തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാലാനുവര്‍ത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്‍റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. കുറ്റിക്കോല്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച എട്ട് ക്ലാസ് മുറികളുടെയും അസംബ്ലി ഹാളിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ അക്കാദമിക് മികവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. പാഠ്യപദ്ധതി, പാഠപുസ്തക പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ മാത്രം ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് നാം തിരിച്ചറിയണം. ക്ലാസ് മുറികളില്‍ ഈ പരിഷ്‌കാരങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ഒരുപോലെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.
കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികള്‍, കൈറ്റിന്റെ ഡിജിറ്റയ്‌സേഷന്‍ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ആമുഖം എന്നിവയിലൂടെ, മൊത്തത്തിലുള്ള വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ പുരോഗതികള്‍ നാം കണ്ടിട്ടുണ്ട്. 2016 ല്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും വന്‍ മുന്നേറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റലൈസേഷന്‍ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ നിക്ഷേപം വ്യാപക പുരോഗതി സൃഷ്ടിച്ചു. എന്നാല്‍ അക്കാദമിക് മികവില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വിദ്യാഭ്യാസ രംഗത്ത് ഒരു സുസ്ഥിരമായ പാത സൃഷ്ടിക്കാന്‍ കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തനങ്ങള്‍ തുടരും. വിഷയ മിനിമം പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഇത് ഒരു സമഗ്രവും ശാസ്ത്രീയവുമായ വിദ്യാഭ്യാസവ്യവസ്ഥ സൃഷ്ടിക്കാന്‍ അവിശ്രമമായ ശ്രമങ്ങളുടെ തുടര്‍ച്ചയാണ്,’ മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, കാസര്‍കോട് ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.എന്‍ സരിത, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി.സവിത, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, പി.ഗോപാലന്‍ മാസ്റ്റര്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ബാലന്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ പി.മാധവന്‍, അശ്വതി അജികുമാര്‍, ശാന്ത പയ്യങ്ങാനം, വിവിധ സംഘടനാ-വ്യാപാരി വ്യവസായി പ്രതിനിധികളായ സി.രാമചന്ദ്രന്‍, കെ.തമ്പാന്‍, കെ.ബാലകൃഷ്ണന്‍, ദിലീപ് പള്ളഞ്ചി, കെ ദാമോദരന്‍ എം.കുഞ്ഞമ്പു, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പി.ഗോപിനാഥന്‍, ജി.എച്ച്.എസ് കുറ്റിക്കോല്‍ എസ്.എം.സി ചെയര്‍മാന്‍ സി.ബാലകൃഷ്ണന്‍, എം.പി.ടി.എ പ്രസിഡന്റ് ജി.രാഗിണി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.വിനോദ് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് രതീഷ്.എസ്, സ്‌കൂള്‍ ലീഡര്‍ പി.ഗോകുല്‍കൃഷ്ണ എന്നിവര്‍ സംസാരിച്ച പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ്,ജി.രാജേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.എസ് സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
content highlight : minister-v-sivankutty-announced-comprehensive-quality-plan-in-education-sector