Kerala

ജോലി തേടി ചെന്നെത്തിയത് റഷ്യൻ യുദ്ധഭൂമിയിൽ; രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് ജീവനൊടുക്കി – Employment fraud

തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജോലി വാഗ്ദാനത്തിൽ റഷ്യയിൽ എത്തി യുദ്ധത്തിനു വേണ്ടി പട്ടാളത്തിനു കൈമാറിയ പൊഴിയൂർ കല്ലി സ്വദേശി ഡേവിഡിനെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊഴിയൂർ സ്വദേശിയായ ഇയാൾ നെയ്യാറ്റിൻകരയിലെ ഒരു ലോഡ്ജിൽ ഇന്നലെ രാത്രി റൂമെടുത്തിരുന്നു. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കൾ എത്തി മുറി പരിശോധിച്ചപ്പോഴാണ് ഡേവിഡിനെ മരിച്ച നിലയിൽ കണ്ടത്.

സൂപ്പർ മാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസ വേതനത്തിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് 2023 ഒക്‌ടോബറിൽ ഓൺലൈ‍ൻ വഴി പരിചയപ്പെട്ട ദില്ലിയിലെ ഏജന്‍റ് മൂന്നര ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയിൽ എത്തിച്ചത്. റഷ്യൻ‌ പൗരത്വമുള്ള മലയാളിയായ അലക്സ് എന്നയാളാണ് വിമാനത്താവളത്തിൽ നിന്ന് ഡേവിഡിനെ പട്ടാള ക്യാംപിൽ എത്തിച്ചത്. ക്യാംപിൽ എത്തിയപ്പോൾ തന്നെ ഉദ്യോഗസ്ഥർ പാസ്പോർട്ടും യാത്രാ രേഖകളും വാങ്ങി. പത്ത് ദിവസത്തെ പരിശീലനത്തിന് ശേഷം യുക്രെൈൻ അതിർത്തിയിൽ യുദ്ധ മേഖലയിൽ എത്തിച്ചു. യുദ്ധത്തിൽ പങ്കെടുത്തതോടെയാണ് ഏജന്‍റിന്‍റെ ചതി ഡേവിഡിനു ബോധ്യമായത്. മറ്റ് വഴിയില്ലാതായതോടെ എല്ലാം സഹിച്ച് അവിടെ നിന്നു.

ഡിസംബർ 25ന് രാത്രി റോണക്സ് മേഖലയിൽ രാത്രി നടത്തത്തിന് പോകുമ്പോൾ ‍ഡ്രോണിൽ എത്തിയ ബോംബ് പൊട്ടി കാലിന് ഗുരുതര പരിക്കേറ്റു. വേണ്ട ചികിത്സ പോലും നൽകാതെ ദുരിതാവസ്ഥയിൽ കഴിഞ്ഞ ഡേവിഡ് അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടുകാരെ ബന്ധപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. അന്നത്തെ കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, എന്നിവരും ശശി തരൂർ എംപിയും വിഷയത്തിൽ ഇടപെട്ടാണ് കഴിഞ്ഞ വർഷം ഇയാളെ നാട്ടിലെത്തിച്ചത്. പല തവണ പണം ആവശ്യപ്പെട്ട് ഏജന്‍റിനെ സമീപിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. ഇതിൽ മാനസിക വിഷമത്തിലായിരുന്നു ഡേവിഡ് എന്ന് സുഹൃത്തുക്കൾ പറഞ്ഞു.

STORY HIGHLIGHT: trapped in russia due to employment fraud committed suicide