ഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് നിലവിൽ വരും. വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യു സി സി പോർട്ടൽ ഇന്ന് ഉച്ചയ്ക്ക് 12.30-ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. ഇതോടെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ വർഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യു സി സി ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നൽകി. കഴിഞ്ഞ ബുധനാഴ്ച സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി.
അതേസമയം കോൺഗ്രസ് ശക്തമായ പ്രതിഷേധം അറിയിക്കുന്നുണ്ട്. വർഗീയ വിഭജനമാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു. യുസിസി നടപ്പാക്കുക അസാധ്യമാണെന്നും, മതാടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഒറ്റ നിയമമാണ് ഇന്ന് മുതൽ ബാധകമാകുന്നത്. സംസ്ഥാനത്തിന്റെ പുറത്ത് താമസിക്കുന്നവരും ഈ നിയമത്തിന്റെ പരിധിയിൽ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ. എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുസിസി നടപ്പിലാക്കുന്നത്. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്‍റെ പരിധിയിൽ നിന്നും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്.
















