കൊതുകു നശീകരണത്തിന് വിപുലമായ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി. ഇരുന്നൂറിലധികം സ്‌മാർട്ട് മിഷ്യനുകൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങിൽ സ്ഥാപിച്ചു. താമസ കേന്ദ്രങ്ങൾ, വ്യാപാര-വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ദുബായ് മുനിസിപ്പാലിറ്റി കൊതുകു നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പൊതുജനാരോഗ്യം ഉറപ്പു വരുത്തുന്ന നിരവധി പദ്ധതികൾ ഭാവിയിൽ നടപ്പാക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
പൊതു പാർക്കുകൾ, വിവിധ മാർക്കറ്റുകൾ എന്നിവിടങ്ങളിലും കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടത്തും. കൊതുകുകളേയും പ്രാണികളേയും പിടികൂടാനുള്ള സ്‌മാർട്ട് മിഷ്യനുകൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 237 യന്ത്രങ്ങളാണ് സ്ഥാപിച്ചത്. സോളാറിൽ പ്രവർത്തിക്കുന്നവയാണ് ഇവയെന്നും കൊതുകളുടെ നിരീക്ഷിച്ച് വിവരങ്ങൾ കൈമാറാൻ ശേഷിയുള്ളവയാണെന്നും സംയോജിത പൊതുജനാരോഗ്യ കേന്ദ്രം അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാവിയിലെ കൊതുകുനിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കുക. അണു നശീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനും മുനിസിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്. കൂടുതൽ മികച്ച ജീവിതനിലവാരമുള്ള നഗരമാക്കി ദുബായിയെ മാറ്റുന്ന നടപടികൾ തുടുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.