‘ ഒരു മനോരോഗ ചികിത്സകനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചെന്നിരിക്കും. ഒരു ഭ്രാന്തനെപ്പോലെ, എന്റെ നകുലനു വേണ്ടി. അവന്റെ ഭാര്യയ്ക്കു വേണ്ടി. I am going to breakl all concepts of psychiatry’ എന്നൊരു ഡയലോഗ് മണിച്ചിത്ര താഴ് എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം തിലകന് അവതരിപ്പിച്ച തിരുമേനിയോടു പറയുന്നുണ്ട് ക്ലൈമാക്സില്‍. അതുപോലെ ഒരു ഡയലോഗാണ് ഇപ്പോള്‍ സി.പി.ഐ.എം എന്ന പാര്‍ട്ടിയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിക്കാന്‍ വേണ്ടി തയ്യാറാക്കിയ നയരേഖയില്‍ പറയുന്നത്. ഇതുവരെ എന്തു പറഞ്ഞിരുന്നുവോ അതെല്ലാം അസാധുവാണെന്ന് പ്രഖ്യാപിക്കുകയും, ഇനി പോകേണ്ട വഴിയെന്താണെന്ന് പറയാതിരിക്കുകയും ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെ ആ സിനിമാ ഡയലോഗല്ലാതെ മറ്റെന്താണ് സി.പി.എം ഉദ്ദേശിക്കുന്നത് എന്നതാണ് പ്രശ്നം.
ഫാഷിസം എന്ന പദം തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് സി.പി.എമ്മാണെന്ന് പറയാതെവയ്യ. അതും ഹിന്ദു ഫാഷിസ്റ്റുകള്‍ക്കു നേരെയാണ്. അതായത്, സംഘ പരിവാരങ്ങള്ക്കെതിരേ. ആര്.എസ്.എസ്. എന്ന സംഘടനയ്ക്കു നേരെയും ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിക്കു നേരെയും ആവോളം ഉപയോഗിച്ചിട്ടുണ്ട് ഈ ഫാഷിസം. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ ഫാഷിസം എന്ന പദം സി.പി.എം ഉപേക്ഷിക്കുമെന്നുറപ്പായി കഴിഞ്ഞു. ഇന്ത്യയില്‍ ആരാണ് ഫാഷിസ്റ്റ് എന്നതില്‍ ഇനിയാണ് സി.പി.എം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നത്. നിലവില്‍ സി.പി.എം ഫാഷിസ്റ്റായി പറഞ്ഞിരുന്നവര്‍ ഫാഷിസ്റ്റുകള്‍ അല്ലാതാകുമ്പോള്‍, അല്ലെങ്കില്‍ അവരെ മാമോദീസ മുക്കി അല്ലാതാക്കുമ്പോള്‍, ആരാണ് പുതിയ ഫാഷിസ്റ്റുകളെന്ന് സി.പി.എം തന്നെ പറയേണ്ടി വരും.
ഫാഷിസ്റ്റായ നരേന്ദ്രമോദിയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദജിക്കില്ലെന്ന ഒരു പ്രഖ്യാപനവും ബിന്ദു വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുമെന്നുമുള്ള ഗീര്‍വാണങ്ങളും നിര്‍ലോഭം പറഞ്ഞിരുന്നവരാണ് ഇടതുപക്ഷത്തിന്റെ മുന്‍നിരയിലുള്ളവര്‍. അവരെല്ലാം ഇപ്പോള്‍ നരേന്ദ്രമോദി എന്ന ഫാഷിസ്റ്റിനെ പ്രധാനമന്ത്രീ എന്നു വിളിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായും, ഇനിയും നരേന്ദ്രമോദിയെ പ്രധാനമന്ത്രീ എന്നു വിളിക്കേണ്ട അവസ്ഥയാണ് ഉള്ളതും. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഭാവി എങ്ങനെ മാറ്റണമെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. അതാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് വരെ കാക്കുന്നത്. വരാനിരിക്കുന്ന കാലത്ത്, ഇടതിന്റെ പ്രവര്‍ത്തനം തീവ്രവാദത്തിന്റെ പശ്ചാത്തലത്തിലേക്ക് മാറ്റപ്പെടുമോയെന്ന ആശങ്ക തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ബി.ജെ.പി അധികാരത്തിലിരിക്കുമ്പോള്‍ ഇടതു വിപ്ലവങ്ങള്‍ക്ക് ക്രമേണ പ്രസക്തി നഷ്ടമാകും.
