അംഗീകാരങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ധർമ്മയോദ്ധ എന്ന സംസ്കൃത ഫിലിം. zoe സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ ആൽവിൻ ജോസഫ് പുതുശ്ശേരി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശ്രുതി സൈമൺ എന്ന വനിതാ സംവിധായികയാണ്. സംസ്കൃത ഭാഷയിലെ ആദ്യ വനിത സംവിധായികയാണ് ശ്രുതി സൈമൺ. കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ധർമ്മയോദ്ധ നിരവധി അംഗീകാരങ്ങളാണ് നേടിയെടുത്തത്.
ബിയോൻഡ് ബോർഡർ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റീവലിൽ, ധർമ്മയോദ്ധയിലെ നായക നടൻ ആൽവിൻ ജോസഫ് പുതുശ്ശേരിയെ മികച്ച നടനായും, മികച്ച നടിയായി ഷെഫിൻ ഫാത്തിമയേയും തിരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ പനോരമയിലേക്ക് സെലഷൻ നേടിയ ചിത്രം, ബെസ്റ്റ് എക്സ്പെരിമെൻ്റൽ ഫിലിം അവാർഡ് നേടി. ജയ്പൂർ ഫിലിം ഫെസ്റ്റീവലിൽ വേൾഡ് ഫൈനലിസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂഡൽഹി ഫിലിം ഫെസ്റ്റിവൽ, ഇൻഡിക് ഫിലിം ഉത്സവ് എന്നിവയിലേക്കും തിരഞ്ഞെടുക്കപ്പെടുകയും, നിർമ്മാതാവിനുള്ള, ഐക്കോണിക് പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ് ആൽവിൻ ജോസഫ് പുതുശ്ശേരിക്ക് നേടിക്കൊടുക്കുകയും ചെയ്തു.
ഇമ്മാനുവേൽ എൻ.കെയുടെ മികച്ച തിരക്കഥയിലൂടെ, അനുകമ്പ, നീതി, വിദ്യാഭ്യാസം എന്നിവയുടെ സന്ദേശം ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു സിനിമ എന്ന നിലയിൽ ധർമ്മയോദ്ധ ഇന്ത്യൻ സിനിമാ ലോകത്ത് ഒരു ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്നു.
ഒരു സർവൈവൽ ത്രില്ലർ ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന ധർമ്മയോദ്ധ, സംസ്കൃതത്തിന്റെ പ്രാചീനമായ ക്ലാസിക്കൽ ഭാഷ, പുനരുജ്ജിവിപ്പിക്കുന്നതിനൊപ്പം, സാമൂഹിക പ്രശ്നങ്ങളിലേക്കും കടന്നു ചെല്ലുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (പെൺകുട്ടിയെ സംരക്ഷിക്കുക, പെൺകുട്ടിയെ പഠിപ്പിക്കുക) എന്ന ദേശീയ മുദ്രാവാക്യം തിലകക്കുറിയായി ഏറ്റെടുത്ത ചിത്രം, പ്രതിരോധം, നീതി, വിദ്യാഭ്യാസം എന്നിവയിൽ ഊന്നിയ കഥാതന്തുവാണ് അവതരിപ്പിക്കുന്നത്.
ഇന്ത്യാ, പാക്കിസ്ഥാൻ അതിർത്തിക്കടുത്ത്, ഭീകരാക്രമണത്തെ തുടർന്ന് വിമാനം തകരുന്നു. അതിൽ നിന്ന് രക്ഷപെട്ട ഇന്ത്യൻ എയർഫോഴ്സ് വിംഗ് കമാൻഡർ വിക്രം രാജ് പുത്തിന്റെ (ആൽവിൻ ജോസഫ് പുതുശ്ശേരി) അതിജീവന യാത്രയിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ ചുരുൾ നിവരുന്നത്. കമാൻഡറുടെ യാത്രയിലാണ്, വേദ എന്ന (ഷിഫിൻ ഫാത്തിമ) കാശ്മീരി പെൺകുട്ടിയെ കാണുന്നത്. അത് കമാൻഡറുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറുന്നു. ആയുധങ്ങളും, വെറുപ്പും ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നതിന് പകരം, അവരെ പഠിപ്പിക്കുകയും, സംരക്ഷിക്കുകയും ആണ് ചെയ്യേണ്ടതെന്ന്, കമാൻഡർ വിക്രം രാജ് പുത്ത്, തന്റെ ജീവിതത്തിലൂടെ കാണിച്ചു തരുന്നു. നീതിയുടേയും, മാനുഷിക മൂല്യത്തിന്റേയും, സംരക്ഷകനായ പോരാളിയായി കമാൻഡർ മാറുന്നു.
ആദ്യ സംസ്കൃത സിനിമ ഗാനം എന്ന് വിശേഷിപ്പിക്കാവുന്ന, മധു ബാലകൃഷ്ണൻ ആലപിച്ച പ്രീയസുതേ എന്ന ഗാനം ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. പൗരാണികതയും, ആധുനികതയും ഒന്നു പോലെ സന്നിവേശിപ്പിച്ചിരിക്കുന്ന ധർമ്മയോദ്ധ, സംസ്കൃത ഭാഷയെ സംരക്ഷിക്കാനും, ജനകീയമാക്കാനുമുള്ള, ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണെന്ന്, അധ്യാപിക കൂടിയായ സംവിധായിക ശ്രുതി സൈമൺ പറയുന്നു.
ഹിമാചൽ പ്രദേശിലെയും, കാശ്മീരിലെയും, അതി മനോഹരവും, വെല്ലുവിളി നിറഞ്ഞതുമായ പർവ്വതങ്ങളിലും, നദികളിലും, മഞ്ഞുമലകളിലുമായി, അതിശൈത്യവും, മരവിപ്പിക്കുന്ന കാറ്റും സഹിച്ചാണ്, ചിത്രത്തിന്റെ അണിയറക്കാർ ചിത്രം പൂർത്തിയാക്കിയത്.
ആൽവിൽ ജോസഫ് പുതുശ്ശേരി, ഷിഫിൻ ഫാത്തിമ, സജിത മനോജ്, ഷഫീക് റഹ്മാൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
zoe സിനിമാസ് ഇന്റർനാഷണലിനു വേണ്ടി ആൽവിൻ ജോസഫ് പുതുശ്ശേരി നിർമ്മിക്കുന്ന ധർമ്മയോദ്ധ, ശ്രുതി സൈമൺ സംവിധാനം ചെയ്യുന്നു. രചന – ഇമ്മാനുവേൽ എൻ.കെ, ഡി.ഒ.പി – ചിഞ്ചു ബാലൻ, എഡിറ്റർ- വിഗ്നേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനൂപ് ശാന്തകുമാർ, ഗാനരചന – ഹരികുമാർ അയ്യമ്പുഴ, സംഗീതം – സുരേഷ് ബാബു നാരായണൻ, വാവ നമ്പ്യാങ്കാവ്, ആലാപനം – മധു ബാലകൃഷ്ണൻ, ബി.ജി.എം – ശ്രീജിത്ത് പുതുശ്ശേരി, സംസ്കൃത പരിഭാഷ – സൈജു ജോർജ്, രാജേഷ് കാലടി, പി.ആർ. ഒ – അയ്മനം സാജൻ.