Kerala

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ഉത്സവത്തിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ ദേശങ്ങളിൽ നിന്നും അലങ്കരിച്ച വിളക്കുകെട്ടുകളും ഇന്നു മുതൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. 13-നാണ് പ്രശസ്തമായ പൊങ്കാല. പൊങ്കാല മഹോത്സവത്തിന്‍റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. പൊങ്കാല ദിവസം കെഎസ്ആർടിസി 700 സർവീസുകൾ നടത്തും.