തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കാൻസർ ചികിത്സയ്ക്കായി എത്തുന്ന രോഗികളെ മറ്റു സ്വകാര്യ ആശുപത്രികളിലേക്കും മറ്റു ജില്ലകളിലെ മെഡിക്കൽ കോളജുകളിലേക്കും അയക്കുന്നതായി പരാതി. കാൻസർ റേഡിയേഷൻ ചികിത്സയ്ക്കായി ഉള്ള രണ്ടു ഉപകരണങ്ങളിൽ ഒന്ന് കേടായത് അറ്റകുറ്റപ്പണി വൈകുന്നതാണ് പ്രശ്നം. ദിവസങ്ങളായി കേടായി കിടക്കുന്ന ഉപകരണം ആരോഗ്യവകുപ്പുമായി സഹകരിക്കുന്ന ഏജൻസിയാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഏജൻസിയെ വിവരം അറിയിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവർ ഇടപെടുന്നില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
രോഗികൾക്ക് റേഡിയേഷൻ ചികിത്സ നൽകാനായി ഉപയോഗിക്കുന്ന ത്രീഡൈമെൻഷൻ, ടു ഡൈമെൻഷൻ എന്നിങ്ങനെയുള്ള രണ്ടു ഉപകരണങ്ങളാണ് ഉള്ളത്. ഇതിൽ ത്രീ ഡൈമെൻഷൻ ഉപകരണം കേടായി. അറ്റകുറ്റപണിക്ക് 75 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഇത് ലഭിക്കാത്തതിനാലാണ് അറ്റകുറ്റപണി നടത്താത്തതെന്നും പരാതി ഉണ്ട്. മുൻപ് കേടായ ഉപകരണം അറ്റകുറ്റപണി നടത്താതെ വെറുതെ കിടന്ന് പ്രവർത്തനരഹിതമായിരുന്നു. ഒരു ദിവസം 30 ഓളം പേരാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്.
ഓരോരുത്തർക്കും റേഡിയേഷനായി 20 മിനിറ്റോളം എടുക്കും. ഉപകരണം കേടായതോടെ വരുന്നവരെ മുഴുവൻ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേക്കും മറ്റു ജില്ലകളിലെ സർക്കാർ മെഡിക്കൽ കോളജുകളിലേക്കുമാണ് അയക്കുന്നത്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് സൗകര്യം ഉള്ളവർക്ക് വലിയ തുക മുടക്കാതെ മറ്റിടങ്ങളിൽ ഈ ചികിത്സ നടത്താൻ സാധിക്കും. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നവരിൽ ഭൂരിപക്ഷത്തിനും ഇൻഷുറൻസ് സൗകര്യമില്ല. അതിനാൽ വലിയ തുക മുടക്കി റേഡിയേഷൻ ചികിത്സ നടത്തേണ്ടി വരുന്നു. ആശുപത്രിയിലെ ഉപകരണം കേടായതോടെ ഭൂരിപക്ഷത്തിന്‍റെയും ചികിത്സ മുടങ്ങി. ദിവസങ്ങളായി ചികിത്സ തേടി എത്തുന്നവരെ മടക്കി അയക്കുന്നതായാണ് വിവരം. അതേസമയം, ഏജൻസിയെ അറിയിച്ചതിനാൽ അവർ വന്ന് അറ്റകുറ്റപ്പണി നടത്തി ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു.