Health

30 വയസ്സിന് മുന്‍പ്‌ മുടി നരച്ചോ? പ്രധാന കാരണം ഇതാവാം !

30 വയസ്സിന് മുന്‍പ്‌ തന്നെ തലയില്‍ നര കയറിയാല്‍ പലരും കുറ്റപ്പെടുത്താറുള്ളത്‌ അവരുടെ മാതാപിതാക്കളെയാണ്‌. കഷണ്ടി പോലെ നരയും ജനിതകമായി കൈമാറി കിട്ടാറുണ്ട്‌. എന്നാല്‍ പാരമ്പര്യം മാത്രമാകില്ല അകാല നരയുടെ പിന്നില്‍. പോഷണത്തിലെ കുറവുകളും സമ്മര്‍ദ്ദവുമെല്ലാം അകാല നരയിലേക്ക്‌ നയിക്കാം. മുടി നരയ്‌ക്കാതിരിക്കാന്‍ സഹായിക്കുന്ന മെലാനിനെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കല്‍സ്‌ എന്ന അസ്ഥിര തന്മാത്രകളും നരയ്‌ക്ക്‌ കാരണമാകാറുണ്ട്‌.

ശരീരത്തിലെ ഫ്രീ റാഡിക്കലുകളും അവയെ നിര്‍വീര്യമാക്കുന്ന ആന്റി ഓക്‌സിഡന്റുകളും തമ്മിലുള്ള സന്തുലനമില്ലായ്‌മയ്‌ക്ക്‌ ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ എന്ന്‌ വിളിക്കും. ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ നരയ്‌ക്ക്‌ മാത്രമല്ല മുടിയിഴകള്‍ക്ക്‌ നാശവും ഉണ്ടാക്കാമെന്ന്‌ ജേണല്‍ ഓഫ്‌ ഇന്‍വെസ്റ്റിഗേറ്റീവ്‌ ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

ജീവിതത്തിലെ അമിത സമ്മര്‍ദ്ദത്തോടുള്ള പ്രതികരണമായി ശരീരം കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതും മുടിയുടെ നിറം കെടുത്താം. പുകവലി, പാരിസ്ഥിതിക മലിനീകരണം, മോശം ഭക്ഷണരീതി എന്നിവയും നരയ്‌ക്ക്‌ പിന്നിലുണ്ടാകാമെന്ന്‌ പഠനങ്ങള്‍ പറയുന്നു.

വൈറ്റമിന്‍ ബി12, ഡി3, കോപ്പര്‍, അയണ്‍ തുടങ്ങിയ പോഷണങ്ങള്‍ ഭക്ഷണം വഴിയോ സപ്ലിമെന്റുകള്‍ വഴിയോ ശരീരത്തിലെത്തുന്നത്‌ നരയുടെ സാഹചര്യം കുറയ്‌ക്കും. യോഗ, ധ്യാനം, പ്രാണായാമം പോലുള്ളവ മനസ്സിനെ ശാന്തമാക്കി കോര്‍ട്ടിസോള്‍ തോത്‌ കുറയ്‌ക്കുന്നതും ഫലം ചെയ്യും. ബെറി പഴങ്ങള്‍, നട്‌സ്‌, ചീര എന്നിങ്ങനെ ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ഭക്ഷണം ഫ്രീ റാഡിക്കലുകളെ കുറയ്‌ക്കുന്നത്‌ വഴിയും നരയെ പ്രതിരോധിക്കും.

ചര്‍മ്മത്തെ പോലെ മുടിയെയും അള്‍ട്രാവയലറ്റ്‌ രശ്‌മികളില്‍ നിന്ന്‌ സംരക്ഷിക്കുന്നതും ഫലം ചെയ്യും. നിത്യവും മസാജും വെള്ളവുമൊക്കെയായി ശിരോചര്‍മ്മത്തില്‍ രക്തയോട്ടം ഉറപ്പാക്കി അതിനെ ആരോഗ്യകരമായി സൂക്ഷിക്കുന്നതും നരയുടെ വേഗം കുറയ്‌ക്കും. എന്നാല്‍ പാരമ്പര്യമായി ലഭിക്കുന്ന അകാല നരയെ പ്രതിരോധിക്കാന്‍ ഇത്‌ കൊണ്ടൊന്നും സാധിക്കില്ല.