Automobile

അഡ്വഞ്ചർ ലുക്കിൽ കെടിഎമ്മിന്റെ ഏറ്റവും പുതിയ മോഡൽ; വില 2.60 ലക്ഷം മുതൽ….| KTM new model

അഡ്വഞ്ചർ ബൈക്കുകളുടെ വില പ്രഖ്യാപിച്ച് കെടിഎം

അഡ്വഞ്ചർ ബൈക്കുകളുടെ വില പ്രഖ്യാപിച്ച് കെടിഎം. 250 അഡ്വഞ്ചർ മോഡലിന് 2.60 ലക്ഷം രൂപയും അ‍ഡ്വഞ്ചർ 390ക്ക് 3.68 ലക്ഷം രൂപയും അഡ്വഞ്ചർ എക്സ് 390ക്ക് 2.91 ലക്ഷം രൂപയുമാണ് വില. അഡ്വഞ്ചർ ബൈക്കുകളുടെ പുതിയ മോഡൽ എത്തിച്ച് വിപണിൽ സാന്നിധ്യം ശക്തമാക്കുകയാണ് കെടിഎം.

അഡ്വഞ്ചര്‍ 390 ബൈക്കുകള്‍ക്ക് സമാനമാണ് കെടിഎം അഡ്വഞ്ചര്‍ 250യുടെ പുതിയ മോഡലും. ഷാസി, സസ്‌പെന്‍ഷന്‍, വീല്‍, ബോഡി പാനല്‍ എന്നിവയെല്ലാം സമാനമാണ്. ഫുള്ളി എല്‍ഇഡി ഹെഡ് ലാംപാണ് 390യില്‍ എങ്കില്‍ 250യില്‍ സാധാരണ ലാംപാണ്. 390യില്‍ അലൂമിനിയം ഹാന്‍ഡില്‍ ബാറെങ്കില്‍ 250യില്‍ സ്റ്റീലാണ്. ഗ്രാഫിക്‌സിലും നിറത്തിലുമാണ് പിന്നെ മാറ്റങ്ങളുള്ളത്.

സസ്‌പെന്‍ഷനാണെങ്കില്‍ മുന്നില്‍ 200എംഎം ട്രാവലും പിന്നില്‍ 205എംഎം ട്രാവലുമാണ്. മുന്നില്‍ 19 ഇഞ്ച് വീലും പിന്നില്‍ 17 ഇഞ്ച് വീലും നല്‍കിയിരിക്കുന്നു. 320എംഎം ഡിസ്‌ക് ബ്രേക്കാണ് മുന്നിലുള്ളത്. പിന്നിലാണെങ്കില്‍ 240 എഎം ഡിസ്‌ക് ബ്രേക്കും. പിന്നിലെ എബിഎസ് സ്വിച്ച് ഓഫ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും കെടിഎം 250 അഡ്വഞ്ചറില്‍ മാറ്റങ്ങളുണ്ട്. 390യിലേതു പോലെ ടിഎഫ്ടി ഡിസ്‌പ്ലേയാണ്(5 ഇഞ്ച്) 250 അഡ്വഞ്ചറിലും കെടിഎം നല്‍കിയിരിക്കുന്നത്.

2025 മോഡല്‍ അഡ്വഞ്ചര്‍ 390യിലും അഡ്വഞ്ചര്‍ 390 എക്‌സിലും കെടിഎം ഉപയോഗിച്ചിട്ടുള്ള പ്ലാറ്റ്‌ഫോം തന്നെയാണ് അഡ്വഞ്ചര്‍ 250യിലും ഉപയോഗിച്ചിരിക്കുന്നത്. എന്‍ജിന്‍ മുന്‍ഗാമിയുടേതു തന്നെ. 249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 31 എച്ച്പി കരുത്തും 25എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ട്രാന്‍സ്മിഷനാണ്. ക്വിക് ഷിഫ്റ്ററുണ്ട്. ഡൗണ്‍ ഷിഫ്റ്റിങിന് ക്ലച്ചിന്റെ സഹായം ആവശ്യമില്ല. 14.5 ലീറ്ററിന്റെയാണ് ഇന്ധന ടാങ്ക്. 227 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഓഫ് റോഡിങില്‍ ഏറെ ഗുണം ചെയ്യും.

‌399 സിസി എൻജിനാണ് അഡ്വഞ്ചര്‍ 390യിൽ ഉപയോഗിക്കുന്നത്.46 ബിഎച്ച്പി കരുത്തും 39 എൻഎം ടോർക്കുമുണ്ട്. ആറു സ്പീഡ് ഗിയർബോക്സ്. അതേ എൻജിൻ തന്നെയാണ് അഡ്വഞ്ചർ 390എക്സിലും ഉപയോഗിക്കുന്നത്. അഡ്വഞ്ചര്‍ 390യുടെ ലുക്കില്‍ എന്നാല്‍ കുറഞ്ഞ വിലയിലുള്ള വാഹനമാണ് അഡ്വഞ്ചര്‍ 250. നേരത്തെ 2.56 ലക്ഷം രൂപയായിരുന്നു അഡ്വഞ്ചര്‍ 250യുടെ വില.  1,999 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാനാവും. ഇലക്ട്രിക് ഓറഞ്ച്, സെറാമിക് വൈറ്റ് നിറങ്ങളിലാണ് 250 അഡ്വഞ്ചര്‍ എത്തുന്നത്.

content highlight: KTM new model