മനുഷ്യരെപോലെയിരിക്കുന്ന റോബോട്ടുകളെ സിനിമകളിലെല്ലാം കണ്ട് സുപരിചിതമാണ്. പല വിദേശരാജ്യങ്ങളിലും പരീക്ഷണടിസ്ഥാനത്തിൽ ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകളെക്കൊണ്ട് മനുഷ്യരുടെ ചില ജോലികൾ ചെയ്യിപ്പിക്കുന്നതിന്റെ വീഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ, സാധാരണ ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന ജോലികൾ റോബോട്ടുകളും ചെയ്തു തുടങ്ങിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. മനുഷ്യരെ പോലെ തന്നെ എല്ലാ കാര്യങ്ങളും ചെയ്യാനായി ഇവർക്കാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മനുഷ്യരെപ്പോലെ നടക്കാനും തിരിയാനും വളയാനും സാധനങ്ങൾ എടുക്കാനും കഴിയുന്ന എജിലിറ്റി റോബോട്ടിക്‌സ് നിർമ്മിച്ച ”ഡിജിറ്റ്” എന്ന് പേരിട്ട രണ്ട് യന്ത്ര മനുഷ്യർ ഇപ്പോൾ അമേരിക്കയിലെ ഗയാനയിൽ ഒരു വെയർഹൗസിൽ ജോലി ആരംഭിച്ചിരിക്കുകയാണ്. എഐ തലച്ചോറുകളാണ് ഈ റോബോട്ടുകളുടേത്. സെൻസറുകളുടെ സഹായത്തോടെ ഇവയ്ക്ക് സ്വയം തീരുമാനങ്ങളെടുക്കാനും സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മെറ്റ, യൂണിട്രീ റോബോട്ടിക്‌സ്, ഫിഗർ എഐ തുടങ്ങിയ കമ്പനികൾ ഈ രംഗത്ത് വലിയ നിക്ഷേപം നടത്തുന്നുണ്ട്.
വീട്ടുജോലികൾ ചെയ്യാനും, മറ്റ് കാര്യങ്ങളിൽ സഹായിക്കാനും കഴിയുന്ന റോബോട്ടുകളെ വികസിപ്പിക്കാനാണ് ഈ കമ്പനികൾ ലക്ഷ്യമിടുന്നത്. വെയർഹൗസുകളിൽ മാത്രമല്ല, ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ഫാക്ടറികൾ, കൃഷി തുടങ്ങി വിവിധ മേഖലകളിലും വലിയ സാധ്യതകളുണ്ട്. ഭാവിയിൽ ആരോഗ്യ സംരക്ഷണം മുതൽ വിദ്യാഭ്യാസം വരെ നമ്മുടെ ജീവിതത്തിന്റെ വിവിധ തലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് കഴിയും എന്നാണ് പഠനങ്ങൾ പറയുന്നത്.
STORY HIGHLIGHTS: Humanoid robots take over human jobs; start working in warehouses