ഇന്ത്യയിലെ ആദ്യ ജനകീയ മന്ത്രിസഭ രൂപീകരിച്ച ഇടതുപക്ഷം അന്നത്തെ കേന്ദ്രത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസിന്റെ പിന്മുറയായേ കണക്കാക്കാന്‍ കഴിയൂ. കോണ്‍ഗ്രസില്‍ നിന്നുമാണ് കമ്യൂണിസ്റ്റുകാരുണ്ടായത്. അല്ലാതെ ബി.ജെ.പിയില്‍ നിന്നല്ല. അതുകൊണ്ട് കോണ്‍ഗ്രസ് ഭരണകാലത്തുള്ള ഇടതു ചിന്തകളൊന്നും ബി.ജെ.പി കാലത്തുണ്ടാകില്ല. അതിന് അനുവദിക്കുകയുമില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷകനായി അഴതാരമെടുക്കുകയും, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ഒടുവില്‍ അദികാരത്തിലെത്തിയപ്പോള്‍ വര്ഗീയതയുയെയും ഫാഷിസത്തിന്റെയും വക്താക്കളുടെ ന്യായീകരണക്കാരാവുകയും ചെയ്തിരിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ ക്ലാസിക് ഫാഷിസ്റ്റുകളുമല്ല നവ ഫാഷിസ്റ്റുകളുമല്ല, ഇങ്ങനെ പോയാല്‍ അവര്‍ അങ്ങനെ ആകാനുള്ള സാധ്യതയുണ്ടെന്നുമുള്ള സി.പി.എം നയരേഖ ബ്രാഹ്മണ്യത്തോടുള്ള വിധേയത്വം കൂടുതല്‍ പ്രകടമാക്കുന്നതാണോ എന്നാണ് സംശയം.
ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥയെ വിശകലനം ചെയ്യുന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. വംശീയ ഉന്മൂലനലക്ഷ്യം മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാഷിസ്റ്റ് സംഘടനയാണ് ആര്.എസ്.എസ് എന്ന് നാഴ്കയ്ക്ക് നാല്‍പ്പതു വട്ടം വിളിച്ചു കൂടിയ ഇടതുപക്ഷത്തിന്റെ വ്യതിയാനം ഞെട്ടിക്കുന്നതാണ്. അവരുടെ നേതൃത്വത്തില്‍ നൂറു വര്‍ഷം പിന്നിടുന്ന ഇന്ത്യയിലെ ഫാഷിസ്റ്റ് ആശയഗതി അധികാര ലബ്ദിക്കുശേഷം പത്തു വര്‍ഷം പിന്നിടുമ്പോള്‍ സമ്പൂര്‍ണമായ സമഗ്രാധിപത്യത്തിലേക്ക് രാജ്യത്തെ പരിവര്‍ത്തനപ്പെടുത്തുന്ന ഘട്ടത്തിലാണ് ഇപ്പോള്‍. ഇനിയും പത്തുവര്‍ഷം നിരന്തരം ഭരിക്കാനായാല്‍ ഫാഷിസം എന്താണെന്ന് കൃത്യമായും വ്യക്തമായും കാട്ടിത്തരികയും ചെയ്യും.
