ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സൂക്ഷിക്കുന്ന മികച്ച ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനും ഏറെ സഹായകരമായിട്ടുണ്ട്.ഖത്തറിന്റെ മുൻ അമീർ ആയ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ രണ്ടാമത്തെ മകനാണ് തമീം അൽ താനി. 2013-ൽ അദ്ദേഹത്തിന്റെ പിതാവ് പിതാവ് സ്ഥാനത്യാഗം ചെയ്യുകയും തമീമിനെ ഖത്തറിന്റെ ഭരണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. 1980 ജൂൺ 3 ന് ഖത്തറിലെ ദോഹയിൽ വെച്ച് ജനിച്ച തമീം ബ്രിട്ടനിലെ ഷെർബോൺ സ്കൂളിലും ഹാരോ സ്കൂളിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹേഴ്സിൽ നിന്നും 1998 ൽ ബിരുദം നേടുകയും ചെയ്തു.
പഠനം പൂർത്തിയാക്കി ഖത്തറിലേക്ക് മടങ്ങിയെത്തിയ തമീമിനെ അദ്ദേഹത്തിന്റെ പിതാവ് ഖത്തർ സായുധ സേനയിൽ സെക്കൻഡ് ലെഫ്റ്റനന്റായി നിയമിച്ചു. കായിക രംഗത്തോട് ഏറെ ആഭിമുഖ്യമുള്ള ഭരണാധികാരിയാണ് ഖത്തർ അമീർ. അറബ് ലോകത്തിലെ ഏറ്റവും മികച്ച കായിക വ്യക്തിത്വം എന്നാണ് തമീം അൽ താനി അറിയപ്പെടുന്നത്. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഉൾപ്പെടെ ഖത്തറിനെ ലോകരാജ്യങ്ങൾക്കു മുൻപിൽ ഏറ്റവും മികച്ചതായി അവതരിപ്പിക്കാൻ തമീം അൽ താനി ശ്രമിച്ചു. കായികരംഗത്തോടുള്ള താൽപര്യം കാരണം 2004 ൽ അദ്ദേഹം ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് (ക്യുഎസ്ഐ) സ്ഥാപിച്ചു. പിന്നീട് 2011 ൽ ലോകപ്രശസ്ത ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ പാരീസ് സെന്റ്-ജെർമെയ്ൻ (പിഎസ്ജി) ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ഏറ്റെടുത്തു. പിന്നീട് 2023 ൽ, പോർച്ചുഗീസ് ക്ലബ്ബായ എസ്സി ബ്രാഗയിൽ 21.7% ഓഹരികളും ക്യുഎസ്ഐ സ്വന്തമാക്കിയിട്ടുണ്ട്.
ലോകത്തിൽ തന്നെ ഏറ്റവും വലിയ ആസ്തിയുള്ള രാജകുടുംബം ആയാണ് അൽ താനി കുടുംബം അറിയപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം അൽ-താനി കുടുംബത്തിന്റെ ആകെ ആസ്തി ഏകദേശം 335 ബില്യൺ ഡോളറാണ്. ഖത്തർ അമീർ തമീം അൽ താനിയുടെ വ്യക്തിഗത ആസ്തി 2.4 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 100 മുറികളുള്ളതും സ്വർണ്ണം കൊണ്ട് അലങ്കരിച്ചതുമായ ദോഹ റോയൽ പാലസിലാണ് ഖത്തർ ഭരണാധികാരിയുടെ താമസം. 500 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന ഗാരേജ് ഉൾപ്പെടെയുള്ളതാണ് ഈ ആഡംബര കൊട്ടാരം. നിരവധി ആഡംബര കാറുകൾക്ക് പുറമെ, 3000 കോടി രൂപയുടെ ഒരു ആഡംബര നൗകയും തമീം അൽ താനിയ്ക്കുണ്ട്. ദി കത്താറ എന്ന ഈ ആഡംബര നൗക ലോകത്തിലെ തന്നെ ഏറ്റവും സവിശേഷമായത് ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത് കൂടാതെ ഖത്തർ അമീറിനും രാജകുടുംബത്തിനും മാത്രം സേവനം നൽകുന്ന സ്വന്തം വിമാനക്കമ്പനിയും അദ്ദേഹത്തിന് ഉണ്ട്. ‘ഖത്തർ അമീരി എയർലൈൻസ്’ എന്ന ഈ വിമാന കമ്പനി ഖത്തർ രാജകുടുംബത്തിന്റെ ആവശ്യങ്ങൾക്കായി 1977 മുതൽ പ്രവർത്തിച്ചുവരുന്നതാണ്. വലിയ അളവിലുള്ള പ്രകൃതിവാതക, എണ്ണ ശേഖരം മൂലം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് ഖത്തർ.
STORY HIGHLIGHTS :Qatar emir wealth