതം ചെയ്തു.
CONTENT HIGHLIGHT: hindu families must have 3 children vhp