ഒറ്റ രാജ്യം, ഒരു ജനത, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു തിരഞ്ഞെടുപ്പ് എന്ന രീതിയില്‍ ആര്.എസ്.എസ്സിന്റെ പ്രഖ്യാപിതമായ മനുസ്മൃതിയന്‍ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും അവരോട് ഇന്ത്യയിലെ സി.പി.എമ്മിന്റെ നിലപാട് വസ്തുനിഷ്ടമല്ല എന്നതുകൊണ്ടു തന്നെ അത് പരിഹാസ്യമാണ്. അധികാരം നേടിയശേഷം സംഘപരിവാര്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉയര്‍ത്തിക്കൊണ്ടുവന്ന മുഴുവന്‍ പരിഷ്കരണങ്ങളും പ്രബല ന്യൂനപക്ഷങ്ങളെയും ദലിതരെയും പാര്ശ്വവല്കൃതരെയും ഇന്ത്യയില്‍ അടിച്ചമര്‍ത്താനും ഉന്മൂലനം ചെയ്യാനുമുള്ള പദ്ധതികളാണ് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. മനുസ്മൃതി വിഭാവനം ചെയ്യുന്ന ജീര്‍ണമായ പൗരാണിക ചാതുര്‍വര്‍ണ്യ സാമൂഹിക വ്യവസ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുന്നതിന് ഹിന്ദുത്വമെന്ന് അവര്‍ വിളിക്കുന്ന ബ്രാഹ്മണ്യ കേന്ദ്രീകൃതമായ ഫാഷിസത്തിലേക്കുള്ള ചുവടുവെപ്പാണെന്നതിന്റെ ലക്ഷണങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് നയരേഖ ഇന്ത്യന്‍ ഫാഷിസത്തിനെതിരേ ഉയരുന്ന ബഹുജന്‍ സംഘാടനങ്ങളെ നേര്‍പ്പിച്ചു കളയാനും അതിനെ ദുര്‍ബലമാക്കാനും ഉള്ളതാണ്. മറിച്ചൊരു സമീപനം ആര്.എസ്.എസ്സിനോടും അവരുടെ ഭരണകൂടത്തിന്റെയും സൈനീക ബലത്തിന്റെയും പേരില്‍ നടക്കുന്ന കൂട്ടക്കുരുതികള്‍ക്കും വംശഹത്യകള്‍ക്കും എതിരെയുള്ള പോരാട്ടമാണ് സി.പി.എം നിലപാടെങ്കില്‍ അതിനെ ഐക്യപ്പെടുത്താനായിരുന്നു അവര്‍ ശ്രമിക്കേണ്ടിയിരുന്നത്. സി.പി.എമ്മിന് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും അധികാരമില്ലാത്ത സ്ഥിതിയില്‍ കേരളത്തില്‍ മാത്രമെങ്കിലും നിലനില്ക്കണമെന്ന രാഷ്ട്രീയ സ്വാര്‍ഥേമാഹം മാത്രം ലക്ഷ്യം വെച്ച് ആര്.എസ്.എസ്സുമായി ഒത്തുപോകാനുള്ള അടവുനയമാണിത്.
ആര്.എസ്.എസ് ഒരു ഫാഷിസ്റ്റ് സംഘടനയല്ലെന്ന അഭിപ്രായം സിപിഎമ്മിനുണ്ടോ എന്ന് അവര്‍ വ്യക്തമാക്കണമെന്നാണ് ചില സംഘടനകളുടെ ആവശ്യം. ആര്.എസ്.എസ്സിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ പ്രവര്‍ത്തനം കലാപങ്ങളുടെയും വംശഹത്യകളുടെയും അക്രമങ്ങളുടെയും ചരിത്രമല്ല എന്നു പറയാന്‍ സി.പി.എമ്മിനു കഴിയുമോ എന്നതും ചോദ്യമാണ്. 2014ല്‍ അധികാരത്തിലെത്തിയ ശേഷം അവര്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലന പദ്ധതികളെക്കുറിച്ച് സി.പി.എമ്മിന് ഇനിയും സംശയമുണ്ടെന്നാണോ പറയുന്നത്. രാജ്യത്തിന്റെ സകല സംവിധാനങ്ങളെയും കൈപ്പിടിയിലൊതുക്കി രാജ്യം ഏതു നിമിഷവും ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിലേക്ക് ചെന്നെത്തും എന്ന സന്ദിഗ്ധ ഘട്ടത്തിലെങ്കിലും സി.പി.എമ്മിന്് യാഥാര്‍ഥ്യ ബോധം ഉണ്ടാവുന്നില്ലെങ്കില്‍ അവര്‍ സംഘപരിവാരവും അവര്‍ പ്രതിനിധാനം ചെയ്യുന്ന ബ്രാഹ്മണിസവുമായി സന്ധിയായിരിക്കുകയാണ് എന്നു പറയേണ്ടിവരും. ചെങ്കൊടി കാവിയാകാന്‍ എത്ര സമയം വേണമെന്നതാണ് ചോദ്യമായി ഉയരുന്നത്.
CONTENT HIGH LIGHTS; What is fascism according to the CPM manifesto?: Who are the fascists in India?; The Left’s Loyalty to Brahminism?; What is the Left’s strategy in the country?