യുഎസ് നീതിന്യായ മന്ത്രാലയത്തിലെ അഴിമതി വിരുദ്ധ വിഭാഗം ചീഫ് പ്രോസിക്യൂട്ടർ കോറി അമൻഡ്സൺ രാജി വച്ചു. അഴിമതി വിരുദ്ധ വിഭാഗത്തിൽനിന്ന് കുടിയേറ്റവുമായി ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നാലെയാണ് രാജി. ഔദ്യോഗിക രേഖകൾ പിടിച്ചുവച്ചതും 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള രണ്ട് കേസുകളിലെ അന്വേഷണത്തിൽ അമൻഡ്സൺ പങ്കുവഹിച്ചിട്ടുണ്ട്.
അമൻഡ്സൺ ഉൾപ്പെടെ 20 പേരെ അസോഷ്യേറ്റ് അറ്റോർണി ജനറലിന്റെ ഓഫിസുമായി ബന്ധപ്പെട്ട പുതിയ സാങ്ച്വറി സിറ്റി വർക്കിങ് ഗ്രൂപ്പിലേക്ക് കഴിഞ്ഞയാഴ്ച സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ 23 വർഷമായി യുഎസിനെയും നീതിന്യായ വിഭാഗത്തിനെയും സേവിക്കാനായതിൽ അഭിമാനമുണ്ടെന്നും തന്റെ മുഴുവൻ ഔദ്യോഗിക ജീവിതവും രാഷ്ട്രീയമില്ലാതെ നിയമം നടപ്പിലാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായിരുന്നെന്നും രാജിക്കത്തിൽ അമൻഡ്സൺ വ്യക്തമാക്കി.
ട്രംപ് ഭരണത്തിലെത്തിയാൽ തനിക്കെതിരെ നിന്നവർക്കുനേരെ പ്രതികാര നടപടികളുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
STORY HIGHLIGHT: us chief corruption prosecutor amundson resignation
















