Kerala

പത്തൊൻപതുകാരി ഫാനിൽ തൂങ്ങിയത് മർദ്ദനം സഹിയ്ക്കവയ്യാതെ; പിടയ്ക്കുന്നതു കണ്ട പ്രതി ഷോൾ അറുത്ത് താഴെയിട്ടു; പെൺകുട്ടിയുടെ മരണത്തിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തില്ല | chottanikkara pocso survivor death police seeks legal advice

പെൺകുട്ടിക്കു കൃത്യസമയത്തു വൈദ്യസഹായം നൽകാൻ പ്രതി തയാറാകാതിരുന്നതും ആരോഗ്യനില മോശമാക്കി

ചോറ്റാനിക്കര: പോക്സോ കേസിലെ അതിജീവിത ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി അനൂപിനെതിരെ (24) കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചുമത്താൻ പൊലീസ് നിയമോപദേശം തേടി. അനൂപിന്റെ മർദനം സഹിക്കാനാകാതെയാണു പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങിയത്. എന്നാൽ പെൺകുട്ടി പിടയ്ക്കുന്നതു കണ്ട പ്രതി ഷോൾ അറുത്ത് താഴെയിടുകയായിരുന്നു. പെൺകുട്ടിയുടെ മരണകാരണം കെട്ടിത്തൂങ്ങിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കൊലക്കുറ്റം ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചത്. അബോധാവസ്ഥയിലായ പെൺകുട്ടിക്കു കൃത്യസമയത്തു വൈദ്യസഹായം നൽകാൻ പ്രതി തയാറാകാതിരുന്നതും ആരോഗ്യനില മോശമാക്കി.

മരണത്തിനു മുൻപു പെൺകുട്ടിക്കു ക്രൂരമായ മർദനമേറ്റിട്ടുണ്ട്. എറണാകുളം ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് പെൺകുട്ടി നേരിട്ട മർദനത്തിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ലൈംഗിക അതിക്രമത്തിനും ശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ കഴുത്തിൽ കുരുക്കിട്ടതിനെ തുടർന്നുണ്ടായ പരുക്കാണ് മരണകാരണമെന്നതും കെട്ടിത്തൂങ്ങാൻ ശ്രമിച്ചപ്പോൾ പ്രതി ഷാൾ മുറിച്ചു താഴെയിട്ടു എന്നതുമാണ് കൊലക്കുറ്റം ചുമത്താതിരിക്കാനുള്ള കാരണമായി പൊലീസ് പറയുന്നത്. എന്നാൽ എഫ്ഐആറിൽ പ്രതിക്കെതിരെ വധശ്രമവും ബലാൽസംഗവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു.

റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കും. പെൺകുട്ടിയുടെ സംസ്കാരം തൃപ്പൂണിത്തുറ നടമേൽ മർത്തമറിയം യാക്കോബായ പള്ളിയിൽ നടത്തി. അനൂപ് ജേക്കബ് എംഎൽഎ അടക്കം ഒട്ടേറെ ജനപ്രതിനിധികൾ വീട്ടിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. സംഭവം നാടിന് അപമാനമാണെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

അതേസമയം അനൂപ് കൊടുംക്രിമിനലാണെന്ന് തെളിയിക്കന്ന കൂടുതൽ വിവരങ്ങളാണ് പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പഠിക്കുന്ന കാലത്ത് പെൺകുട്ടികൾക്കു നേരെ എയർഗൺ ചൂണ്ടിയ സംഭവം ഇയാളുടെ പേരിലുണ്ട്. ഇടുക്കി പീരുമേട് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ക‍ഞ്ചാവ് കേസുണ്ട്. നാട്ടിൽ സ്വന്തമായി ‘കഞ്ചാവ് ഗ്യാങ്ങും’ ഇയാൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നാണ് വിവരം. പെൺകുട്ടി ആക്രമിക്കപ്പെടുന്ന ശനിയാഴ്ചയും ഇയാൾ നാട്ടിൽ അടിപിടി ഉണ്ടാക്കിയിരുന്നു. തലയോലപ്പറമ്പിനടുത്ത് മിഠായിക്കുന്നത്തു വച്ച് രണ്ടു കൗമാരക്കാരിൽനിന്ന് ഫോൺ തട്ടിപ്പറിച്ചതായിരുന്നു സംഭവം. എന്നാൽ ഇവർ ഫോൺ വിട്ടുകൊടുത്തില്ല. തുടർന്ന് ഇയാൾ ഇവരെ ആക്രമിച്ചെന്നും തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത് എന്നുമാണ് വിവരം.

ഇതിനു പിന്നാലെയാണ് ഇവിടെ നിന്ന് ഇയാൾ സുഹൃത്തിന്റെ വാഹനത്തിൽ ചോറ്റാനിക്കരയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയതും ക്രൂരമായ ആക്രമണം നടത്തിയതും. ഇയാൾ ഫോൺ വിളിച്ചപ്പോൾ പെൺകുട്ടി എടുക്കാതിരുന്നതാണ് പ്രകോപനമുണ്ടാക്കിയത്. ഇടയ്ക്കിടെ ഇവിടെ വന്നു പോകുന്ന ഇയാളുടെ പേരിൽ 20ഓളം നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 29ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി റോഡിനു കുറുകെ ബൈക്ക് വച്ചത് നാട്ടുകാരിലൊരാൾ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത നാട്ടുകാരനെ അനൂപ് അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ടു പുറത്തിറങ്ങി വന്ന അയൽവാസികളെയും ഇയാള്‍ തെറി വിളിക്കുകയും പുറത്തിറങ്ങിയാൽ ശരിയാക്കിക്കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് ജനുവരി മൂന്നിനാണ് പരാതി പൊലീസിന് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

പെൺകുട്ടിയെ ലൈംഗികമായും ശാരീരികമായും ആക്രമിച്ച പ്രതി തല ഭിത്തിയിൽ ഇടിപ്പിച്ചു എന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മർദനത്തിൽ തളർന്ന പെണ്‍കുട്ടി താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴും ‘ചത്തോ’ എന്നായിരുന്നു ഇയാളുടെ പ്രതികരണം. പെൺകുട്ടി ഷാൾ കുരുക്കി താഴേക്ക് ചാടിയതോടെയാണ് ഇയാൾ കത്തിയെടുത്ത് ഷാൾ മുറിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ് പെൺകുട്ടി നിലവിളിച്ചപ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ ഇയാൾ വായ പൊത്തിപ്പിടിച്ചു. മരണത്തിന് ഇതൊക്ക കാരണമായിട്ടുണ്ട് എന്നാണ് കരുതുന്നത്. നാലു മണിക്കൂറോളം പെൺകുട്ടി അനക്കമില്ലാതെ ഇങ്ങനെ കിടന്നതോടെ മരിച്ചു എന്ന് സംശയിച്ച് ഇയാൾ വീടിന്റെ പിന്നിലെ വാതിൽ തുറന്ന് പുറത്തേക്ക് പോവുകയായിരുന്നു.